ലേലത്തിൽ വിളിച്ചെടുത്തത് ഉദ്ദേശിച്ച താരത്തെ തന്നെ: ആളു മാറിയെന്ന പ്രചാരണത്തിൽ പഞ്ചാബ്
Mail This Article
ദുബായ്∙ ഐപിഎൽ താരലേലത്തിനിടെ കളിക്കാരനെ മാറിവിളിച്ചുവെന്ന പ്രചാരണത്തിൽ മറുപടിയുമായി പഞ്ചാബ് കിങ്സ് രംഗത്ത്. താരലേലത്തിൽ ടീം ലക്ഷ്യമിട്ട താരങ്ങളുടെ പട്ടികയിലുണ്ടായിരുന്ന ആളെത്തന്നെയാണ് വിളിച്ചെടുത്തതെന്ന് പഞ്ചാബ് കിങ്സ് വ്യക്തമാക്കി. ഒരേ പേരിൽ രണ്ടു താരങ്ങൾ ഐപിഎൽ ലേലപ്പട്ടികയിൽ ഇടംപിടിച്ചതാണ് ആശയക്കുഴപ്പത്തിനു കാരണമായതെന്നും ടീം എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ച കുറിപ്പിൽ വിശദീകരിച്ചു. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ശശാങ്ക സിങ്ങിന്റെ കാര്യത്തിലാണ്, പഞ്ചാബ് ടീമിന് ആശയക്കുഴപ്പം സംഭവിച്ചതായി അഭ്യൂഹങ്ങൾ പ്രചരിച്ചത്.
‘‘ഞങ്ങൾ ലക്ഷ്യമിട്ട താരങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്ന വ്യക്തിയാണ് ശശാങ്ക് സിങ്. ലേലപ്പട്ടികയിൽ ഒരേ പേരിൽ രണ്ടു താരങ്ങൾ ഇടംപിടിച്ചതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ശശാങ്ക് സിങ്ങിനെ ടീമിലെത്തിക്കാനായതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അദ്ദേഹം ടീമിന്റെ വിജയത്തിന് നിർണായക സംഭാവനകൾ നൽകുന്നതു കാണാൻ കാത്തിരിക്കുന്നു’ – പഞ്ചാബ് കിങ്സ് കുറിച്ചു.
ഐപിഎലിൽ 10 മത്സരങ്ങളുടെ അനുഭവ സമ്പത്തുള്ള താരമാണ് മുപ്പത്തിരണ്ടുകാരനായ ശശാങ്ക് സിങ്. 17.25 ശരാശരിയിൽ 69 റൺസാണ് താരത്തിന്റെ സമ്പാദ്യം. സ്ട്രൈക്ക് റേറ്റ് 146.81. ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകളുടെ ഭാഗമായിരുന്നു. അതേസമയം, ഇതേ പേരിൽ 19 വയസ് മാത്രം പ്രായമുള്ള ഒരു താരവും ലേലപ്പട്ടികയിലുണ്ടായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇനിയും അരങ്ങറിയിട്ടില്ലാത്ത ഈ താരത്തെയാണ് പഞ്ചാബ് ഉദ്ദേശിച്ചിരുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ.
∙ ലേലത്തിൽ സംഭവിച്ചത്
ഐപിഎൽ താരലേലം ദുബായിലെ വേദിയിൽ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ലേലത്തിലുള്ള എല്ലാ താരങ്ങളുടേയും വിവരങ്ങൾ ക്ലബ് പ്രതിനിധികൾക്ക് അവരുടെ ലാപ്ടോപുകളിൽ ലഭ്യമാണ്. ഇതു പരിശോധിച്ച ശേഷം ആരെയൊക്കെ വാങ്ങണമെന്ന ധാരണയുമായാണ് ക്ലബുകൾ സാധാരണ ലേലത്തിനെത്തുക.
ശശാങ്ക് സിങ്ങിന്റെ പേര് ലേലത്തിനു നേതൃത്വം നൽകിയ മല്ലിക സാഗർ പറഞ്ഞപ്പോൾത്തന്നെ പഞ്ചാബ് കിങ്സ് താൽപര്യം അറിയിച്ചു. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ വാങ്ങാൻ മറ്റാരും മുന്നോട്ടു വന്നതുമില്ല. ഇതോടെ ശശാങ്കിനെ പഞ്ചാബ് സ്വന്തമാക്കിയതായി അറിയിപ്പു വന്നു. തൊട്ടുപിന്നാലെയാണ് ആശയക്കുഴപ്പം സംഭവിച്ചെന്ന വാദവുമായി പഞ്ചാബ് പ്രതിനിധികൾ എത്തിയത്. എന്നാല്‍ തീരുമാനം പിൻവലിക്കാനാകില്ലെന്നായിരുന്നു മല്ലിക സാഗറിന്റെ നിലപാട്. ഇതോടെ പഞ്ചാബിന് ശശാങ്ക് സിങ്ങിനെ വാങ്ങിയത് അംഗീകരിക്കേണ്ടിവന്നു.
ലേലത്തിൽ കിട്ടിയ ശശാങ്ക് സിങ്ങിന്റെ വിഡിയോ പഞ്ചാബ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. തന്റെ കഴിവിൽ വിശ്വാസമർപ്പിച്ച പഞ്ചാബ് കിങ്സ് ടീം മാനേജ്മെന്റിനു നന്ദി അറിയിക്കുന്നതായി ശശാങ്ക് സിങ് വിഡിയോയിൽ പറയുന്നു.