ADVERTISEMENT

അഹമ്മദാബാദ് ∙ ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി ഐപിഎൽ പ്ലേഓഫിനു യോഗ്യത നേടിയത് വെറുതെയല്ലെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തെളിയിച്ചു. കിരീടപ്പോരാട്ടത്തിലേക്ക് ഒരടികൂടി വച്ച് ഒന്നാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് അനായാസ ജയം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കൊൽക്കത്തയുടെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൺറൈസേഴ്സ് നേടിയത് 19.3 ഓവറിൽ 159 റൺസ്. ബാറ്റെടുത്തവരെല്ലാം തിളങ്ങിയതോടെ 38 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി കൊൽക്കത്ത വിജയത്തിലെത്തി.

തോറ്റെങ്കിലും കലാശപ്പോരിനു യോഗ്യത നേടാൻ സൺറൈസേഴ്സിന് ഒരു അവസരം കൂടിയുണ്ട്. ബുധനാഴ്ച നടക്കുന്ന രാജസ്ഥാൻ റോയൽസ് – റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു എലിമിനേറ്റർ മത്സര വിജയികളുമായി വെള്ളിയാഴ്ചയാണ് രണ്ടാം ക്വാളിഫയർ പോരാട്ടം. ഞായറാഴ്ച ഇതേ വേദിയിലാണ് ഫൈനൽ.

അർധസെഞ്ചറികളുമായി പടനയിച്ച വെങ്കടേഷ് അയ്യർ – ശ്രേയസ് അയ്യർ സഖ്യമാണ് ഒന്നാം ക്വാളിഫയറിൽ കൊൽക്കത്തയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത അർധസെഞ്ചറി കൂട്ടുകെട്ടും വിജയം അനായാസമാക്കി. വെറും 44 പന്തിൽനിന്ന് ഇരുവരും കൂട്ടിച്ചേർത്തത് 97 റൺസാണ്.

ശ്രേയസ് അയ്യർ 24 പന്തിൽ അഞ്ച് ഫോറും നാലു സിക്സും സഹിതം 58 റൺസുമായി പുറത്താകാതെ നിന്ന് ടോപ് സ്കോററായി. വെങ്കടേഷ് അയ്യർ 28 പന്തിൽ അഞ്ച് ഫോറും നാലു സിക്സും സഹിതം 51 റൺസോടെയും പുറത്താകാതെ നിന്നു. ഫിൽ സാൾട്ടിന്റെ അഭാവത്തിൽ ഓപ്പണറായി എത്തിയ റഹ്മാനുള്ള ഗുർബാസ് 14 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 23 റൺസെടുത്തും സുനിൽ നരെയ്ൻ 16 പന്തിൽ നാലു ഫോറുകളോടെ 21 റൺസെടുത്തും പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 20 പന്തിൽ 44 റൺസ് കൂട്ടിച്ചേർത്തു. സൺറൈസേഴ്സിനായി നടരാജൻ മൂന്ന് ഓവറിൽ 22 റൺസ് വഴങ്ങിയും ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മൂന്ന് ഓവറിൽ 38 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

∙ കരുത്തുകാട്ടി ത്രിപാഠി, കമ്മിൻസ്, ക്ലാസൻ

നേരത്തേ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൺറൈസേഴ്സ് മൂന്നു പന്തുകൾ ബാക്കിയാക്കി 159 റൺസിന് എല്ലാവരും പുറത്തായി. ഏറ്റവും പ്രതീക്ഷ വച്ചിരുന്ന ഓപ്പണർമാർ തീർത്തും നിരാശപ്പെടുത്തിയ മത്സരത്തിൽ രാഹുൽ ത്രിപാഠിയുടെ അർധസെഞ്ചറി പ്രകടനമാണ് സൺറൈസേഴ്സിനു രക്ഷയായത്. ത്രിപാഠി 35 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 55 റൺസെടുത്ത് ടോപ് സ്കോററായി.

ശ്രേയസ്സ് അയ്യർ (Photo by INDRANIL MUKHERJEE / AFP)
ശ്രേയസ്സ് അയ്യർ (Photo by INDRANIL MUKHERJEE / AFP)

ത്രിപാഠിക്കു പുറമേ 21 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 32 റൺസെടുത്ത ഹെൻറിച് ക്ലാസൻ, 12 പന്തിൽ രണ്ടു സിക്സുകൾ സഹിതം 16 റൺസെടുത്ത അബ്ദുൽ സമദ്, അവസാന ഘട്ടത്തിൽ റണ്ണടിച്ചു കൂട്ടിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (24 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 30) എന്നിവരും മാത്രമാണ് തിളങ്ങിയത്. അഞ്ചാം വിക്കറ്റിൽ ത്രിപാഠി – ക്ലാസൻ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടാണ് അവർക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 36 പന്തിൽ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 62 റൺസാണ്. അവസാന വിക്കറ്റിൽ വിജയകാന്തിനെ കൂട്ടുപിടിച്ച് 21 പന്തിൽ 33 റൺസ് കൂട്ടിച്ചേർത്ത ക്യാപ്റ്റൻ കമ്മിൻസിന്റെ പ്രകടനവും നിർണായകമായി.

ഈ സീസണിൽ ഉടനീളം സൺറൈസേഴ്സിന്റെ കുതിപ്പിനു കടിഞ്ഞാൺ പിടിച്ച ഓപ്പണർമാരുടെ വൻ പരാജയമാണ് ആദ്യ ക്വാളിഫയറിൽ അവർക്കു തിരിച്ചടിയായത്. സ്കോർ ബോർഡ് തുറക്കും മുൻപേ ട്രാവിസ് ഹെഡിനെയും (0), രണ്ടാം ഓവറിൽ അഭിഷേക് ശർമയേയും (3) അവർക്കു നഷ്ടമായി. ഹെഡിനെ മിച്ചൽ സ്റ്റാർക്കും ശർമയെ വൈഭവ് അറോറയും പുറത്താക്കി. നിതീഷ് റെഡ്ഡി (10 പന്തിൽ ഒൻപത്), ഷഹബാസ് അഹമ്മദ് (0) എന്നിവരും നിരാശപ്പെടുത്തിയതോടെ സൺറൈസേഴ്സ് അഞ്ച് ഓവറിൽ നാലിന് 39 റൺസ് എന്ന നിലയിൽ തകർന്നു.

ഇതിനു ശേഷമായിരുന്നു അവരെ രക്ഷപ്പെടുത്തിയ ത്രിപാഠി – ക്ലാസൻ കൂട്ടുകെട്ട്. ക്ലാസനെ പുറത്താക്കി വരുൺ ചക്രവർത്തിയാണ് സൺറൈസേഴ്സ് ഇന്നിന്റെ നട്ടെല്ലായ കൂട്ടുകെട്ടു പൊളിച്ചത്. അബ്ദുൽ സമദ് 12 പന്തിൽ രണ്ടു സിക്സറുകൾ സഹിതം 16 റൺസെടുത്ത് പുറത്തായി. ത്രിപാഠി നിർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ടായി. സൻവീർ സിങ് (0), ഭുവനേശ്വർ കുമാർ (0) എന്നിവരും നിരാശപ്പെടുത്തി. അവസാന വിക്കറ്റിൽ 21 പന്തിൽ 33 റൺസ് കൂട്ടിച്ചേർത്ത കമ്മിൻസ് – വിജയകാന്ത് സഖ്യമാണ് സൺറൈസേഴ്സിനെ 150 കടത്തിയത്. വിജയകാന്ത് 5 പന്തിൽ 7 റൺസുമായി പുറത്താകാതെ നിന്നു.

കൊൽക്കത്തയ്ക്കായി മിച്ചൽ സ്റ്റാർക്ക് നാല് ഓവറിൽ 32 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. വരുൺ ചക്രവർത്തി നാല് ഓവറിൽ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. സുനിൽ നരെയ്ൻ നാല് ഓവറിൽ 40 റൺസ് വഴങ്ങിയും ഹർഷിത് റാണ നാല് ഓവറിൽ 27 റൺസ് വഴങ്ങിയും വൈഭവ് അറോറ രണ്ട് ഓവറിൽ 17 റൺസ് വഴങ്ങിയും ആന്ദ്രെ റസ്സൽ 1.3 ഓവറിൽ 15 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

Sunrisers Hyderabad's Travis Head (L) and Abhishek Sharma celebrate their win against Lucknow Super Giants at the Indian Premier League (IPL) Twenty20 cricket match in the Rajiv Gandhi International Stadium of Hyderabad on May 8, 2024. (Photo by Noah SEELAM / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --
ഹൈദരാബാദ് താരങ്ങളായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും. Photo: NoahSEELAM/AFP
English Summary:

IPL 2024 Qualifier 1, Kolkata Knight Riders vs Sunrisers Hyderabad Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com