ADVERTISEMENT

സമ്പൂർണ ആധിപത്യം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– സൺറൈസേഴ്സ് ഹൈദരാബാദ് ക്വാളിഫയർ പോരാട്ടത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും മേൽക്കൈ നിലനിർത്തിയ കൊൽക്കത്ത, ഹൈദരാബാദിനെ എട്ടു വിക്കറ്റിനു തകർത്തെറിഞ്ഞാണ് ഐപിഎല്ലിലെ നാലാം ഫൈനൽ ഉറപ്പിച്ചത്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായിരുന്ന കൊൽക്കത്ത അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ഒന്നാം നമ്പർ പ്രകടനമാണു നടത്തിയത്. പന്തു കൊണ്ട് മിച്ചൽ സ്റ്റാർ‍ക്കും സ്പിന്നർമാരും തുടങ്ങിവച്ച ജോലി, അർധ സെഞ്ചറികളുമായി ശ്രേയസ് അയ്യരും വെങ്കടേഷ് അയ്യരും നിഷ്പ്രയാസം പൂർത്തിയാക്കി. 

ട്വിസ്റ്റുകളില്ലാതിരുന്ന മത്സരം മുഴുവൻ സമയവും ഏകപക്ഷീയമായിരുന്നെന്നു പറയാം. മുൻപ് 2012, 2014, 2021 സീസണുകളിലാണ് കൊൽക്കത്ത ഐപിഎൽ ഫൈനൽ കളിച്ചിട്ടുള്ളത്. ആദ്യ രണ്ടു തവണയും കിരീടവുമായി മടങ്ങിയപ്പോൾ, മൂന്നാം വട്ടം ചെന്നൈ സൂപ്പർ കിങ്സിനോട് അടിപതറിയതാണു ചരിത്രം. 2014ന് ശേഷം വീണ്ടുമൊരു കിരീടം എന്ന ലക്ഷ്യം പൂർത്തിയാക്കാനുള്ള എല്ലാ കരുത്തും ഈ ടീമിനുണ്ട്. മേയ് 26ന് ഫൈനലിൽ എതിരാളികൾ ആരായാലും കൊൽക്കത്തയെ കീഴടക്കാൻ നന്നായി വിയർക്കേണ്ടിവരും. 2018 മുതൽ ഇങ്ങോട്ട് ആദ്യ ക്വാളിഫയർ ജയിച്ച് ഫൈനലിലെത്തിയ ടീമിന് കിരീടം നഷ്ടമായിട്ടില്ലെന്ന ശീലവും ഐപിഎല്ലിലുണ്ട്.

സ്റ്റാർക്കിന്റെ മാസ്, സ്പിന്നർമാരുടെ ക്ലാസ്; ഹൈദരാബാദിനെ രക്ഷിച്ചത് ത്രിപാഠിയും കമിൻസും

24.75 കോടി രൂപയുടെ കണക്കും പറഞ്ഞ് ഇനി ആരും ഈ വഴി വരണ്ട. സീസണിന്റെ തുടക്കത്തിൽ തല്ലുവാങ്ങിക്കൂട്ടിയ മിച്ചൽ സ്റ്റാർക്ക് കൃത്യസമയത്ത് തന്റെ ക്ലാസ് പുറത്തെടുത്തു. ഹൈദരാബാദ് ബാറ്റർമാർനിന്നു വിറച്ച മത്സരത്തിൽ ട്രാവിസ് ഹെ‍ഡ്, നിതീഷ് കുമാര്‍ റെഡ്ഡി, ഷഹബാസ് അഹമ്മദ് എന്നീ മുൻനിരക്കാരെ ഒന്നിനു പുറകേ ഒന്നായി കൂടാരം കയറ്റി സ്റ്റാർക്ക്. മധ്യ ഓവറുകളിൽ സ്പിന്നർമാരും അവസരത്തിനൊത്ത് ഉയർന്നതോടെയാണ് ഹൈദരാബാദ് 159 എന്ന സ്കോറിൽ ഒതുങ്ങിയത്. ഹൈദരാബാദിന്റെ നാലു വിക്കറ്റുകൾ വീഴ്ത്തിയത് കൊൽക്കത്തയുടെ സ്പിന്നർമാർ ആയിരുന്നു (വരുൺ ചക്രവർത്തി–2, സുനിൽ നരെയ്ൻ–1), ഹർഷിത് റാണ–1). കൂട്ടത്തകർച്ച ഒഴിവാക്കി അർധ സെഞ്ചറി നേടിയ രാഹുൽ ത്രിപാഠി, പുറത്തായതിനു പിന്നാലെ ഡ്രസിങ് റൂമിലേക്കുള്ള വഴിയിൽ ഇരുന്ന് മുഖം മറച്ച് പൊട്ടിക്കരഞ്ഞത് അഹമ്മദാബാദിലെ സങ്കടക്കാഴ്ചയായി.

kkr-s-2
ആന്ദ്രെ റസ്സലും മിച്ചൽ സ്റ്റാർക്കും മത്സരത്തിനിടെ. Photo: X@KKR

ആദ്യ പന്തു മുതൽ അവസാനം വരെ ബൗണ്ടറികൾ മാത്രം ലക്ഷ്യമാക്കി ബാറ്റു ചെയ്യുന്നതാണ് ‘ടിപ്പിക്കൽ’ സൺറൈസേഴ്സ് ശൈലി. എന്നാൽ കൊൽക്കത്തയ്ക്കെതിരെ അതു നടപ്പായില്ല. പവർപ്ലേകളിൽ അടിച്ചുകസറാറുള്ള ഹൈദരാബാദ് ഓപ്പണർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും കൊൽക്കത്തയുടെ ഇരച്ചെത്തിയ പന്തുകൾക്കു മുന്നിൽ വിറച്ചു വീണു. ആദ്യ റൺസെടുക്കുന്നതിനു മുൻപേ ഹൈദരാബാദിന് ഹെഡിനെ നഷ്ടമായി. ഓസ്ട്രേലിയൻ ടീമിലെ കൂട്ടുകാരൻ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ഹെഡ് ക്ലീൻ ബോൾഡായി. 

kkr-s-1
വിക്കറ്റു വീഴ്ത്തിയ വരുൺ ചക്രവർത്തിയുടെ ആഹ്ലാദം. Photo: X@KKR

രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ അഭിഷേക് ശർമയ്ക്കും പിഴച്ചു. മൂന്ന് റൺസ് മാത്രമെടുത്ത അഭിഷേകിനെ ഇന്ത്യൻ പേസർ വൈഭവ് അറോറ ആന്ദ്രെ റസ്സലിന്റെ കൈകളിലെത്തിച്ചു. എന്നാൽ അഞ്ചാം ഓവറിലാണ് ഹൈദരാബാദിന്റെ യഥാർഥ പേടിസ്വപ്നമായി സ്റ്റാർക്ക് ആഞ്ഞടിച്ചത്. അവസാന രണ്ടു പന്തുകളിൽ നിതിഷ് റെഡ്ഡിയെയും ഷഹബാസ് അഹമ്മദിനെയും വീഴ്ത്തി, ഹൈദരാബാദിനെ സ്റ്റാർക്ക് 39ന് നാല് എന്ന നിലയിലേക്ക് ഒതുക്കി. പവർപ്ലേയില്‍ ആകെ 45 റൺസാണ് ഹൈദരാബാദ് ബാറ്റർമാർക്കു നേടാൻ സാധിച്ചത്.

സ്റ്റാർക്ക് കൊടുങ്കാറ്റിൽ വിക്കറ്റുകൾ വീണപ്പോഴും രാഹുൽ ത്രിപാഠി ഒരറ്റത്ത് പിടിച്ചുനിന്നത് തുണയായത് പവർപ്ലേയ്ക്കു ശേഷമായിരുന്നു. ഹെൻറിച് ക്ലാസനെ കൂട്ടുപിടിച്ച് ത്രിപാഠി നടത്തിയ രക്ഷാപ്രവർത്തനം ഹൈദരാബാദിനെ 100 കടത്തി. 29 പന്തുകളിൽ ത്രിപാഠി അർധ സെഞ്ചറിയിലെത്തി. 11-ാം ഓവറിലെ അവസാന പന്തിൽ സ്പിന്നർ വരുൺ ചക്രവർത്തിയെ സിക്സർ പറത്താന്‍ ശ്രമിച്ച ഹെൻറിച് ക്ലാസനു പിഴച്ചു. ബൗണ്ടറി ലൈനിനോടു ചേർന്ന് റിങ്കു സിങ് പന്ത് പിടിച്ചെടുത്ത് ക്ലാസൻ– ത്രിപാഠി കൂട്ടുകെട്ട് പൊളിച്ചു. 

kkr-s-3
കൊൽക്കത്ത താരങ്ങൾ മത്സരത്തിനിടെ. Photo: X@KKR

സ്കോർ 121 ല്‍ നിൽക്കെയാണ് രാഹുൽ ത്രിപാഠിയുടെ പുറത്താകൽ. റസ്സലും റഹ്മാനുല്ല ഗുർബാസും ചേർന്ന് ത്രിപാഠിയെ റൺഔട്ടാക്കുകയായിരുന്നു. പന്തു നേരിട്ട അബ്ദുൽ സമദ് മറുവശത്ത് ഓടിയെത്തുമ്പോഴും, രാഹുൽ ത്രിപാഠി പിച്ചിൽ ഓടാൻ മടിച്ചുനിൽക്കുകയായിരുന്നു. ക‍ൃത്യമായ ഫീല്‍ഡിങ്ങിലൂടെ റസ്സൽ പന്തു കൈമാറിയതോടെ കൊൽക്കത്ത കീപ്പർ അതിവേഗം ബെയ്ൽസ് ഇളക്കി. ഇംപാക്ട് പ്ലേയറായി ഇറങ്ങിയ ഇന്ത്യൻ താരം സൻവിർ സിങ് ഒരു ഇംപാക്ടുമില്ലാതെ പോയി. സുനിൽ നരെയ്ന്റെ ആദ്യ പന്തിൽ താരം ബോൾ‍ഡായി. അബ്ദുൽ സമദും (15), ഭുവനേശ്വർ കുമാറും (പൂജ്യം) പിന്നാലെ പുറത്തായതോടെ ബാറ്റിങ്ങിൽ ഹൈദരാബാദിന്റെ സാധ്യതകൾ‍ ഏറക്കുറെ അവസാനിച്ചിരുന്നു. എന്നാൽ ക‍ൃത്യസമയത്ത് ക്യാപ്റ്റൻ പാറ്റ് കമിൻസ് നടത്തിയ കൗണ്ടര്‍ അറ്റാക്ക് ഹൈദരാബാദിനെ 150 കടത്തി. രണ്ടു വീതം സിക്സും ഫോറും അടിച്ച കമിൻസ് 24 പന്തിൽ 30 റൺസെടുത്താണു പുറത്തായത്. അവസാന നാല് ഓവറുകളിൽ അടിച്ച 34 റൺസാണ് ഹൈദരാബാദിനെ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത്.

ഐപിഎല്ലിലെ മികച്ച പത്താം വിക്കറ്റ് കൂട്ടുകെട്ടുകൾ

55– ശിഖര്‍ ധവാൻ, എം. രാതി (പഞ്ചാബ് കിങ്സ്) 2023

33– പാറ്റ് കമിന്‍സ്, വിയസ്കാന്ത് (സൺറൈസേഴ്സ് ഹൈദരാബാദ്) 2024

31– ടോം കറൻ, അങ്കിത് രാജ്പുത് (രാജസ്ഥാൻ റോയല്‍സ്) 2020

31– ആന്ദ്രെ റസ്സൽ, സി.വി. വരുൺ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്) 2023

പ്ലേ ഓഫിൽ കൊൽക്കത്തയുടെ മികച്ച ബോളിങ് പ്രകടനങ്ങൾ

4/21– സുനിൽ നരെയ്ൻ (ബെംഗളൂരുവിനെതിരെ), 2021

3/13 - ഉമേഷ് യാദവ് (പഞ്ചാബിനെതിരെ), 2014

3/20 - നേതൻ കോൾട്ടർനൈൽ (ഹൈദരാബാദിനെതിരെ), 2017

3/34– മിച്ചൽ സ്റ്റാർക്ക് (ഹൈദരാബാദിനെതിരെ), 2024

3/35 -കുൽദീപ് യാദവ് (ഹൈദരാബാദിനെതിരെ), 2016

അനായാസം ഫൈനൽ എന്‍ട്രി

അനായാസമായിരുന്നു കൊൽക്കത്തയുടെ മറുപടി ബാറ്റിങ്. സ്കോർ അതിവേഗം ഉയര്‍ന്ന ഇന്നിങ്സിൽ റഹ്മാനുല്ല ഗുർബാസും സുനിൽ നരെയ്നും ഓപ്പണിങ് വിക്കറ്റിൽ കൂട്ടിച്ചേർത്തത് 44 റൺസ്. വിക്കറ്റു വീഴ്ത്താനുള്ള സമ്മർദത്തിൽ തുടക്കത്തിൽ തന്നെ രണ്ട് ഡിആര്‍എസ് അവസരങ്ങളും ഹൈദരാബാദ് ഉപയോഗിച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല. 14 പന്തിൽ 23 റൺസെടുത്ത റഹ്മാനുല്ല ഗുർബാസിനെ മത്സരത്തിലെ നാലാം ഓവറിൽ ടി. നടരാജനാണു പുറത്താക്കിയത്. പവർപ്ലേയിൽ കൊൽക്കത്ത നേടിയത് 63 റൺസായിരുന്നു. ഏഴാം ഓവറിലെ രണ്ടാം പന്തിൽ സുനിൽ നരെയ്നെ (21 റൺസ്) പാറ്റ് കമിൻസ് മടക്കി. പക്ഷേ കൊൽക്കത്തയ്ക്കെതിരെ പൊരുതിനിൽക്കാൻ ഹൈദരാബാദിന് അതൊന്നും മതിയായിരുന്നില്ല. വെങ്കടേഷ് അയ്യർക്കൊപ്പം കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരും ചേർന്നതോടെ 9.4 ഓവറിൽ സ്കോർ 100 പിന്നിട്ടിരുന്നു.

kkr-s-5
വിക്കറ്റ് വീഴ്ത്തിയ ഹൈദരാബാദ് പേസർ ടി. നടരാജനെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ. Photo: X@SRH

ഫീൽഡിങ് പിഴവുകൾ ഇടയ്ക്കിടെ ആവർത്തിച്ച ഹൈദരാബാദ് താരങ്ങളിൽ തോൽവിയുടെ സമ്മർദം തുടക്കം മുതൽ പ്രകടമായിരുന്നു. ശ്രേയസ് അയ്യര്‍– വെങ്കടേഷ് അയ്യർ അപരാജിത കൂട്ടുകെട്ട് തുടർന്നതോടെ 38 പന്തുകൾ‍ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത വിജയമുറപ്പിച്ചു. ട്രാവിസ് ഹെഡ് എറിഞ്ഞ 14–ാം ഓവറിൽ മൂന്നു സിക്സും ഒരു ഫോറും ബൗണ്ടറി കടത്തിയാണ് ശ്രേയസ് അയ്യര്‍ കൊൽക്കത്തയുടെ വിജയ റൺസ് കുറിച്ചത്. വൻ തോൽവി വഴങ്ങിയെങ്കിലും ഫൈനലിലെത്താൻ ഹൈദരാബാദിന് ഒരു അവസരം കൂടി ബാക്കിയുണ്ട്. ബുധനാഴ്ച നടക്കുന്ന രാജസ്ഥാൻ– ബെംഗളൂരു മത്സരത്തിലെ വിജയികളെ തോൽപിച്ചാൽ ഹൈദരാബാദിന് ഫൈനലിൽ കൊൽക്കത്തയെ ഒരിക്കൽ കൂടി നേരിടാൻ വഴിയൊരുങ്ങും.

English Summary:

IPL, Kolkata Knight Riders beat Sunrisers Hyderabad in qualifier 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com