ADVERTISEMENT

മുംബൈ∙ എന്തുകൊണ്ട് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളാകുന്നു എന്ന ചോദ്യത്തിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഒരിക്കൽക്കൂടി ‘വൈറൽ ഉത്തര’വുമായി ചെന്നൈ സൂപ്പർ കിങ്സ് താരം രവീന്ദ്ര ജഡേജ. പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ പോരാട്ടത്തിലാണ് തകർപ്പൻ ഫീൽഡിങ്ങുമായി ജഡേജ കളംനിറഞ്ഞത്. കെ.എൽ. രാഹുലും ക്രിസ് ഗെയ്‍ലും നിക്കോളാസ് പുരാനും ഉൾപ്പെട്ട പഞ്ചാബ് നിരയെ ചെന്നൈ 106 റൺസിൽ ഒതുക്കിയത് ജഡേജയുടെ ഫീൽഡിങ് മികവിന്റെ കൂടി ബലത്തിലാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിനെ രണ്ടാം ഓവറിലാണ് ജഡേജ ആദ്യം ഞെട്ടിക്കുന്നത്. ആദ്യ ഓവറിൽത്തന്നെ മായങ്ക് അഗർവാളിനെ നഷ്ടമായതിന്റെ ക്ഷീണത്തിലായിരുന്ന പഞ്ചാബിനെ, തൊട്ടടുത്ത ഓവറിൽ ക്യാപ്റ്റനെയും മടക്കിയാണ് ജഡേജ കൂടുതൽ തകർച്ചയിലേക്ക് തള്ളിയിട്ടത്.

വെറുമൊരു ഔട്ട് എന്നതിനേക്കാൾ പഞ്ചാബിന്റെ മനസ്സിടിച്ചുകളഞ്ഞ ഔട്ടായിരുന്നു രാഹുലിന്റേത്. ദീപക് ചാഹറിന്റെ പന്തിൽ സിംഗിളിനുള്ള ഗെയ്ൽ – രാഹുൽ സഖ്യത്തിന്റെ ശ്രമമാണ് ഔട്ടിൽ കലാശിച്ചത്. ഗെയ്ൽ ബാക്ക്‌വേഡ് പോയിന്റിലേക്ക് തട്ടിയിട്ട പന്ത് ഓടിയെത്തിയ ജഡേജ കോരിയെടുത്ത് സ്റ്റംപിലേക്ക് നീട്ടിയെറിഞ്ഞു. പന്ത് സ്റ്റംപിളക്കി പറക്കുമ്പോൾ ക്രീസിന് വെളിയിലായിരുന്നു രാഹുൽ. ഇതോടെ രണ്ടിന് 16 റൺസ് എന്ന നിലയിലായി പഞ്ചാബ്.

പിന്നീട് ക്രിസ് ഗെയ്‍ലിനെ പുറത്താക്കാൻ ജഡേജ പറന്നെടുത്ത ക്യാച്ചും ശ്രദ്ധേയമായി. അക്കൗണ്ട് തുറക്കും മുൻപേ ആദ്യ ഓവറിൽ ഗെയ്‍ൽ നൽകിയ ക്യാച്ച് അവസരം ബാക്ക്‌വേഡ് പോയിന്റിൽ ഋതുരാജ് ഗെയ്കവാദ് കൈവിട്ടിരുന്നു. എന്നാൽ, അഞ്ചാം ഓവറിൽ ദീപക് ചാഹറിന്റെ പന്തിൽ ഗെയ്ൽ നൽകിയ രണ്ടാമത്തെ അവസരം ജഡേജ പാഴാക്കിയില്ല. വലതുവശത്തേക്ക് മുഴുനീളെ ഡൈവ് ചെയ്ത് ജഡേജ പന്ത് കയ്യിലൊതുക്കി. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എന്ന നിലയിൽ തകർന്ന പഞ്ചാബിന് തിരിച്ചുവരവ് സാധ്യമായില്ല. പിന്നീട് ചെന്നൈ നിരയിലെ ടോപ് സ്കോറർ ഷാരൂഖ് ഖാനെ ക്യാച്ചെടുത്ത് പുറത്താക്കിയതും ജഡേജ തന്നെ.

English Summary: A direct-hit and a diving catch - Ravindra Jadeja shows why he is India's best fielder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com