ഋഷഭ് പന്തിന് ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാകാൻ സാധിക്കും: സൗരവ് ഗാംഗുലി
Mail This Article
ന്യൂഡൽഹി ∙ ഋഷഭ് പന്ത് മികച്ച ക്യാപ്റ്റനാണെന്നും ഭാവിയിൽ കൂടുതൽ മികവിലേക്കുയരാൻ പന്തിനു സാധിക്കുമെന്നും ഡൽഹി ക്യാപിറ്റൽസ് ഡയറക്ടർ സൗരവ് ഗാംഗുലി. ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഡൽഹിയുടെ 19 റൺസ് വിജയത്തിനു പിന്നാലെയായിരുന്നു ഗാംഗുലിയുടെ പ്രതികരണം. ‘ ഐപിഎലിലെ യുവ ക്യാപ്റ്റൻമാരിൽ ഏറ്റവും ശ്രദ്ധേയനാണ് പന്ത്.
ഇത്രയും വലിയ അപകടത്തിനു ശേഷം അദ്ദേഹം ക്രിക്കറ്റ് ഫീൽഡിലേക്ക് തിരിച്ചുവരുമെന്ന് ആരും കരുതിയില്ല. എന്നാൽ ഈ സീസണിൽ ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും പന്തിന്റെ പ്രകടനം എന്നെ അദ്ഭുതപ്പെടുത്തി. ഓരോ മത്സരം കഴിയുംതോറും പന്തിന്റെ ക്യാപ്റ്റൻസി മെച്ചപ്പെട്ടുവരികയാണ്. ഭാവിയിൽ ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാകാൻ പന്തിനു സാധിക്കും’ ഗാംഗുലി പറഞ്ഞു.
ലക്നൗവിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടാനേ ലക്നൗവിനു സാധിച്ചുള്ളൂ. 14 മത്സരങ്ങളിൽ നിന്ന് 14 പോയിന്റ് നേടിയെങ്കിലും ഡൽഹിയുടെ പ്ലേ ഓഫ് പ്രതീക്ഷ ഏറക്കുറെ അസ്തമിച്ചു. രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്തു.