ADVERTISEMENT

മുംബൈ∙ ഐപിഎൽ 14–ാം സീസണിലെ ആവേശപ്പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതിനു പിന്നാലെ, ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തിനു പിണഞ്ഞ ഒരു അബദ്ധം ചൂണ്ടിക്കാട്ടി മുഖ്യ പരിശീലകൻ റിക്കി പോണ്ടിങ്. ഡൽഹി നിരയിലെ ഏക സ്പെഷലിസ്റ്റ് സ്പിന്നറായിരുന്ന അശ്വിനെ വേണ്ടവിധം ഉപയോഗിക്കുന്നതിൽ വന്ന പാളിച്ചയാണ് മത്സരശേഷം പോണ്ടിങ് ചൂണ്ടിക്കാട്ടിയത്. മത്സരത്തിലാകെ മൂന്ന് ഓവർ ബോൾ ചെയ്ത അശ്വിൻ ആകെ വഴങ്ങിയത് 14 റൺസ് മാത്രമാണ്. ഒരു ബൗണ്ടറി പോലും വിട്ടുകൊടുക്കാതെയാണിത്. എന്നിട്ടും അശ്വിന് നാലാമത്തെ ഓവർ നൽകാതിരുന്നത് തിരിച്ചടിയായെന്നാണ് പോണ്ടിങ്ങിന്റെ നിരീക്ഷണം.

നേരത്തെ, അവസാന ഓവറുകളിൽ രാജസ്ഥാന്റെ ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ് നടത്തിയ കടന്നാക്രമണമാണ് കൈവള്ളയിലിരുന്ന മത്സരം ഡൽഹിക്ക് നഷ്ടമാക്കിയത്. അവസാന രണ്ട് ഓവറിൽ നാലു സിക്സറുകൾ സഹിതം 18 പന്തിൽ 36 റൺസെടുത്ത് പുറത്താകാതെ നിന്ന മോറിസാണ് മത്സരം രാജസ്ഥാന് അനുകൂലമാക്കിയത്. ഡേവിഡ് മില്ലറിന്റെ അർധസെഞ്ചുറിയും രാജസ്ഥാന് അനുഗ്രഹമായി.

മത്സരത്തിൽ അശ്വിൻ മൂന്നാം ഓവർ പൂർത്തിയാക്കുമ്പോൾ രാജസ്ഥാന് വിജയത്തിലേക്ക് 54 പന്തിൽ 92 റൺസാണ് വേണ്ടിയിരുന്നത്. ഈ സമയത്ത് രാഹുൽ തെവാത്തിയ ക്രീസിൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും താരത്തിന് നാലാമത്തെ ഓവർ എറിയാൻ അവസരം നൽകാതിരുന്നത് തിരിച്ചടിച്ചെന്ന് പോണ്ടിങ് ചൂണ്ടിക്കാട്ടുന്നു. 

‘ടീമിനെ ഒന്നിച്ചുവിളിച്ച് സംസാരിക്കാൻ അവസരം ലഭിക്കുമ്പോൾ ആദ്യം ചൂണ്ടിക്കാട്ടുന്ന വിഷയങ്ങളിലൊന്ന് ഇതായിരിക്കും. അദ്ദേഹം (അശ്വിൻ) വളരെ മനോഹരമായാണ് ബോൾ ചെയ്തിരുന്നത്. മൂന്ന് ഓവറിൽ വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും വിട്ടുകൊടുത്തത് 14 റൺസ് മാത്രം. ഒരു ബൗണ്ടറി പോലും വഴങ്ങിയിരുന്നില്ലെന്ന് ഓർക്കണം’ – പോണ്ടിങ് ചൂണ്ടിക്കാട്ടി.

‘ആദ്യ മത്സരത്തിൽ അത്ര കണ്ട് ശോഭിക്കാനാകാതെ പോയതിന്റെ നിരാശ അശ്വിനുണ്ടായിരുന്നു. അതുകൊണ്ട് ഈ മത്സരത്തിനുവേണ്ടി വളരെയധികം തയാറെടുപ്പുകളാണ് നടത്തിയത്. കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. എന്തായാലും അദ്ദേഹത്തെ വേണ്ടവിധം ഉപയോഗിക്കാനാകാതെ പോയത് ഞങ്ങളുടെ ഭാഗത്തുവന്ന വീഴ്ചയാണ്. തീർച്ചയായും അതേക്കുറിച്ച് പിന്നീട് ടീമുമായി സംസാരിക്കും’ – പോണ്ടിങ് പറഞ്ഞു.

അവസാന ഓവറുകളിൽ തകർത്തടിച്ച ക്രിസ് മോറിസിനെ തളയ്ക്കാൻ കരുതിവച്ചിരുന്ന ആയുധങ്ങൾ വേണ്ടവിധം പ്രയോഗിക്കാനായില്ലെന്നും പോണ്ടിങ് പറഞ്ഞു. മോറിസിന് എളുപ്പമുള്ള ലെങ്തിലാണ് ബോളർമാർ പന്തെറിഞ്ഞതെന്നും പോണ്ടിങ് ചൂണ്ടിക്കാട്ടി.

‘ഞങ്ങൾ മോറിസിന് ചില എളുപ്പമുള്ള പന്തുകൾ എറിഞ്ഞുകൊടുത്തുവെന്ന് വേണം പറയാൻ. ലെങ്തൊന്നും ഉദ്ദേശിച്ച സ്ഥലത്തേ ആയിരുന്നില്ല. റീപ്ലേകൾ നോക്കിയാൽ അറിയാം, യോർക്കറുകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചിരുന്നെങ്കിൽ മോറിസിന് ഈ വിധത്തിൽ സ്കോർ ചെയ്യാനാകുമായിരുന്നില്ല. സ്റ്റംപിനു മുകളിൽ ബാക്ക് ഓഫ് ദ ലെങ്ത് ബോളുകൾ എറിഞ്ഞാലും ഫലം കാണുമായിരുന്നു. പ്രത്യേകിച്ചും പന്തിന്റെ പേസ് പരിഗണിക്കുമ്പോള്‍. മോറിസിനെതിരെ എങ്ങനെ ബോൾ ചെയ്യണമെന്ന് ഞങ്ങൾ സംസാരിച്ചിരുന്നതാണ്. പക്ഷേ, നടപ്പാക്കാനായില്ല’ – പോണ്ടിങ് പറഞ്ഞു. 

English Summary: Probably a mistake on our behalf - Ricky Ponting on R Ashwin not finishing his full quota of overs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com