ADVERTISEMENT

കൊൽക്കത്ത ∙ ക്യാപ്റ്റൻസിയുടെ പേരിൽ പലപ്പോഴും പ്രശംസ പിടിച്ചുപറ്റിയിട്ടുള്ള താരമാണ് രാജസ്ഥാൻ റോയൽ‌സ് നായകൻ സഞ്ജു സാംസൺ. സഹതാരങ്ങളുമായുള്ള ഇടപെടലും ഫീൽഡിൽ വരുത്തുന്ന നിർണായ മാറ്റങ്ങളും പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഈ സീസണിൽ പലപ്പോഴായി സ്പിന്നർ ആർ.അശ്വിനെ ബാറ്റിങ് പൊസിഷനിൽ നേരത്തെ ഇറക്കാനുള്ള സഞ്ജുവിന്റെ തീരുമാനത്തെ വിമർശിച്ച് ആരാധർ രംഗത്തെത്തി. ഇത്തരം പരീക്ഷണങ്ങൾ ടീമിന്റെ സമ്മർദം വർധിപ്പിക്കാൻ ഇടയാകുമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പടുകൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റു ചെയ്യുന്നതിനിടെയാണ് അശ്വിനെ വീണ്ടും നേരത്തെ ഇറക്കിയത്. ടീം സ്കോർ 4ന് 100 എന്ന നിലയിൽ നിൽക്കവെയാണ് അശ്വന്‍ ക്രീസിലെത്തിയത്. രാജസ്ഥാൻ ഇന്നിങ്സിന്റെ 9–ാം ഓവറിലായിരുന്നു ഇത്. റൺറേറ്റ് ഉയർത്തേണ്ട നിർണായക സമയത്ത് സ്കോർ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അശ്വിനെയാണ് പിന്നീടു കണ്ടത്. ഇതോടെ റോയൽസ് ക്യാംപിൽ സമ്മർദമേറി. 

ആറാമനായിറങ്ങിയ അശ്വിൻ 11 പന്തിൽ‌ 8 റൺസ് മാത്രം നേടി വരുൺ ചക്രവർത്തിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ആകെ ഒരു ബൗണ്ടറി മാത്രമാണ് താരത്തിന് നേടാനായത്. വമ്പനടികൾക്ക് കെൽപ്പുള്ള റോവ്മാൻ പവല‌ും ഷിമ്റോൺ ഹെറ്റ്മെയറും ഇരിക്കെയാണ് അശ്വിനെ ഇറക്കാനുള്ള തീരുമാനമെടുത്തതെന്നും ഇതു ന്യായീക‍രിക്കാനാവില്ലെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ കളിയിലും അശ്വിനെ ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറ്റി ഇറക്കിയിരുന്നു. അന്ന് അഞ്ചാമത് ബാറ്റിങ്ങിന് ഇറങ്ങിയ അശ്വിന്‍ 19 പന്തില്‍ നിന്ന് 29 റണ്‍സ് നേടി.

കൊൽക്കത്തയ്ക്കെതിരെ ഏഴാമനായി ക്രീസിലെത്തിയ ഹെറ്റ്മെയർ നേരിട്ട ആദ്യ പന്തിൽ പുറത്തായെങ്കിലും 13 പന്തിൽ 26 റൺസെടുത്ത പവലിന്റെ പ്രകടനം റോയൽസിന്റെ ഇന്നിങ്സിൽ നിർണായകമായി. അപരാജിത സെഞ്ചറിയുമായി തിളങ്ങിയ ജോസ് ബട്‌ലറാണ് (60 പന്തിൽ 107*) രാജസ്ഥാന് ‘രാജകീയ’ വിജയം ഉറപ്പിച്ചത്. വിജയലക്ഷ്യമായ 224 റൺസിലേക്ക് അവസാന പന്തിലാണ് റോയൽസ് എത്തിയത്. കളിച്ച ഏഴിൽ ആറു മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതാണ് രാജസ്ഥാൻ. കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നിവയാണ് ആദ്യ നാലിലുള്ള മറ്റു ടീമുകൾ‌.

English Summary:

Sanju Samson's Strategy Fails! Chakravarthy Clips Falcon Ashwin Anna's Wings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com