കപ്പോ കോവിഡോ? പടിക്കലിനും കോവിഡ്; താരങ്ങൾക്ക് വാക്സിനേഷൻ പരിഗണനയിൽ
Mail This Article
മുംബൈ ∙ വെളളിയാഴ്ച തുടങ്ങാനിരിക്കുന്ന ഐപിഎൽ ട്വന്റി20 ക്രിക്കറ്റിന്റെ 14–ാം സീസണ് ആശങ്കയായി വീണ്ടും കോവിഡ് കേസുകൾ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ജീവനക്കാർക്കും ഡൽഹി ക്യാപിറ്റൽസ് താരം അക്ഷർ പട്ടേലിനും പിന്നാലെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിനും കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ, ഐപിഎൽ മത്സരങ്ങൾ മുടങ്ങില്ലെന്നാണു ബിസിസിഐ നിലപാട്.
മുംബൈയിലെ മത്സരങ്ങൾ മാറ്റുകയാണെങ്കിൽ ഹൈദരാബാദിൽ സൗകര്യമൊരുക്കാമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ മുഹമ്മദ് അസ്ഹറുദ്ദീൻ അറിയിച്ചു. വെളളിയാഴ്ച ചെന്നൈയിലാണ് ഐപിഎലിനു തുടക്കം. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടുന്ന നേരിടുന്ന ബാംഗ്ലൂർ ടീമിലെ പ്രധാന താരങ്ങളിലൊരാളായ ദേവ്‌ദത്തിന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ദേവ്ദത്ത് ഐസേലേഷനിലാണ്.
മുംബൈയിലെ കോവിഡ് കേസുകൾ വർധിക്കുകയണെങ്കിലും വേദിമാറ്റത്തെക്കുറിച്ച് ബിസിസിഐ ഇപ്പോഴും ആലോചിച്ചിട്ടില്ല. ടീമുകൾ ജൈവ സുരക്ഷാവലയത്തിൽ ആയതിനാൽ ലോക്ഡൗൺ പ്രഖ്യാപിച്ചാൽ പോലും മത്സരങ്ങൾ നടത്താമെന്നാണ് നിലപാട്. കളിക്കാർക്കെല്ലാം വാക്സീൻ നൽകുന്ന കാര്യം പരിഗണനയിലാണെന്നും ഇക്കാര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെടുമെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.
മുംബൈയ്ക്കു പകരം റിസർവ് വേദികളായി ഇൻഡോറും ഹൈദരാബാദും പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണ് അസ്ഹറുദ്ദീൻ രംഗത്തെത്തിയത്. ഐപിഎലിലെ 10 മത്സരങ്ങളാണ് മുംബൈയിൽ നടക്കേണ്ടത്. ചെന്നൈ, ബാംഗ്ലൂർ, അഹമ്മദാബാദ്, ന്യൂഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലാണ് മറ്റു വേദികൾ.
English Summary: Covid scare hits Indian Premier League