ADVERTISEMENT

മുംബൈ ∙ ഇംഗ്ലിഷ് താരം ജോഫ്ര ആർച്ചറിന്റെ പരുക്കുമൂലം വലയുന്ന രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടിയായി മറ്റൊരു ഇംഗ്ലിഷ് താരം ബെൻ സ്റ്റോക്സും പരുക്കേറ്റ് ടീമിനു പുറത്ത്. സീസണിലെ ആദ്യ മത്സരത്തിൽ ഫീൽഡിങ്ങിനിടെ കൈവിരലിനു പരുക്കേറ്റതോടെ ബെൻ സ്റ്റോക്സിന് ഐപിഎലിലെ ഇനിയുള്ള മത്സരങ്ങളെല്ലാം നഷ്ടമാകും. ചികിൽസയ്ക്കായി സ്റ്റോക്സ് ഇംഗ്ലണ്ടിലേക്കു മടങ്ങുമെന്ന് ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നാലെ രാജസ്ഥാൻ റോയൽസ് ടീം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

പഞ്ചാബ് കിങ്സിനെതിരായ ആദ്യ മത്സരത്തിൽ ക്രിസ് ഗെയ്‌ലിന്റെ ക്യാച്ചെടുക്കുന്നതിനിടെയാണ് സ്റ്റോക്സിനു പരുക്കേറ്റത്. മത്സരത്തിൽ ഒരോവർ മാത്രമാണ് സ്റ്റോക്സ് എറിഞ്ഞത്. ബാറ്റിങ്ങിൽ റണ്ണൊന്നുമെടുക്കാതെ പുറത്താവുകയും ചെയ്തു. ക്യാപ്റ്റൻ സഞ്ജു സാംസൺ തകർപ്പൻ സെഞ്ചുറിയുമായി തിളങ്ങിയിട്ടും മത്സരം രാജസ്ഥാൻ നാലു റൺസിന് തോൽക്കുകയും ചെയ്തു.

ആർച്ചറിനു പിന്നാലെ ബെൻ സ്റ്റോക്സും പരുക്കേറ്റ് പുറത്തായത് ഈ സീസണിൽ രാജസ്ഥാന്റെ സാധ്യതകളെ കാര്യമായി ബാധിക്കും. ആർച്ചർ ശസ്ത്രക്രിയയ്ക്കു ശേഷം പരിശീലനം പുനരാരംഭിച്ചെങ്കിലും ഉടൻ ടീമിനൊപ്പം ചേരാനിടയില്ല. ഈ സീസണിൽ രാജസ്ഥാൻ ടീമിൽ സ്ഥിരസാന്നിധ്യങ്ങളാകേണ്ടിയിരുന്ന രണ്ടു പേരാണ് പരുക്കേറ്റ് പുറത്തായിരിക്കുന്നത്.

ജോസ് ബട്‌ലർ, ക്രിസ് മോറിസ് എന്നിവരാണ് ഇനി രാജസ്ഥാൻ നിരയിൽ സ്ഥാനമുറപ്പുള്ള രണ്ട് വിദേശികൾ. ലിയാം ലിവിങ്സ്റ്റൺ, ഡേവിഡ് മില്ലർ, മുസ്താഫിസുർ റഹ്മാൻ, ആന്‍ഡ്രൂ ടൈ എന്നിവരിൽനിന്നാണ് ബാക്കി രണ്ടുപേരെ കണ്ടെത്തേണ്ടത്. ഇതിൽ മുസ്താഫിസുർ ആദ്യ മത്സരത്തിൽ കളിച്ചിരുന്നു. ടോപ് ഓർഡർ ബാറ്റ്സ്മാനായും പാർട്ട് ടൈം ഓഫ് സ്പിന്നറായും ഉപയോഗിക്കാവുന്ന ഇംഗ്ലിഷ് താരം ലിയാം ലിവിങ്സ്റ്റണാകും സ്റ്റോക്സിന്റെ പകരക്കാരൻ. അതേസമയം, സ്റ്റോക്സിനു പകരം ടീമിനു പുറത്തുനിന്ന് ഒരാളെ കണ്ടെത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

English Summary: Broken finger rules Ben Stokes out of remainder of IPL 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com