‘ഒരാൾക്കായി പണമെറിഞ്ഞില്ല, 16.4 കോടിക്ക് പേസ് നിരയെത്തന്നെ വാങ്ങി’; ഏറ്റെടുത്ത് കാവ്യ
Mail This Article
മുംബൈ∙ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ വെറും 68 റൺസിനു പുറത്താക്കിയ ബോളിങ് പ്രകടനത്തിനു പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെ പേസർമാർക്ക് വാനാളം പ്രശംസ. സീസണിൽ ടീമിന്റെ ബാറ്റിങ് നിലവാരം ശരാശരി മാത്രമാണെങ്കിലും പേസർമാരുടെ ഉജ്വല ബോളിങ്ങാണ് ഇപ്പോൾ ഹൈദരാബാദിനു തുടണായകുന്നത്. ആദ്യ 2 മത്സരങ്ങളും തോറ്റ അവർ, പിന്നീടു തുടർച്ചയായി 5 മത്സരങ്ങൾ ജയിച്ച്, പോയിന്റ് പട്ടികയുടെ 2–ാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് ഇപ്പോൾ.
ബാംഗ്ലൂരിനെതിരായ ജയത്തിനു പിന്നാലെ, സൂപ്പർ പേസർമാർക്കു കോടികൾ എറിയുന്നതിനു പകരം, 16.4 കോടി രൂപയ്ക്ക് ടീമിലെ 4 പേസർമാരെയും മെഗാ താര ലേലത്തിൽ സ്വന്തമാക്കിയ ഹൈദരാബാദിന്റെ തന്ത്രത്തെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പുകഴ്ത്തുന്നത്.
ഒരു ബോളർമാർക്കായിത്തന്നെ പല ടീമുകളും 8–14 കോടി മുടക്കിയിടത്താണ് ഹൈദരാബാദ് വ്യത്യസ്തരാകുന്നത്. ഉമ്രാൻ മാലിക്കിനെ നിലനിൽത്താൻ അവർ മുടക്കിയത് 4 കോടി. ഭുനേശ്വർ കുമാറിനെ 4.20 കോടിക്കു വാങ്ങി. ടി. നടരാജനെ 4 കോടിക്കു ടീമിലെത്തിച്ചപ്പോൽ മാർക്കോ ജെൻസനായി മുടക്കിയത് 4.20 കോടി. ആകെ 16.40 കോടിക്ക് ടീമിലെ പേസ് വിഭാഗംതന്നെ റെഡി.
4 കോടിക്ക് ടീമിലെടുത്ത മറ്റൊരു യുവ പേസർ കാർത്തിക് ത്യാഗിയാകട്ടെ, പ്ലേയിങ് ഇലവനിലേക്കുള്ള വിളി കാത്തിരിക്കുന്നു.ഐപിഎൽ സീസണ്‍ പാതി വഴിയിലെത്തുമ്പോൾ 15 വിക്കറ്റുകളാണ് നടരാജന്റെ സമ്പാദ്യം. 10 വിക്കറ്റോടെ ഉമ്രാനും 9 വിക്കറ്റോടെ ഭുവിയും പിന്നിലുണ്ട്. ജാൻസൻ 6 വിക്കറ്റാണു നേടിയത്. വേഗം, കൃത്യത, യോർക്കറുകൾ, സ്വിങ് എന്നിവ തുലനം ചേരുന്ന ബോളിങ് വിഭാഗമാണു ഹൈദരാബാദിന്റെ കരുത്ത്.
ബാംഗ്ലൂരിനെതിരായ മത്സരത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു ട്രോൾ ഇങ്ങെനെ, ‘ ആർച്ചറിനായി മുംബൈ 8 കോടിയും ദീപക് ചാഹറിനായി ചെന്നൈ 14 കോടിയും വെറുതേ മുടക്കിയപ്പോൾ കാവ്യ ജാൻസെൻ, ഉമ്രാൻ, ഭുവനേശ്വർ, നടരാജൻ എന്നിവര്‍ അടങ്ങുന്ന പേസ് നിരയെത്തന്നെ 16.40 കോടിക്കു വാങ്ങി’– ട്രോളിനു നന്ദി അറിയിച്ച് കാവ്യതന്നെ രംഗത്തെത്തിയതോടെ സംഗതി കളറായി!
English Summary: SRH Got Bhuvneshwar Kumar Umran Malik Marco Jansen And T Natarajan For 16 Crores 40 Lakhs Only In IPL 2022 Mega Auction