‘ഗൗതം ഗംഭീറിന് അസൂയ, കോലിയെ ഫോണില്‍ വിളിച്ച് മാപ്പ് അപേക്ഷിക്കണം’
Mail This Article
ഇസ്‍ലാമബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെയുണ്ടായ തർക്കത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് മെന്റർ ഗൗതം ഗംഭീർ, ആർസിബി താരം വിരാട് കോലിയോടു മാപ്പു പറയണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം അഹമ്മദ് ഷെഹ്സാദ്. ഗ്രൗണ്ടിൽ നടന്ന സംഭവങ്ങൾ ഗംഭീറിന്റെ തെറ്റുകൊണ്ട് ഉണ്ടായതായിരിക്കാമെന്ന് ഷെഹ്ഷാദ് ഒരു പോഡ്കാസ്റ്റിൽ പ്രതികരിച്ചു. ‘‘പുറത്തുനിന്ന് നോക്കുമ്പോൾ അത് ഗൗതം ഗംഭീറിന്റെ ഭാഗത്തുനിന്നുള്ള പിഴവായാണു തോന്നുന്നത്. ഗംഭീർ വിരാട് കോലിയെ ഫോണിൽ വിളിച്ച് മാപ്പു പറഞ്ഞാണ് മഹാമനസ്കത കാണിക്കേണ്ടത്.’’– ഷെഹ്സാദ് വ്യക്തമാക്കി.
‘‘ഗംഭീർ അസൂയയുടെ പേരിലാണ് അതൊക്കെ ചെയ്തതെന്നാണു തോന്നുന്നത്. എന്തെങ്കിലും സംഭവിക്കുന്നതിനായി ഗംഭീർ കാത്തിരുന്നു. അദ്ദേഹത്തിന് വിരാടിന്റെ പേരിൽ വിവാദമുണ്ടാക്കണം. ലക്നൗ പേസർ നവീൻ ഉൾ ഹഖുമായി കോലി തർക്കിച്ചതു മനസ്സിലാക്കാം. കാരണം മത്സരത്തിന്റെ സമ്മർദത്തിൽ അതൊക്കെ സംഭവിക്കാം. എന്നാൽ സ്വന്തം രാജ്യത്തെ വലിയ താരമായ കോലിക്കെതിരെ ഗംഭീർ എന്തിനാണ് അങ്ങനെ ചെയ്തതെന്നാണു മനസ്സിലാകാത്തത്.’’– ഷെഹ്സാദ് വ്യക്തമാക്കി.
ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സ്– റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെയാണ് നവീൻ ഉൾ ഹഖും വിരാട് കോലിയും തർക്കിച്ചത്. ലക്നൗ ബാറ്റിങ്ങിനിടെ കോലി ഷൂസിലെ പുല്ല് അടർത്തിയെടുത്ത് നവീന് നേരെ വിരൽ ചൂണ്ടിയതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. മത്സരത്തിനു ശേഷം ഷെയ്ക് ഹാന്‍ഡ് നൽകുന്നതിനിടെ ഇരുവരും തർക്കിച്ചു. തുടര്‍ന്ന് നവീന് പിന്തുണയുമായി ഗൗതം ഗംഭീർ ഇടപെട്ടു. പിന്നീട് കോലിയും ഗംഭീറും തമ്മിലായി തർക്കം. സംഭവം വിവാദമായതോടെ ഇരുവർക്കും ഐപിഎൽ സംഘാടകർ പിഴ ചുമത്തിയിരുന്നു.
English Summary: Ahmed Shehzad makes scathing remark over Kohli-Gambhir spat