രോഹൻ കുന്നുമ്മലിന് അതിവേഗ സെഞ്ചറി, 56 പന്തിൽ 101; കേരളത്തിന് 132 റണ്‍സ് വിജയം
Mail This Article
മുംബൈ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണമെന്റിൽ സിക്കിമിനെ തകർത്തെറിഞ്ഞ് കേരളം. 132 റൺസിന്റെ വമ്പൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണു നേടിയത്. മറുപടിയിൽ സിക്കിമിന് നേടാനായത് 89 റണ്‍സ് മാത്രം. ഓപ്പണർ രോഹൻ എസ്. കുന്നുമ്മലിന്റെ അതിവേഗ സെഞ്ചറിയാണ് കേരളത്തെ വമ്പൻ സ്കോറിലെത്തിച്ചു. 56 പന്തുകൾ നേരിട്ട രോഹൻ 101 റൺസെടുത്തു പുറത്താകാതെനിന്നു. 14 ഫോറുകളും രണ്ടു സിക്സുകളുമാണു താരം നേടിയത്.
വിഷ്ണു വിനോദ് അർധ സെഞ്ചറി നേടി പുറത്തായി. 43 പന്തുകളിൽനിന്ന് 79 റൺസാണു താരം അടിച്ചെടുത്തത്. ക്യാപ്റ്റന്‍ സഞ്ജു സാംസൺ ബാറ്റിങ്ങിന് ഇറങ്ങിയില്ല. എം. അജിനാസ് (15 പന്തിൽ 25), വരുണ്‍ നായനാർ (അഞ്ച് പന്തിൽ ആറ്), അബ്ദുൽ ബാസിത്ത് (ഒരു പന്തിൽ നാല്) എന്നിങ്ങനെയാണു മറ്റു കേരള താരങ്ങളുടെ സ്കോറുകൾ.
മറുപടി ബാറ്റിങ്ങിൽ സിക്കിം 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 89 റൺസാണു നേടിയത്. 21 പന്തിൽ 26 റൺസെടുത്ത അങ്കുർ മാലിക്കാണ് സിക്കിമിന്റെ ടോപ് സ്കോറർ. കേരളത്തിനായി മനു കൃഷ്ണൻ, പി. മിഥുൻ, സിജോമോൻ ജോസഫ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. വൈശാഖ് ചന്ദ്രൻ, സുരേഷ് വിശ്വേശ്വർ എന്നിവർ ഓരോ വിക്കറ്റും നേടി.
ഗ്രൂപ്പ് ബിയിൽ അഞ്ച് കളികളിൽ അഞ്ചും ജയിച്ച് കേരളം ഒന്നാം സ്ഥാനത്താണ്. കേരളത്തിന് നിലവിൽ 20 പോയിന്റുണ്ട്. അഞ്ചു മത്സരങ്ങളും തോറ്റ സിക്കിം അവസാന സ്ഥാനത്താണ്. മുംബൈ, ഗോവ, വിദർഭ, ഡൽഹി ടീമുകളാണ് മറ്റു ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാർ.