ഏഷ്യാകപ്പിനുള്ള ടീമിൽ ‘ട്രാവലിങ് സ്റ്റാൻഡ്ബൈ പ്ലേയർ’: സഞ്ജുവിനെ ‘ഒതുക്കി’യെന്ന് വിമർശനം
Mail This Article
ന്യൂഡൽഹി ∙ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണിനെ റിസർവ് താരമായി ‘ഒതുക്കിയ’ സിലക്ടർമാരുടെ തീരുമാനത്തിൽ പ്രതിഷേധവുമായി ആരാധകർ. മോശം പ്രകടനത്തിന്റെ പേരിലാണ് സഞ്ജുവിനെ മാറ്റിനിർത്തിയതെങ്കിൽ, സൂര്യകുമാർ യാദവും തിലക് വർമയും ഉൾപ്പെടെയുള്ളവർക്ക് അവസരം നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് ആരാധകർ ചോദിക്കുന്നു. ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ വിശദാംശങ്ങൾ പങ്കുവച്ച് ബിസിസിഐ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ച പോസ്റ്റിനു താഴെ കമന്റുകളായും സഞ്ജുവിനെ റിസർവ് താരമാക്കി ഒതുക്കിയതിലുള്ള അമർഷം നിറയുകയാണ്.
0, 1 എന്നിങ്ങനെയാണ് തിലക് വർമയുടെ അവസാന രണ്ട് ഇന്നിങ്സുകളിലെ സ്കോർ. സൂര്യകുമാർ യാദവിന് ആകട്ടെ, ഇതുവരെ കളിച്ച 26 മത്സരങ്ങളിൽനിന്ന് 24 റൺസ് ശരാശരി മാത്രമാണുള്ളത് ഏകദിനത്തിൽ ഇതുവരെ 13 മത്സരങ്ങളിൽ മാത്രമേ സഞ്ജുവിന് അവസരം ലഭിച്ചിട്ടുള്ളൂ. എന്നിട്ടും ശരാശരി 55നു മുകളിലാണ്. നാലാം നമ്പറിൽ പ്രഹരശേഷി 125ഉം. എന്നിട്ടും സഞ്ജുവിനെ റിസർവ് താരമായി ഒതുക്കിയെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മത്സരത്തിൽ അയർലൻഡിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജു ഏഷ്യാകപ്പ് ടീമിൽ ഉൾപ്പെടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇഷാൻ കിഷൻ വിക്കറ്റ് കീപ്പർ ബാറ്ററായി ടീമിൽ ഉൾപ്പെട്ടെങ്കിലും സ്പെഷലിസ്റ്റ് ബാറ്ററായി സഞ്ജുവിനെ പരിഗണിച്ചേക്കുമെന്നായിരുന്നു വിലയിരുത്തൽ. മധ്യനിരയ്ക്ക് കരുത്തുപകരാൻ നിലവിൽ മികച്ച താരം സഞ്ജുവാണെന്നും ക്രിക്കറ്റ് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
ഓഗസ്റ്റ് 30നാണ് ഏഷ്യാകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. സെപ്റ്റംബർ 2ന് ബദ്ധവൈരികളായ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിനു മുന്നോടിയായുള്ള പ്രധാന ടൂർണമെന്റ് ആയതിനാൽ മത്സരങ്ങളെ ഗൗരവത്തോടെയാണ് ടീം മാനേജ്മെന്റ് നോക്കിക്കാണുന്നത്.
നിലവിൽ അയർലന്‍ഡിനെതിരെ നടക്കുന്ന പരമ്പരയിൽ ടീമിന്റെ ഭാഗമാണ് സഞ്ജു. കഴിഞ്ഞ മത്സരത്തിൽ മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുന്ന സഞ്ജു, ടീമിന്റെ സ്കോർ ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. 26 പന്തിൽ 40 റൺസാണ് താരം അടിച്ചുകൂട്ടിയത്. ബുധനാഴ്ചയാണ് ഈ പരമ്പരയിലെ അവസാന മത്സരം.
English Summary: Sanju Samson dropped from 17 member Asia Cup Squad; Fans alleges lobbying