സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ട്, സെഞ്ചറി; ത്രില്ലർ പോരാട്ടത്തിൽ കേരളത്തിന് തോൽവി
Mail This Article
ബെംഗളൂരു∙ വിജയ് ഹസാരെ ട്രോഫിയിൽ റെയിൽവേസിനോടു പൊരുതിത്തോറ്റ് കേരളം. ക്യാപ്റ്റൻ സഞ്ജു സാംസൺ സെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ 18 റൺസിനാണു റെയിൽവേസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റെയിൽവേസ് 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുക്കാനേ കേരളത്തിനു സാധിച്ചുള്ളൂ.
139 പന്തുകൾ നേരിട്ട സഞ്ജു 128 റൺസെടുത്താണു മത്സരത്തിൽ പുറത്തായത്. അവസാന ഓവർ വരെ പൊരുതിയ ശേഷമായിരുന്നു സഞ്ജുവിന്റെ മടക്കം. ആറ് സിക്സുകളും എട്ട് ഫോറുകളും ബൗണ്ടറി കടത്തിയ താരത്തെ ആർ. ശർമയുടെ പന്തിൽ പ്രതാം സിങ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ കേരളത്തിനായി ശ്രേയസ് ഗോപാലും തിളങ്ങി. 63 പന്തുകളിൽനിന്ന് 53 റൺസെടുത്താണു താരം പുറത്തായത്.
മുൻനിരയ്ക്കു ബാറ്റിങ്ങില്‍ തിളങ്ങാനാകാതെ പോയതാണ് കേരളത്തിനു തിരിച്ചടിയായത്. രോഹൻ എസ്. കുന്നുമ്മൽ (പൂജ്യം), സച്ചിൻ ബേബി (19 പന്തിൽ ഒൻപത്), സൽമാന്‍ നിസാർ (ഒൻപതു പന്തിൽ രണ്ട്) എന്നീ പ്രധാന താരങ്ങൾ നിരാശപ്പെടുത്തി. ഓപ്പണർ കൃഷ്ണ പ്രസാദ് 51 പന്തിൽ 29 റൺസെടുത്തു പുറത്തായി. ആദ്യം ബാറ്റു ചെയ്ത റെയിൽവേസിനു വേണ്ടി സാഹബ് യുവരാജ് സിങ് സെഞ്ചറി നേടി പുറത്താകാതെ നിന്നു. 136 പന്തിൽ 121 റൺസാണു യുവരാജ് അടിച്ചെടുത്തത്. ഏഴു മത്സരങ്ങളിൽ അഞ്ചും ജയിച്ച കേരളം പ്രീക്വാർട്ടറിൽ മഹാരാഷ്ട്രയെ നേരിടും.