ലേലത്തിൽ കിട്ടിയത് 5.6 കോടി, കുടുംബത്തിന് സമാധാനത്തോടെ കഴിയാൻ ഒരു വീടു വേണം; ജീവിതത്തിന് ഇനി ശുഭാരംഭം
Mail This Article
ജയ്പുർ∙ ‘ ഒരു ക്രിക്കറ്റ് കിറ്റ് വാങ്ങാനുള്ള സാമ്പത്തികനില എന്റെ കുടുംബത്തിന് ഉണ്ടായിരുന്നില്ല. പാൻ മസാല സ്റ്റാളിൽനിന്നു ലഭിച്ച കാശിൽ നിന്നു മിച്ചംപിടിച്ചാണ് അച്ഛൻ എനിക്കൊരു ക്രിക്കറ്റ് ബാറ്റ് വാങ്ങിത്തന്നത്. അവർക്കു സമാധാനത്തോടെ കഴിയാൻ ആദ്യം ഒരു വീടു വാങ്ങണം. ’– ഐപിഎൽ മിനി താരലേലത്തിൽ 5.60 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തിയ വിദർഭയുടെ ഇരുപത്തേഴുകാരൻ ഇടംകൈ ബാറ്റർ ശുഭം ദുബെയുടെ ജീവിതലക്ഷ്യങ്ങളിൽ ആദ്യത്തേത് ഇതാണ്.
ആഭ്യന്തര ക്രിക്കറ്റിലെ വെടിക്കെട്ട് മധ്യനിര ബാറ്ററായ ശുഭം ദുബെ ഐപിഎൽ ലേലത്തിലെ നോട്ടപ്പുള്ളിയാണെന്ന് അറിയാമായിരുന്നെങ്കിലും 5 കോടിക്കു മുകളിൽ നേടുമെന്ന് ആരും പ്രതീക്ഷിച്ചില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 7 മത്സരങ്ങളിൽ നിന്ന് 185 സ്ട്രൈക്ക് റേറ്റിൽ 220 റൺസ് അടിച്ചുകൂട്ടിയാണ് ആഭ്യന്തര ക്രിക്കറ്റിൽ ശുഭം വരവറിയിച്ചത്. വിദർഭയിലെ സാധാരണ കുടുംബത്തിൽ ജനിച്ച ശുഭം ചെറുപ്പം മുതൽ ക്രിക്കറ്റിനു പിന്നാലെ ആയിരുന്നു.
പിതാവ് ബദ്രി പ്രസാദ് ദുബെയുടെ ദിവസവേതനമായിരുന്നു കുടുംബത്തിന്റെ ഏക വരുമാനം. ആഭ്യന്തര ടൂർണമെന്റുകൾ കളിച്ചാണ് ശുഭം തന്റെ ചെലവിനുള്ള പണം കണ്ടെത്തിയിരുന്നത്. പ്രഫഷനൽ ക്രിക്കറ്റിലേക്ക് കടന്നപ്പോൾ ക്രിക്കറ്റ് കിറ്റ് വാങ്ങാൻ പണമില്ലാതിരുന്ന ശുഭത്തിനു പിതാവ് തന്റെ സമ്പാദ്യം മുഴുവൻ ചെലവാക്കിയാണ് കിറ്റ് വാങ്ങിനൽകിയത്.
ശിവം ദുബെയല്ല, ഇതു ശുഭം ദുബെ
ശുഭം ദുബെ 5.60 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിലേക്ക് എന്ന വാർത്ത കേട്ടപ്പോൾ ചിലരെങ്കിലും ശിവം ദുബെയാണോ എന്നു ചിന്തിച്ചിരിക്കും. ശുഭം ദുബെയെന്ന് ഗൂഗിളിൽ തിരഞ്ഞാലും ശിവം ദുബെയുടെ ചിത്രങ്ങളും വിവരങ്ങളുമാണ് ആദ്യം ലഭിക്കുക. ഇവർ സഹോദരങ്ങളാണെന്നു കരുതിയവരുണ്ട്. എന്നാൽ ഇരുവർക്കും തമ്മിൽ ആഭ്യന്തര ക്രിക്കറ്റിൽ പരസ്പരം കളിച്ചുള്ള പരിചയം മാത്രമേ ഉള്ളൂ. മുംബൈ സ്വദേശിയായ ശിവം ദുബെ, ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയാണ് കളിക്കുന്നത്.