ADVERTISEMENT

മുംബൈ∙ ഐപിഎൽ 14–ാം സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ള യുവാക്കളെ ‘പ്രീപെയ്ഡ് സിം കാർഡു’കളുമായി താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ പ്രഗ്യാൻ ഓജ. കൃത്യമായ ഇടവേളകളിൽ റീചാർജ് ചെയ്തില്ലെങ്കിൽ ഇത്തരം സിം കാർഡുകള്‍ ഉപയോഗിക്കാനാകില്ലെന്ന് ഓജ ചൂണ്ടിക്കാട്ടി. അതേസമയം, ബിൽ അടയ്ക്കുന്നത് വൈകിയാലും അത്ര പ്രശ്നമില്ലാത്ത ‘പോസ്റ്റ് പെയ്ഡ് സിം കാർഡു’കളുടെ ആഡംബരം രോഹിത് ശർമ, വിരാട് കോലി തുടങ്ങിയ സീനിയർ താരങ്ങൾക്കു മാത്രമേ ലഭിക്കൂ എന്നും ഓജ ചൂണ്ടിക്കാട്ടി.

ഐപിഎലിൽ വ്യാഴാഴ്ച നടന്ന ഡൽഹി ക്യാപിറ്റൽസ് – രാജസ്ഥാൻ റോയൽസ് മത്സരം മുൻനിർത്തിയാണ് ഓജയുെട രസകരമായ പരാമർശം. സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ഗംഭീര സെഞ്ചുറിയുമായി തുടക്കമിട്ട സഞ്ജു, രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നിറം മങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ ദേശീയ ടീമിൽ സ്ഥാനം നേടാൻ സ്ഥിരത പ്രധാനപ്പെട്ടതാണെന്ന് ഓജ ചൂണ്ടിക്കാട്ടി.

‘സഞ്ജു സാംസണിനെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രധാനപ്പെട്ടൊരു കാര്യമുണ്ട്. സഞ്ജു ആദ്യമായി ഇന്ത്യൻ ടീമിലെത്തുമ്പോൾ വെല്ലുവിളി ഉയർത്താൻ ഋഷഭ് പന്തോ ഇഷാൻ കിഷനോ ഉണ്ടായിരുന്നില്ല.’ – ഓജ ചൂണ്ടിക്കാട്ടി.

‘ഇപ്പോഴത്തെ ഇന്ത്യൻ ടീമിനെ നോക്കൂ. അവിടെ വിരാട് കോലിയും രോഹിത് ശർമയുമെല്ലാം പോസ്റ്റ് പെയ്ഡ് സിം കാർഡുകൾ പോലെയാണ്. ബിൽ അടച്ചില്ലെങ്കിലും കുറച്ചുകാലമൊക്കെ നിലനിൽക്കാൻ അവർക്കു വലിയ ബുദ്ധിമുട്ടില്ല’ – ഓജ പറഞ്ഞു.

‘പക്ഷേ, ടീമിലെ യുവതാരങ്ങളെല്ലാം പ്രീ–പെയ്ഡ് സിം കാർഡുകൾ പോലെയാണ്. കൃത്യസമയത്ത് റീചാർജ് ചെയ്തില്ലെങ്കിൽ അത് ഉപയോഗിക്കാൻ കഴിയാതെയാകും. യുവതാരങ്ങളിലാരും പോസ്റ്റ് പെയ്ഡ് സിം കാർഡുകളല്ലെന്ന് അവർ മനസിലാക്കണം. അവർ പ്രീ പെയ്ഡ് സിം കാർഡുകളാണ്. പോസ്റ്റ് പെയ്ഡാകാൻ സ്ഥിരോത്സാഹം ചെയ്യണം’ – ഓജ പറഞ്ഞു.

English Summary: Young players like Sanju Samson are pre-paid sim cards, consistency is key for them - Pragyan Ojha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com