ഇസ്രയേൽ സൈന്യത്തെ പിന്തുണച്ചു, ദക്ഷിണാഫ്രിക്ക അണ്ടർ 19 ടീം ക്യാപ്റ്റനെ മാറ്റി
Mail This Article
ജൊഹാനസ്ബെർഗ്∙ ഇസ്രയേൽ സൈന്യത്തെ പിന്തുണച്ചതിന്റെ പേരിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരത്തെ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കി. ദക്ഷിണാഫ്രിക്കയുടെ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റൻ ഡേവിഡ് ടീഗറിനാണു സ്ഥാനം നഷ്ടമായത്. അതേസമയം താരത്തിനെ ടീമിൽനിന്നു പുറത്താക്കിയിട്ടില്ല. അടുത്ത ആഴ്ച അണ്ടർ 19 ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാനിരിക്കെയാണു നടപടി. പലസ്തീനെതിരായ സൈനിക നടപടിയെ ഡേവിഡ് ടീഗർ പിന്തുണച്ചു സംസാരിച്ചെന്നാണു വിവരം.
ടീം അംഗങ്ങളുടെ താൽപര്യം കണക്കിലെടുത്താണ് പുറത്താക്കലെന്നാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ വിശദീകരണം. താരത്തിന്റെ നിലപാട് വിവാദമായതോടെ ടീഗറിനെ ക്യാപ്റ്റനാക്കുന്നതിനെതിരെ ദക്ഷിണാഫ്രിക്കയിൽ പ്രതിഷേധമുയർന്നിരുന്നു. താരം കൂടി ആവശ്യപ്പെട്ടതിനാലാണു തീരുമാനമെന്നും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ജനുവരി 19നാണ് അണ്ടർ 19 ലോകകപ്പിനു തുടക്കമാകുന്നത്.
എതിർ അഭിപ്രായമുള്ളവരിൽനിന്ന് പ്രതിഷേധവും സംഘർഷവും ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണു താരത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തതെന്നും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ അറിയിച്ചു. പുതിയ ക്യാപ്റ്റൻ ആരെന്ന കാര്യം ഉടൻ തന്നെ അറിയിക്കുമെന്നും ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി.