ആരെയും അങ്ങോട്ട് സ്ലെഡ്ജ് ചെയ്തിട്ടില്ല, അതെന്റെ ശീലമല്ല: നവീൻ ഉൾ ഹഖ്
Mail This Article
ലക്നൗ∙ ക്രിക്കറ്റ് മത്സരത്തിനിടെ ഇതുവരെ ആരെയും അങ്ങോട്ട് സ്ലെഡ്ജ് ചെയ്യാൻ പോയിട്ടില്ലെന്ന് ലക്നൗ സൂപ്പർ ജയന്റ്സിന്റെ അഫ്ഗാൻ താരം നവീൻ ഉൾ ഹഖ്. ലക്നൗ സൂപ്പർ ജയന്റ്സ് പുറത്തുവിട്ട നവീനും ആവേശ് ഖാനും തമ്മിലുള്ള ചർച്ചയുടെ വിഡിയോയിലാണ് അഫ്ഗാൻ താരം നിലപാടു വ്യക്തമാക്കിയത്. ഏറ്റവും പ്രിയപ്പെട്ട സ്ലെഡ്ജിങ് സ്വയം ചെയ്യുന്നതാണോ, മറ്റുള്ളവരിൽനിന്നുള്ളതാണോ എന്നായിരുന്നു ആവേശ് ഖാന്റെ ചോദ്യം.
‘‘ആരെയും ഞാൻ അങ്ങോട്ട് സ്ലെഡ്ജ് ചെയ്യാൻ പോയിട്ടില്ല. അതെന്റെ ശീലവുമല്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനിടെ ഒരു സംഭവമുണ്ടായി. ഞാൻ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ഉള്ളപ്പോൾ എതിർ ടീമിലെ സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന താരം കളി പെട്ടെന്ന് തീർക്കാൻ ആവശ്യപ്പെട്ടു. വീട്ടിലേക്കു പോകണമെന്നാണ് അയാളുടെ ആവശ്യം. അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത് അടുത്തിടെയായിരുന്നു. അതാണ് എനിക്ക് ഓർമയുള്ള ഒരു സംഭവം.’’ നവീൻ വ്യക്തമാക്കി.
സ്ലെഡ്ജിങ്ങിൽ ഗൗരവമായ സംഭവങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നും നവീൻ ഉൾ ഹഖ് വിഡിയോയിൽ പറയുന്നു. ഐപിഎല്ലിൽ ലക്നൗ– ആർസിബി മത്സരത്തിനിടെ വിരാട് കോലിയും നവീൻ ഉൾ ഹഖും തർക്കിച്ചത് വൻ വിവാദമായിരുന്നു. ഷൂവിന്റെ അടിയിലെ മണ്ണ് അടർത്തിയെടുത്ത് കോലി നവീൻ ഉൾ ഹഖിന് നേരെ ചൂണ്ടി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
കുറച്ചു നേരം തുറിച്ചു നോക്കിയ നവീൻ ഉൾ ഹഖ് കോലിയോട് തര്‍ക്കിക്കുകയും ചെയ്തു. ആരുടേയും അധിക്ഷേപം ഏറ്റുവാങ്ങേണ്ട കാര്യം തനിക്കില്ലെന്നും ക്രിക്കറ്റ് കളിക്കാൻ വേണ്ടി മാത്രമാണ് ഇന്ത്യയിൽ വന്നതെന്നും നവീൻ ബാംഗ്ലൂരിനെതിരായ മത്സരത്തിനു ശേഷം പ്രതികരിച്ചു. സംഭവത്തിൽ കോലിക്കും നവീൻ ഉൾ ഹഖിനും ബിസിസിഐ പിഴ ചുമത്തിയിരുന്നു.
English Summary: LSG Pacer Naveen-ul-Haq Opens Up On 'Favourite' Sledging Incident