ബാറ്റിങ്ങിൽ സച്ചിൻ മാജിക്, എട്ട് വിക്കറ്റുമായി സക്സേന; കേരളത്തിന് 204 റൺസ് വിജയം
Mail This Article
തിരുവനന്തപുരം∙ രഞ്ജി ട്രോഫിയിൽ സർവീസസിനെതിരെ കേരളത്തിനു വമ്പൻ വിജയം. 204 റൺസിന്റെ വിജയമാണു കേരളം സ്വന്തമാക്കിയത്. ജയത്തോടെ ഗ്രൂപ്പ് സിയിൽ 19 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്തെത്തി. 25 പോയിന്റുള്ള കർണാടകയാണ് ഒന്നാം സ്ഥാനത്ത്. കേരളത്തിന്റെ അടുത്ത പോരാട്ടം കർണാടകയ്ക്കെതിരെയാണ്.
ആദ്യ ഇന്നിങ്സിൽ സെഞ്ചറിയും (159) രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ചറിയുമായി (93) ടീമിനെ മുന്നിൽനിന്നു നയിച്ച സച്ചിൻ ബേബിയാണു കളിയിലെ താരം. അവസാന ദിനമായ വെള്ളിയാഴ്ച ഓൾ റൗണ്ടർ ജലജ് സക്സേനയുടെ എട്ട് വിക്കറ്റു പ്രകടനം സർവീസസിനെ തകർത്തെറിയുകയായിരുന്നു. 15.4 ഓവറുകൾ പന്തെറിഞ്ഞ സക്സേന 36 റൺസ് വിട്ടുകൊടുത്താണ് എട്ട് വിക്കറ്റുകൾ വീഴ്ത്തിയത്. ഇതോടെ രഞ്ജിയിൽ 400 വിക്കറ്റുകളെന്ന നേട്ടത്തിലേക്കും സക്സേന എത്തി. ആദ്യ ഇന്നിങ്സിൽ താരം മൂന്നു വിക്കറ്റു വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ 341 റണ്‍സ് വിജയലക്ഷ്യമാണ് കേരളം സർവീസസിനു മുന്നിലുയർത്തിയത്. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 20 റൺസ് എന്ന നിലയിലായിരുന്നു സർവീസസ്. അതായത് നാലാം ദിനം ജയിക്കാന്‍ അവര്‍ക്കു വേണ്ടിയിരുന്നത് 321 റൺസ്. രണ്ടാം ഇന്നിങ്സിൽ ഓപ്പണര്‍ സുഫിയാൻ ആലം മാത്രമാണ് സർവീസസിനു വേണ്ടി മെച്ചപ്പെട്ട ബാറ്റിങ് പ്രകടനം നടത്തിയത്. 108 പന്തുകള്‍ നേരിട്ട താരം 52 റൺസെടുത്തു. ആലത്തിനു പുറമേ എസ്.ജി. രോഹില (55 പന്തിൽ 28), പി.എസ്. പൂനിയ (19 പന്തിൽ 18) എന്നിവര്‍ക്കു മാത്രമേ സർവീസസ് നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചുള്ളൂ.
സർവീസസിന്റെ ആദ്യ ഇന്നിങ്സ് ഇന്നലെ ഉച്ച ഭക്ഷണത്തിനു മുൻപേ 229 റൺസിൽ അവസാനിപ്പിച്ച കേരളം 98 റൺസിന്റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ വേഗത്തിൽ സ്കോർ ചെയ്തു വലിയ വിജയ ലക്ഷ്യം ഉയർത്താനുള്ള കേരളത്തിന്റെ ഗെയിം പ്ലാനിനെ അർധ സെഞ്ചറിയുമായി നയിച്ചത് ഒന്നാം ഇന്നിങ്സിൽ സെഞ്ചറി നേടിയ സച്ചിൻ ബേബി (93) യായിരുന്നു. 109 ബോളിൽ 6 ഫോറും 2 സിക്സുമടക്കം സെഞ്ചറിക്ക് 7 റൺസ് അകലെയാണ് സച്ചിൻ പുറത്തായത്. വത്സൽ ഗോവിന്ദ് (48), സൽമാൻ നിസാർ (40) എന്നിവരാണ് കേരളത്തിന്റെ മറ്റു പ്രധാന സ്കോറർമാർ. ആദ്യ ഇന്നിങ്സിൽ 327 റൺസെടുത്ത കേരളം രണ്ടാം ഇന്നിങ്സിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 242 റൺസെടുത്ത് ഡിക്ലയർ ചെയ്തു.
English Summary: Ranji Trophy Cricket, Kerala vs Services Match Updates