ADVERTISEMENT

മുംബൈ∙ കോവിഡ് ബാധിക്കുന്നവർ അക്കാര്യം ലോകത്തിനു മുന്നിൽ പരസ്യമായി പ്രഖ്യാപിക്കുന്നതിന് എന്തിനെന്ന ചോദ്യവുമായി രംഗത്തെത്തിയ ഇംഗ്ലണ്ടിന്റെ മുൻ താരം കെവിൻ പീറ്റേഴ്സൻ വിവാദത്തിൽ. ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ തനിക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെ പീറ്റേഴ്സൻ ഇത്തരമൊരു ചോദ്യമുയർത്തിയതാണ് വിവാദമായത്. പീറ്റേഴ്സൻ ഈ ചോദ്യമുന്നയിച്ച സമയത്തിലെ പ്രശ്നം പരോക്ഷമായി സൂചിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് രംഗത്തെത്തിയതോടെ, സച്ചിന് കോവിഡ് ബാധിച്ച വിവരം അറിഞ്ഞിരുന്നില്ലെന്ന് പീറ്റേഴ്സൻ വിശദീകരിച്ചു.

കോവിഡ് ബാധിക്കുന്നവർ അക്കാര്യം പരസ്യമായി പ്രഖ്യാപിക്കുന്ന രീതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇതേക്കുറിച്ച് പീറ്റേഴ്സൻ ചോദ്യമുയർത്തിയത്. ‘നിങ്ങൾക്ക് കോവിഡ് ബാധിച്ചതായി ലോകത്തിനു മുന്നിൽ വിളിച്ചുപറയുന്നത് എന്തുകൊണ്ടാണെന്ന് ആരെങ്കിലും എനിക്കൊന്നു പറഞ്ഞു തരാമോ?’ – എന്നതായിരുന്നു പീറ്റേഴ്സന്റെ ട്വീറ്റ്.

കോവിഡ് ബാധിച്ച വിവരം സൂപ്പർതാരം സച്ചിൻ െതൻഡുൽക്കർ പരസ്യമാക്കിയതിനു പിന്നാലെയാണ് പീറ്റേഴ്സന്റെ ചോദ്യമെന്നത് ആരാധകരെ അമ്പരപ്പിച്ചു. ശനിയാഴ്ച രാവിലെ 10.16നാണ് കോവിഡ് ബാധിച്ച വിവരം സച്ചിൻ ട്വീറ്റ് ചെയ്തത്. പീറ്റേഴ്സന്റെ ചോദ്യമെത്തിയത് ഉച്ചകഴിഞ്ഞ് 2.21നും. ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ് ഇക്കാര്യം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. പീറ്റേഴ്സന്റെ ട്വീറ്റിന് യുവരാജ് നൽകിയ കമന്റ് ഇങ്ങനെ:

‘അതേക്കുറിച്ച് ഇപ്പോൾ ചിന്തിക്കാൻ കാരണമെന്താണ്? ഇതുവരെ അങ്ങനെയൊരു ചിന്ത തോന്നിയിരുന്നില്ലേ?’ – യുവരാജ് കുറിച്ചു. ഇതോടെയാണ് സച്ചിന് കോവിഡ് ബാധിച്ച വിവരം ഇപ്പോൾ മാത്രമാണ് അറിയുന്നതെന്ന് പീറ്റേഴ്സൻ വിശദീകരിച്ചത്.

‘സച്ചിന് കോവിഡ് ബാധിച്ച വിവരം അൽപം മുൻപാണ് അറിഞ്ഞത്. സോറി സച്ചിൻ. എത്രയും വേഗം സുഖമാകട്ടെ’ – പീറ്റേഴ്സൻ ട്വീറ്റ് ചെയ്തു.

English Summary: Kevin Pietersen faces criticism for COVID-related tweet hours after Tendulkar announced positive test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com