മഴ വില്ലനായി; മൂന്നാം ഏകദിനത്തിൽ വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് തോൽവി, പരമ്പര നഷ്ടം
Mail This Article
ബ്രിജ്ടൗൺ ∙ ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് റൗണ്ടിൽ പുറത്തായ ഇംഗ്ലണ്ടിന്റെ വേദന ഇരട്ടിപ്പിച്ച് വിൻഡീസിനെതിരായ പരമ്പര നഷ്ടം. മഴ വില്ലനായ മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസ് 4 വിക്കറ്റിനു വിജയിച്ചതോടെയാണ് 3 മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ടിന് നഷ്ടമായത് (1–2). ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനെ 206 റൺസിൽ പിടിച്ചുനിർത്തിയ ആതിഥേയർ 14 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു.
മഴയെത്തുടർന്ന് വൈകി ആരംഭിച്ച മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിങ്സ് ആദ്യം 43 ഓവറായും പിന്നീട് 40 ഓവറായും ചുരുക്കിയിരുന്നു. അരങ്ങേറ്റ മത്സരത്തിൽ 3 വിക്കറ്റുമായി തിളങ്ങിയ വിൻഡീസ് പേസർ മാത്യു ഫോർഡ് മുൻനിരയെ തകർത്തതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 206 റൺസിൽ അവസാനിച്ചു.
മഴ വീണ്ടും വില്ലനായതോടെ ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 34 ഓവറിൽ 188 റൺസായി വിൻഡീസ് വിജയലക്ഷ്യം പുനർ നിശ്ചയിച്ചു. അർധ സെഞ്ചറി നേടിയ കിസി കാർഡിയുടെയും (50) അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഷെർഫാൻ റുഥർഫോഡിന്റെയും (28 പന്തിൽ 41) ബാറ്റിങ്ങാണ് വിൻഡീസ് ജയം ഉറപ്പാക്കിയത്.