മുംബൈ, വാങ്കഡെ... ഒരുപാട് നല്ല ഓർമകൾ; തിരിച്ചുവരാനായതിൽ സന്തോഷം തോന്നുന്നു: ഹാർദിക് പാണ്ഡ്യ
Mail This Article
മുംബൈ ∙ ഗുജറാത്ത് ടൈറ്റൻസിൽനിന്ന് മുംബൈ ഇന്ത്യൻസിലേക്കുള്ള മടങ്ങിവരവിൽ ആദ്യ പ്രതികരണവുമായി ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. 2015ലെ ഐപിഎൽ ലേലത്തിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടാണ് താരം തന്റെ സന്തോഷം പങ്കുവച്ചത്. അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്കാണ് അന്ന് ഹാർദിക് മുംബൈ ഇന്ത്യൻസിന്റെ ഭാഗമായത്. ‘മുംബൈ, വാങ്കഡെ... ഒരുപാട് നല്ല ഓർമകൾ. തിരിച്ചുവരാനായതിൽ സന്തോഷം തോന്നുന്നു’ – ഹാർദിക് എക്സിൽ കുറിച്ചു. പരിശീലന ദൃശ്യങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് 15 കോടി രൂപയുടെ താരക്കൈമാറ്റത്തിലൂടെയാണ് മുംബൈ ഹാർദിക്കിനെ തിരിച്ചുപിടിച്ചത്. 15 കോടി രൂപ മൂല്യമുള്ള ഹാർദിക്കിനെ സ്വന്തമാക്കാൻ പഴ്സിൽ പണം ബാക്കിയില്ലെന്നതായിരുന്നു മുംബൈ നേരിട്ട പ്രധാന വെല്ലുവിളി. ഇതിനായി കഴിഞ്ഞവർഷത്തെ ലേലത്തിൽ 17.5 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനു കൈമാറി. 8 കോടിക്ക് സ്വന്തമാക്കിയ ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചറെ ടീമിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് മടങ്ങിയതിനു പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് പുതിയ ക്യാപ്റ്റനെയും പ്രഖ്യാപിച്ചു. യുവതാരം ശുഭ്മൻ ഗില്ലാണ് ടൈറ്റൻസിന്‍റെ പുതിയ നായകൻ. രണ്ടു സീസണുകളിൽ ടീമിനെ നയിച്ച ഹാർദിക് വലിയ കാര്യങ്ങളാണു ചെയ്തതെന്നും അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും ഗുജറാത്ത് ടൈറ്റൻസിന്റെ ഡയറക്ടർ വിക്രം സോളങ്കി പ്രസ്താവനയിൽ പറഞ്ഞു.