ADVERTISEMENT

ട്വന്റി20 ബാറ്റർമാരുടെ ലോകറാങ്കിൽ ഒന്നാം സ്ഥാനത്തെത്താൻ സൂര്യകുമാർ യാദവിനു വേണ്ടി വന്നതു വെറും 37 മത്സരങ്ങളായിരുന്നു. ലോകക്രിക്കറ്റിലെ വൈകിവന്ന വസന്തം, ഇന്ത്യൻ എബി ഡിവില്ലിയേഴ്സ്, വൈറ്റ്ബോൾ ക്രിക്കറ്റിലെ അടുത്ത സൂപ്പർ സ്റ്റാർ തുടങ്ങി വിശേഷണങ്ങൾ പലതിന് ഉടമയായ സൂര്യയ്ക്കു പക്ഷേ, ഇപ്പോൾ അത്ര നല്ല സമയമല്ല. തുടർച്ചയായി 3 തവണ ഗോൾഡൻ ഡക്ക്, അവസാന 6 ഇന്നിങ്സുകളിൽ 4 തവണ ഡക്ക്, ഉയർന്ന സ്കോറാകട്ടെ 15 റൺസും! സൂര്യകുമാറിന് എന്താണ് സംഭവിച്ചത്?

ക്രോസ് ബാറ്റ് 

മൈതാനത്ത് ലോങ് ഓണിനും ലോങ് ഓഫിനും ഇടയിലുള്ള പ്രദേശമാണ് ‘വി’. ക്രിക്കറ്റിന്റെ ബാലപാഠങ്ങളി‍ൽ ഒന്നാണ് ‘വി’യിൽ കളിക്കുക എന്നത്. ക്രോസ് ബാറ്റ് ഷോട്ടുകളല്ല, സ്ട്രൈറ്റ് ബാറ്റ് ഷോട്ടുകളാണ് ബാറ്റർമാർ കളിക്കേണ്ടതെന്ന ടെസ്റ്റ് ക്രിക്കറ്റ് തത്വത്തെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയതാണ് ‘വി’ തിയറി. എന്നാൽ ഏകദിന, ട്വന്റി20 മത്സരങ്ങളുടെ ആധിക്യത്തോടെ ഷോട്ടിലെ പെർഫക്‌ഷനെക്കാൾ നേടുന്ന റൺസിനു പ്രാധാന്യം വന്നതോടെ ഈ തിയറിക്കു വലിയ പ്രസക്തിയില്ലാതായി. എങ്കിലും വിരാട് കോലി ഉൾപ്പെടെ പല സൂപ്പർതാരങ്ങളും ഇപ്പോഴും ട്വന്റി20യിൽ അടക്കം ‘വി’ തിയറി പിന്തുടരുന്നവരാണ്.

പക്ഷേ, സൂര്യയിലേക്കു വരുമ്പോൾ ‘വി’യിൽ കളിക്കാൻ ചെറുതല്ലാത്തൊരു വിമുഖത കാണാം. വിക്കറ്റിന്റെ ഏതു വശത്തേക്കും റൺസ് നേടാനുള്ള കഴിവും റിസ്ക് എടുക്കാനുള്ള ധൈര്യവുമാവാം സൂര്യയുടെ ഈ മടിക്കു കാരണം. 2020നു ശേഷമുള്ള പ്രകടനം പരിശോധിച്ചാൽ സൂര്യ നേടിയ റൺസിന്റെ 75 ശതമാനവും വന്നിരിക്കുന്നത് ‘വി’ക്ക് പുറത്താണ്. ഇതിൽ 50 ശതമാനത്തിൽ അധികം റൺസ് വന്നത് വിക്കറ്റിനു പുറകിലാണെന്നതും ശ്രദ്ധേയം. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ സൂര്യയുടെ 3 ഗോൾഡൻ ഡക്കുകളിൽ രണ്ടെണ്ണം എൽബിഡബ്ല്യുവും ഒരെണ്ണം ബോൾഡും ആയിരുന്നു. വിക്കറ്റ് ടു വിക്കറ്റ് വരുന്ന പന്തുകൾപോലും സ്ട്രൈറ്റ് ബാറ്റ് ഉപയോഗിച്ച് ‘വി’യിൽ കളിക്കാതെ കട്ട് ചെയ്യാനോ ഗ്ലാൻസ് ചെയ്യാനോ ഫ്ലിക് ചെയ്യാനോ ശ്രമിച്ചതാണ് സൂര്യകുമാറിനു വിനയായത്.

surykumar-yadav-v-area

പ്ലേയിങ് ഇറ്റ് ലേറ്റ്

പന്ത് പരമാവധി അടുത്തെത്തിയ ശേഷം അവസാന നിമിഷം ഷോട്ടിനു മുതിരുന്ന രീതിയാണ് സൂര്യകുമാറിന്റേത് (പ്ലേയിങ് ലേറ്റ്). പന്തിന്റെ ലേറ്റ് സ്വിങ് മനസ്സിലാക്കാനും പന്തിന്റെ വേഗം ഉപയോഗപ്പെടുത്തി വിക്കറ്റിനു പിന്നിൽ അനായാസം റൺസ് കണ്ടെത്താനും ഇതുമൂലം കഴിയും. ഈ രീതി വിജയകരമായി പിന്തുടർന്ന സൂര്യയ്ക്കു പക്ഷേ, മണിക്കൂറിൽ 145 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ പന്ത് സ്വിങ് ചെയ്യിക്കുന്ന ബോളർമാർക്കെതിരെ അടിതെറ്റുന്നു (ഓസ്ട്രേലിയൻ പരമ്പരയിൽ മിച്ചൽ സ്റ്റാർക്കിനെതിരെ രണ്ടുതവണയും സൂര്യകുമാർ പുറത്തായത് ഇങ്ങനെയാണ്.) 

ഷോട്ട് സിലക്‌ഷൻ

ട്വന്റി20 ക്രിക്കറ്റിൽ സൂര്യ കുമാറിന് സൂപ്പർതാര പരിവേഷം നൽകിയത് ഫാൻസി ഷോട്ടുകളാണ്. എന്നാൽ ഈ ഐപിഎലിൽ സൂര്യയുടെ പുറത്താകലുകളെല്ലാം മോശം ഷോട്ട് സിലക്‌ഷനിലൂടെയായിരുന്നു. ബാംഗ്ലൂരിനെതിരെ ഡഗ് ബ്രേസ്‌വെൽ എറിഞ്ഞ, ഓഫ് സ്റ്റംപിനു പുറത്തു പോയ ഷോട്ട് ബോളിനെ കട്ട് ചെയ്ത് ഫീൽഡറുടെ കയ്യിലെത്തിച്ചു. ചെന്നൈയ്ക്കെതിരെ മിച്ചൽ സാന്റ്നർ എറിഞ്ഞ, ലെഗ് സ്റ്റംപിനു പുറത്തുപോയ പന്ത് സ്വീപ് ചെയ്യാൻ ശ്രമിച്ചു പുറത്തായി.

ഡൽഹിക്കെതിരെ മുകേഷ് കുമാറിന്റെ ലെഗ് സൈഡിലേക്കു വന്ന ഷോട്ട് ബോൾ ഗ്ലാൻസ് ചെയ്ത് സിംഗിൾ എടുക്കുന്നതിനു പകരം ലോഫ്റ്റ് ചെയ്ത് കുൽദീപ് യാദവിന്റെ കൈകളിൽ എത്തിച്ചു. ഫോം കണ്ടെത്താൻ പ്രയാസപ്പെടുമ്പോൾ പോലും ഷോട്ട് സിലക്‌ഷനിൽ കരുതൽ കാണിക്കാൻ തയാറാകാത്തത് സൂര്യകുമാർ യാദവിന്റെ കരിയറിനെ തന്നെ ബാധിച്ചേക്കും. ഏകദിന ലോകകപ്പ് വരാനിരിക്കെ ഈ ഐപിഎലിൽ തന്നെ സൂര്യ ഫോമിലേക്കു തിരിച്ചെത്തുന്നതു കാണാൻ കാത്തിരിക്കുന്നു ആരാധകരും.

English Summary : What is Happening to Suryakumar Yadav: Analysis 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com