ADVERTISEMENT

'ക്രിസ് മോറിസ് പായിച്ച ഓരോ ഷോട്ടും ചെന്നുകൊണ്ടത് സഞ്ജു സാംസണിന്റെ മുഖത്താണ്...!'

രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും തമ്മിൽ നടന്ന ഐപിഎൽ മത്സരം അവസാനിച്ചതിനുശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഒരു വാചകമാണിത്. ഡൽഹി ഉയർത്തിയ 148 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാൻ ഏഴുവിക്കറ്റ് നഷ്ടത്തിൽ മറികടന്നിരുന്നു. 18 പന്തുകളിൽ നിന്ന് 36 റൺസ് വാരിക്കൂട്ടിയ മോറിസ് ആയിരുന്നു രാജസ്ഥാന്റെ വിജയശിൽപി. അതിനുപിന്നാലെയാണ് രാജസ്ഥാൻ നായകനായ സഞ്ജുവിനുനേരേ പരിഹാസങ്ങളും  വിമർശനങ്ങളും കുന്നുകൂടിയത്.

pant-sanju
സഞ്ജു ഋഷഭ് പന്തിനൊപ്പം (ട്വിറ്റർ ചിത്രം)

2021 സീസണിലെ രാജസ്ഥാന്റെ ആദ്യ കളി പഞ്ചാബ് കിങ്സിനോടായിരുന്നു. അന്ന് അവസാന ഓവറിലേക്ക് കളി നീണ്ടപ്പോൾ ക്രീസിൽ ഉണ്ടായിരുന്നത് സഞ്ജുവും മോറിസും ആയിരുന്നു. രണ്ടു പന്തുകളിൽ അഞ്ച് റൺസ് നേടിയാൽ രാജസ്ഥാന് ജയിക്കാവുന്ന സാഹചര്യം.

ആ സമയത്ത് സഞ്ജു ഒരു സിംഗിൾ നിഷേധിച്ചിരുന്നു. റൺസിനുവേണ്ടി ഓടിയ മോറിസിനെ സഞ്ജു നോൺ സ്ട്രൈക്കർ എൻഡിലേക്ക് തിരിച്ചയച്ചു. ഇതോടെ അവസാന പന്തിൽ സിക്സർ നിർബന്ധമായി. അതു നേടുന്നതിൽ സഞ്ജു പരാജയപ്പെടുകയും പഞ്ചാബ് നാലു റൺസിന് വിജയിക്കുകയും ചെയ്തു.

പഞ്ചാബിനെതിരെ സെഞ്ചുറി പൂർത്തിയാക്കിയ സഞ്ജുവിന് തെവാത്തിയയുടെ അഭിനന്ദനം (ട്വിറ്റർ ചിത്രം)
സെഞ്ചുറി നേടിയ സഞ്ജുവിന് തെവാത്തിയയുടെ അഭിനന്ദനം (ഐപിഎൽ ട്വീറ്റ് ചെയ്ത ചിത്രം)

മോറിസിന് സ്ട്രൈക്ക് നൽകാതിരുന്ന സഞ്ജുവിന്റെ തീരുമാനത്തെ നിരവധി മലയാളികൾ എതിർത്തിരുന്നു. ചിലർ സഞ്ജുവിനെ ‘അഹങ്കാരി’ എന്ന് വിശേഷിപ്പിച്ചു. ഡല്‍ഹിയ്ക്കെതിരെ മോറിസിന്റെ ബലത്തിൽ രാജസ്ഥാൻ വിജയം കൊയ്തതോടെ വിമർശകർ വീണ്ടും സടകുടഞ്ഞെഴുന്നേറ്റു.

സഞ്ജുവിനെ പഴിക്കുന്നവർ ഒരുനിമിഷം ആലോചിക്കണം. ഇത്രയേറെ ശാപവാക്കുകൾ അയാൾ അർഹിക്കുന്നുണ്ടോ?

പഞ്ചാബിനെതിരെ മോറിസ് മോശം ഫോമിലായിരുന്നു. അന്ന് ഒരു ഷോട്ട് പോലും മോറിസ് ആത്മവിശ്വാസത്തോടെ കളിച്ചിരുന്നില്ല. ഫുൾടോസുകൾ പോലും പാഴാക്കുന്ന മോറിസിനെയാണ് ആ ദിവസം കണ്ടത്. അതുകൊണ്ടാണ് സഞ്ജു അവസാന പന്തിൽ സ്ട്രൈക്ക് സൂക്ഷിച്ചത്. ആ തീരുമാനം നൂറുശതമാനം ശരിയായിരുന്നു എന്ന് അഭിപ്രായപ്പെട്ടത് ബ്രയാൻ ലാറ, കുമാർ സംഗക്കാര തുടങ്ങിയ ഇതിഹാസ താരങ്ങളാണ്. എന്നിട്ടും മലയാളികൾക്ക് തൃപ്തി വന്നില്ല. അവർ സഞ്ജുവിനു നേരെയുള്ള കല്ലേറ് തുടർന്നു!

sanju-samson

ഡൽഹി-രാജസ്ഥാൻ മത്സരത്തിന്റെ സമ്മാനദാനച്ചടങ്ങിൽ സഞ്ജുവും മോറിസും സംസാരിച്ചിരുന്നു. അവതാരകൻ ഈ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ സഞ്ജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു:

'ആ മത്സരം നൂറുതവണ കളിക്കാനുള്ള അവസരം എനിക്ക് ലഭിച്ചാലും ആ സിംഗിൾ ഞാൻ എടുക്കുകയില്ല...!'

മോറിസും തന്റെ ക്യാപ്റ്റനെ പിന്താങ്ങി:

'പഞ്ചാബിനെതിരെ സഞ്ജു സ്വപ്നതുല്യമായ ആക്രമണമാണ് നടത്തിയിരുന്നത്. സഞ്ജുവിന് സ്ട്രൈക്ക് നൽകാനായിരുന്നു എന്റെയും ശ്രമം...'

sanjusamson

കാര്യങ്ങൾക്ക് ഇത്രയേറെ വ്യക്തത ഉണ്ടായിട്ടും സഞ്ജുവിനു നേരെയുള്ള അധിക്ഷേപങ്ങൾ അവസാനിക്കുന്നില്ല. നായകനെന്ന നിലയിൽ ആദ്യ വിജയം നേടിയ സഞ്ജുവിനെക്കുറിച്ചു നല്ല വാക്കുകൾ പറയാൻ പലർക്കും സമയമില്ല.

ഡല്‍ഹിയ്‌ക്കെതിരെ സഞ്ജു ആവിഷ്കരിച്ച തന്ത്രങ്ങൾ അതിമനോഹരമായിരുന്നു. രാജസ്ഥാന്റെ തുറുപ്പുചീട്ടായിരുന്ന ബെൻ സ്റ്റോക്സ് പരുക്കുമൂലം ടൂർണമെന്‍റിൽനിന്ന് പുറത്തായിരുന്നു. പക്ഷേ സഞ്ജു അതുകണ്ട് പകച്ചുനിന്നില്ല.

സ്പിന്നറായ ശ്രേയസ് ഗോപാലിനുപകരം ജയ്ദേവ് ഉനദ്കട് എന്ന ഇടംകയ്യൻ പേസറെ സഞ്ജു ടീമിൽ എടുത്തപ്പോൾ കുറേപ്പേർ നെറ്റിചുളിച്ചിരുന്നു. റൺസ് വഴങ്ങുന്നതിൽ ധാരാളിത്തമുള്ള ഉനദ്കട് രാജസ്ഥാനു ദോഷം ചെയ്യും എന്ന വിലയിരുത്തലുണ്ടായി.

എന്നാൽ സഞ്ജു പിച്ചിനെ കൃത്യമായി മനസ്സിലാക്കിയിരുന്നു. മുൻ മത്സരങ്ങളിൽനിന്നു വ്യത്യസ്തമായി പുല്ലുള്ള പിച്ചാണ് വാങ്കഡെയിൽ തയ്യാറാക്കിയിരുന്നത്. ആ പ്രതലത്തിൽ ഒരു ഫാസ്റ്റ് ബോളറാണ് കൂടുതൽ നേട്ടമുണ്ടാക്കുക എന്ന വസ്തുത സഞ്ജു തിരിച്ചറിഞ്ഞിരുന്നു. നാല് ഓവറുകളിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ ഉനദ്കട് ഡൽഹിയുടെ നടുവൊടിക്കുകയും ചെയ്തു.

sanju-samson-century

സഞ്ജുവും സംഘവും ആവിഷ്കരിച്ച സ്ലോബോൾ തന്ത്രം ശ്രദ്ധേയമായിരുന്നു. മോറിസും ഉനദ്കടും മുസ്താഫിസുറും സഞ്ജുവിന്റെ നിർദ്ദേശപ്രകാരം വേഗംകുറഞ്ഞ പന്തുകളെറിഞ്ഞു. ഡൽഹി ബാറ്റ്സ്മാൻമാരായ അജിൻക്യ രഹാനെ, മാർക്കസ് സ്റ്റോയ്നിസ് തുടങ്ങിയവർ വീണത് ആ കെണിയിലാണ്.

സ്റ്റോക്സിനുപകരം ലിയാം ലിവിങ്സ്റ്റണിനെ ഇറക്കണം എന്ന അഭിപ്രായം ശക്തമായിരുന്നു. എന്നാൽ സഞ്ജു ഡേവിഡ് മില്ലറെയാണ് കളിപ്പിച്ചത്. അതും ഒരു മാസ്റ്റർ സ്ട്രോക്ക് ആയി മാറി. അർധസെഞ്ച്വറി നേടിയ മില്ലർ രാജസ്ഥാന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.

കളി നടക്കുന്നതിനിടെ ഐപിഎൽ സംഘാടകർ ഒരു ഒാൺലൈൻ വോട്ടെടുപ്പ് സംഘടിപ്പിച്ചിരുന്നു. സഞ്ജുവും ഋഷഭ് പന്തും ആയിരുന്നു മത്സരാർത്ഥികൾ. ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ആരാണ് കൂടുതൽ മികവ് കാട്ടിയത് എന്നായിരുന്നു ചോദ്യം. ആ വോട്ടെടുപ്പിൽ സഞ്ജുവാണ് വിജയിച്ചത്. ആരാധകർ സഞ്ജുവിന് നൽകിയ അംഗീകാരമായിരുന്നു അത്.

sanju-dube

വിക്കറ്റ് കീപ്പർ എന്ന നിലയിലും സഞ്ജു മിന്നിത്തിളങ്ങി. ശിഖർ ധവാന്റെ ക്യാച്ച് സഞ്ജു വലത്തേക്കു ഡൈവ് ചെയ്ത് ഒറ്റക്കൈ കൊണ്ട് സ്വന്തമാക്കി. ഒരു പക്ഷിയേപ്പോലെ പറക്കുകയാണ് സഞ്ജു ചെയ്തത്!

ആദ്യമായിട്ടാണ് ഒരു മലയാളി ഐപിഎൽ ടീമിനെ നയിക്കുന്നത്. രണ്ടാമത്തെ മത്സരത്തിൽത്തന്നെ അയാൾ വിജയവും നേടി. സഞ്ജു കുറച്ചുകൂടി ബഹുമാനം അർഹിക്കുന്നില്ലേ?

പണ്ട് ശ്രീശാന്തിനെയാണ് മലയാളികൾ ഇതുപോലെ ക്രൂശിച്ചത്. ശ്രീശാന്ത് ഒത്തുകളിച്ചു എന്ന ആരോപണം ഏറ്റവും കൂടുതൽ ആഘോഷിച്ചതും മലയാളികളായിരുന്നു. ശ്രീശാന്ത് പിന്നീട് കുറ്റവിമുക്തനായപ്പോൾ ചീത്തവിളിച്ച പലരും മാപ്പുപറഞ്ഞു. പക്ഷേ പറഞ്ഞ വാക്കുകൾ ഒരിക്കലും തിരിച്ചെടുക്കാനാവില്ലല്ലോ.

കേരളത്തിലെ ക്രിക്കറ്റ് ആരാധകരോട് ഒരു അഭ്യർഥനയേ ഉള്ളൂ. സഞ്ജു പതുക്കെ വളരുകയാണ്. മറ്റൊരു ശ്രീശാന്തിനെ സൃഷ്ടിക്കരുത്. നമുക്ക് സഞ്ജുവിന്റെ കൂടെനിൽക്കാം. ഇന്ത്യൻ ക്രിക്കറ്റിൽ‌ മലയാളികളുടെ സ്വകാര്യ അഹങ്കാരമായി അയാൾ വളരട്ടെ...

English Summary: Rajasthan Royals Captain Sanju Samson Deserves More Respect: Writes Sandeep Das

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com