‘എന്റെ വൃക്കകൾ 60 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ;12 വയസ്സിനുള്ളിൽ മരിക്കുമെന്ന് മാതാപിതാക്കൾ ഭയന്നു’
Mail This Article
വൃക്കരോഗബാധിതനായാണ് താൻ ജനിച്ചതെന്നും 12 വയസ്സിനപ്പുറം ജീവിക്കില്ലെന്ന് മാതാപിതാക്കൾ ഭയന്നെന്നും ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിന്റെ വെളിപ്പെടുത്തൽ. ഒരിക്കലും ഭേദമാകാത്ത അവസ്ഥയെ ഭക്ഷണ, വ്യായാമ ചിട്ടകളിലൂടെയാണ് താൻ നിയന്ത്രിക്കുന്നതെന്നും ഒരു ടിവി ചാനൽ അഭിമുഖത്തിൽ ഗ്രീൻ പറഞ്ഞു.
‘‘പൂർണ ആരോഗ്യവാൻമാരായ മനുഷ്യരുമായി താരതമ്യം ചെയ്യുമ്പോൾ എന്റെ വൃക്കകൾ 60 ശതമാനം മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഞാൻ 12 വയസ്സിനുള്ളിൽ മരിച്ചു പോകുമെന്നായിരുന്നു പല ഡോക്ടർമാരുടെയും വിലയിരുത്തൽ’’– ഇരുപത്തിനാലുകാരൻ ഗ്രീൻ പറഞ്ഞു. ‘‘ഉപ്പും പ്രോട്ടീനും വളരെക്കുറച്ചേ കഴിക്കാവൂ എന്നാണ് എനിക്കു കിട്ടിയ നിർദേശം. ഒരു ക്രിക്കറ്റ് താരത്തിന് ഇതു വളരെ ബുദ്ധിമുട്ടാണ്. എങ്കിലും മികച്ച കായികാധ്വാനത്തിലൂടെ ഞാൻ കൂടുതലായി ശരീരത്തിലെത്തുന്ന പ്രോട്ടീൻ അളവിനെ നിയന്ത്രിക്കുന്നു..’’– ഗ്രീൻ പറഞ്ഞു.