ADVERTISEMENT

കറാച്ചി∙ പാക്കിസ്ഥാന്റെ മുൻ നായകനും ഇപ്പോൾ പരിശീലകനുമായ മിസ്ബ ഉൾ ഹഖിനെ ‘പാവങ്ങളുടെ എം.എസ്. ധോണി’ എന്ന് വിശേഷിപ്പിച്ച് പാക്കിസ്ഥാന്റെ തന്നെ മുൻ താരവും ഇപ്പോൾ കമന്റേറ്ററുമായ റമീസ് രാജ. ഇന്ത്യൻ ക്യാപ്റ്റനായിരുന്ന ധോണിയുടെ പ്രധാന സവിശേഷതയായി വിശേഷിപ്പിക്കപ്പെടുന്ന ഏത് പ്രതിസന്ധി ഘട്ടവും ശാന്തമായി കൈകാര്യം ചെയ്യാനുള്ള കഴിവ് മിസ്ബയ്ക്കുമുണ്ടെന്ന് റമീസ് രാജ ചൂണ്ടിക്കാട്ടി. അതേസമയം, പരിശീലകനെന്ന നിലയിൽ ഏറ്റവും പുതിയ രീതികൾ അവംലബിച്ചാലേ ടീമിനെ വിജയകരമായി മുന്നോട്ടു നയിക്കാൻ മിസ്ബയ്ക്ക് സാധിക്കൂ എന്നും റമീസ് രാജ അഭിപ്രായപ്പെട്ടു.

‘മിസ്ബ വളർന്ന സാഹചര്യങ്ങളും ലഭിച്ച പരിശീലനവും വ്യത്യസ്തമാണ്. അദ്ദേഹത്തെ ‘പാവങ്ങളുടെ എം.എസ്. ധോണി’ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം. ധോണിയും കളിക്കളത്തിലോ പുറത്തോ വൈകാരികമായി പ്രതികരിക്കുന്ന വ്യക്തിയായിരുന്നില്ല. മിസ്ബയും സമാന ശൈലി സ്വീകരിക്കുന്ന ആളാണ്. എങ്കിലും ഇപ്പോൾ കുറച്ചുകൂടി ആധുനിക ചിന്തയിലേക്കും ശൈലിയിലേക്കും അദ്ദേഹം മാറേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു’ – റമീസ് രാജ പറഞ്ഞു.

‘ആക്രമണോത്സുകതയാണ് പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ മുഖമുദ്ര. പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ദിശാസൂചി ശരിയായി ക്രമീകരിക്കുന്നതിന് പുതിയൊരു ശൈലി സ്വീകരിക്കാൻ മിസ്ബ തയാറാകണം. നമ്മൾ ഒരു മത്സരം തോൽക്കുമ്പോൾ മിസ്ബ സ്വീകരിക്കുന്ന ശൈലി ശരിയല്ല. നമ്മുടെ താരങ്ങൾ മികച്ചവരെങ്കിൽ തിരിച്ചടികളെ നാം ഭയപ്പെടാനേ പാടില്ല’ – റമീസ് രാജ പറഞ്ഞു.

English Summary: 'Misbah-ul-Haq is poor man's MS Dhoni': Former Pakistan batsman Ramiz Raja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com