ADVERTISEMENT

മുംബൈ∙ ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യൻസ് ടീമിൽ ഗ്രൂപ്പിസം തുടരുകയാണെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ മൈക്കൽ ക്ലാർക്ക്. വ്യക്തിപരമായ മികവിനേക്കാളും കിരീടം വിജയിക്കാൻ ടീം ഒന്നാകെയുള്ള പ്രവർത്തനമാണു പ്രധാനമെന്ന് ക്ലാർക്ക് ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു. ‘‘മുംബൈ ഇന്ത്യന്‍സിന്റെ ഡ്രസിങ് റൂമിൽ ഇപ്പോഴും വ്യത്യസ്ത ഗ്രൂപ്പുകളുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. അവർ ഒരുമിച്ചല്ല പ്രവർത്തിക്കുന്നത്. ഒരു ടീമെന്ന നിലയിലല്ല അവർ ഐപിഎല്ലിൽ കളിക്കുന്നത്.’’– ഓസ്ട്രേലിയ മുൻ ക്യാപ്റ്റൻ വ്യക്തമാക്കി.

‘‘വ്യക്തിപരമായ മികവുകൾ കാരണം ചില കളികൾ മുംബൈ ഇന്ത്യൻ‌സ് ജയിച്ചിട്ടുണ്ടാകാം. രോഹിത് മറ്റൊരു സെഞ്ചറി കൂടി നേടുമ്പോഴോ, ഹാർദിക് പാണ്ഡ്യ ബാറ്റിങ്ങിൽ തിളങ്ങുമ്പോഴോ, ജസ്പ്രീത് ബുമ്ര വീണ്ടും മികച്ച പ്രകടനം നടത്തുമ്പോഴോ അതുണ്ടാകാം. വലിയ ടൂര്‍ണമെന്റുകൾ വിജയിക്കണമെങ്കിൽ നിങ്ങൾക്ക് മികച്ച ടീമിനെ തന്നെ ആവശ്യമായി വരും. വ്യക്തിഗത മികവു കൊണ്ടുമാത്രം കാര്യമില്ല.’’

ഒരു ടീമെന്ന നിലയിൽ മുംബൈ ഇന്ത്യൻസിന്റേതു നല്ല പ്രകടനമല്ലെന്നും ക്ലാര്‍ക്ക് വ്യക്തമാക്കി. രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ടിം ഡേവിഡ്, ജസ്പ്രീത് ബുമ്ര തുടങ്ങി മികച്ച താരങ്ങളുണ്ടായിട്ടും പോയിന്റ് പട്ടികയിൽ നേട്ടമുണ്ടാക്കാൻ മുംബൈയ്ക്കു സാധിച്ചിട്ടില്ല. പത്ത് മത്സരങ്ങളിൽ മൂന്നെണ്ണം മാത്രം വിജയിച്ച മുംബൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.

ഏഴു കളികളും ഹാർദിക് പാണ്ഡ്യ നയിക്കുന്ന ടീം തോറ്റു. പത്താം സ്ഥാനത്തുള്ള റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും ആറു പോയിന്റാണുള്ളത്. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് മുംബൈ ഇന്ത്യൻസിനെ നാലു വിക്കറ്റുകൾക്കു തോൽപിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത മുംബൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നാലു പന്തുകൾ ബാക്കിനിൽക്കെ ലക്നൗ വിജയത്തിലെത്തി.

English Summary:

Divide In Mumbai Indians Team?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com