ഇന്ത്യയുടെ വിജയത്തെക്കാൾ ചർച്ചയായത് പിച്ചിന്റെ നിലവാരത്തകർച്ച
Mail This Article
ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തെക്കാൾ ചർച്ചയായത് പിച്ചിന്റെ നിലവാരത്തകർച്ചയാണ്. ഐപിഎൽ മത്സരങ്ങൾ കണ്ടുശീലിച്ച ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തുന്ന മത്സരമായിരുന്നു ഇത്. ട്വന്റി20 ലോകകപ്പ് മത്സരത്തിന്റെ ഒരു പകിട്ടും അവകാശപ്പെടാനില്ലാത്ത പോരാട്ടം. അയർലൻഡിന്റെ ഭാഗത്തുനിന്ന് അദ്ഭുതങ്ങളോ അട്ടിമറികളോ പ്രതീക്ഷിച്ചില്ലെങ്കിലും ഗ്രൂപ്പിൽ പാക്കിസ്ഥാൻ കഴിഞ്ഞാൽ ഇന്ത്യയ്ക്ക് അൽപമെങ്കിലും വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള ടീമായിരുന്നു അവർ. എന്നാൽ ഒരു നിലവാരവുമില്ലാത്ത ഈ പിച്ചിൽ, ഇന്ത്യൻ പേസർമാർക്കു മുന്നിൽ അവർ നിഷ്പ്രഭരായിപ്പോയി.
ടെസ്റ്റ് മത്സരങ്ങളിൽ കാണുന്ന തരം ബൗൺസും മൂവ്‌മെന്റുമാണ് ഇവിടെ പന്തുകൾക്കു ലഭിക്കുന്നത്. ഇതോടെ ബാറ്റർമാർ തുടക്കം മുതൽ പ്രതിരോധത്തിലേക്കു വലിഞ്ഞു. ഇതെല്ലാം മത്സരത്തിന്റെ രസംകൊല്ലിയായി. മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ഉൾപ്പെടെ അപ്രതീക്ഷിത ബൗൺസ് മൂലം പരുക്കേറ്റു. ക്രിക്കറ്റ് വളർത്തുക എന്ന ലക്ഷ്യത്തോടെ ലോകകപ്പ് യുഎസിലേക്കു പറിച്ചു നടന്നതിൽ തെറ്റില്ല. പക്ഷേ, അതിനൊപ്പം പിച്ചുകളുടെ നിലവാരവും കളിക്കാരുടെ സുരക്ഷിതത്വവും കൂടി ഉറപ്പാക്കണം.