ADVERTISEMENT

ലഹോര്‍∙ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ദയനീയ അവസ്ഥയിലാണുള്ളത്. കളിച്ച ആറു മത്സരങ്ങളിൽ നാലും തോറ്റ പാക്കിസ്ഥാന്‍ സെമി ഫൈനൽ കാണാതെ പുറത്താകലിന്റെ വക്കിലാണ്. അതിനിടെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമും പിസിബി ചെയർമാൻ സാക്ക അഷറഫും തമ്മിലുള്ള ബന്ധം വഷളായതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രതിഫലമൊന്നും ലഭിക്കാതെയാണ് പാക്കിസ്ഥാൻ താരങ്ങൾ കഴിഞ്ഞ അഞ്ചു മാസമായി കളിക്കുന്നതെന്ന് പാക്കിസ്ഥാന്‍ മുൻ ക്യാപ്റ്റൻ കൂടിയായ റാഷിദ് ലത്തീഫാണു വെളിപ്പെടുത്തിയത്.

പാക്കിസ്ഥാൻ ക്യാപ്റ്റന്റെ സന്ദേശങ്ങൾക്കൊന്നും പിസിബി പ്രതിനിധികൾ മറുപടി നൽകുന്നില്ലെന്നും റാഷിദ് ലത്തീഫ് വെളിപ്പെടുത്തി. ഇതിനു പിന്നാലെ ബാബർ അസമിന്റെ വാട്സാപ് ചാറ്റുകൾ ചോർന്നു. ഏതാനും പാക്കിസ്ഥാൻ ചാനലുകളിലാണ് ബാബറിന്റെ വാട്സാപ് ചാറ്റുകളുടെ ചിത്രങ്ങൾ പ്രചരിച്ചത്. അടുത്തെങ്ങാനും സാക്ക അഷറഫിനെ ബാബർ വിളിച്ചിരുന്നോയെന്നു സൽ‌മാൻ എന്നു പേരുള്ളൊരാള്‍ ചോദിക്കുന്നതാണു വിഡിയോയിലുള്ളത്.

എന്നാൽ പിസിബി ചെയർമാനെ താൻ വിളിച്ചിട്ടില്ലെന്ന് ബാബർ മറുപടി നൽകുന്നു. വാട്സാപ് ചാറ്റ് വൈറലായതോടെ ബാബറിനെ പിന്തുണച്ച് പാക്കിസ്ഥാൻ മുൻ താരം വഖാർ യൂനിസ് രംഗത്തെത്തി. പാക്കിസ്ഥാന്‍ ക്യാപ്റ്റന്റെ സ്വകാര്യ ചാറ്റുകൾ ചോര്‍ന്നതിൽ വഖാർ യൂനിസ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. ബാബറിനെ വെറുതെ വിടണമെന്നും പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ സ്വത്താണ് ബാബറെന്നും വഖാർ യൂനിസ് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.

ഏകദിന ലോകകപ്പിൽ തുടർ തോൽവികൾ വഴങ്ങിയതോടെ രൂക്ഷവിമർശനമാണ് ബാബർ അസമിനും സംഘത്തിനും നേരിടേണ്ടി വന്നത്. ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച പാക്കിസ്ഥാൻ പിന്നീടു തുടർച്ചയായി പരാജയപ്പെടുകയായിരുന്നു. ഇനിയുള്ള എല്ലാ കളികളും ജയിച്ചാലും പാക്കിസ്ഥാന് സെമി പ്രവേശത്തിന് നേരിയ സാധ്യത മാത്രമാണു ബാക്കിയുള്ളത്.

English Summary:

Waqar Younis Fumes As Alleged Babar Azam Chat Is Leaked On TV, Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com