ADVERTISEMENT

ബുമ്രയുടെ ലെഗ് സൈഡ് ഫുൾടോസിലാണ് ഇഫ്തിഖർ അഹമ്മദ് ഔട്ടായത്. എന്തുകൊണ്ടാകാം ബുമ്രയുടെ ഫുൾടോസ് പോലും ബാറ്റർമാർക്കു ബൗണ്ടറി കടത്താൻ സാധിക്കാത്തത്? ഉത്തരം വളരെ ലളിതം; ബുമ്ര എന്ന പേര് ബാറ്റർമാരുടെ മനസ്സിലുണ്ടാക്കുന്ന ഭയം. അതുകാരണമാണ് ബുമ്രയുടെ ഫുൾടോസ് പോലും അവർക്കു കളിക്കാൻ സാധിക്കാത്തത്’’ഇന്ത്യ– പാക്കിസ്ഥാൻ ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയുടെ പ്രകടനത്തെക്കുറിച്ച് മുൻ പാക്ക് ക്യാപ്റ്റൻ വഖാർ യൂനിസ് പറഞ്ഞ വാക്കുകളാണിത്.

19 ഓവറിൽ 119 റൺസിനു പുറത്തായിട്ടും ഇടവേളയിൽ ഒരു സമ്മർദവുമില്ലാതെ ഡഗൗട്ടിൽ ചിരിച്ചുകളിച്ചിരിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു ധൈര്യം നൽകിയത് ബുമ്ര എന്ന പേരായിരുന്നു. 4 ഓവറിൽ 14 റൺസ് വഴങ്ങി 3 പ്രധാന പാക്ക് ബാറ്റർമാരെ പുറത്താക്കിയ ബുമ്രയാണ് പാക്കിസ്ഥാനെതിരായ ട്വന്റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് 6 റൺസിന്റെ ആവേശജയം സമ്മാനിച്ചവരിൽ പ്രധാനി.

ബാബറിനെ ഞെട്ടിച്ചു!

ബുമ്ര എറിഞ്ഞ അഞ്ചാം ഓവറിലെ മൂന്നാം പന്ത് ഒരു പുൾ ഷോട്ടിലൂടെ ബാബർ അസം ബൗണ്ടറി കടത്തുന്നു. മത്സരത്തിൽ പാക്കിസ്ഥാൻ ആധിപത്യമുറപ്പിച്ചെന്ന് കാണികൾ കരുതിയ നിമിഷം. ഷോർട്ട് ബോൾ ബൗണ്ടറി കടത്തിയതിനാൽ അടുത്ത പന്ത് ബുമ്ര യോർക്കറോ ഗുഡ് ലെങ്തോ എറിയുമെന്ന പ്രതീക്ഷയിൽ ഫ്രണ്ട് ഫൂട്ടിലേക്ക് ആഞ്ഞുനിൽക്കുന്ന ബാബർ. എന്നാൽ ബാബറിനെ അമ്പരപ്പിച്ചുകൊണ്ട് വീണ്ടും ബുമ്രയുടെ ഷോർട്ട് ബോൾ. ഓഫ് സ്റ്റംപിനു പുറത്ത്, ജസ്റ്റ് ഷോർട്ട് ഓഫ് ഗുഡ് ലെങ്ത്തിൽ പിച്ച് ചെയ്ത പന്ത് ആംഗിളിൽ അകത്തേക്കെത്തി, ചെറുതായി പുറത്തേക്കു സ്വിങ് ചെയ്യുന്നു. പ്രതീക്ഷിച്ചതിൽ കൂടുതൽ ബൗൺസും സ്വിങ്ങുമായി വന്ന പന്തിൽനിന്നു ബാറ്റ് ഒഴിവാക്കാൻ ബാബറിനു സമയം ലഭിച്ചില്ല. ബാറ്റിൽ ഉരസിയ പന്ത് സ്‌ലിപ്പിൽ സൂര്യകുമാറിന്റെ കൈകളിലേക്ക്.

ബാബര്‍ അസം പുറത്തായി മടങ്ങുന്നു.
ബാബര്‍ അസം പുറത്തായി മടങ്ങുന്നു.

അടിതെറ്റി റിസ്‌വാൻ

14 ഓവറിൽ 3ന് 80 എന്ന നിലയിൽ പാക്കിസ്ഥാൻ വിജയമുറപ്പിച്ചു നിൽക്കുമ്പോഴാണ് ബുമ്രയുടെ രണ്ടാം സ്പെൽ. 15–ാം ഓവറിലെ ആദ്യപന്ത് സ്‌ലോഗ് ഷോട്ടിലൂടെ ബൗണ്ടറി കടത്തി ബുമ്രയുടെ ആത്മവിശ്വാസം തകർക്കാനായിരുന്നു റിസ്‌വാന്റെ ശ്രമം. എന്നാൽ, ഗുഡ് ലെങ്ത്തിൽ പിച്ച് ചെയ്ത്, പ്രതീക്ഷിച്ചതിലും താഴ്ന്നെത്തിയ പന്ത് റിസ്‌വാന്റെ മിഡി‍ൽ സ്റ്റംപ് ഇളക്കി. മത്സരത്തിലേക്ക് ഇന്ത്യ തിരിച്ചെത്തിയ നിമിഷം.

മുഹമ്മദ് റിസ്വാൻ പുറത്തായപ്പോൾ
മുഹമ്മദ് റിസ്വാൻ പുറത്തായപ്പോൾ

ഫുൾടോസിൽ ഇഫ്തിഖർ

19–ാം ഓവറിൽ വീണ്ടും ബുമ്ര. പാക്കിസ്ഥാനു ജയിക്കാൻ 2 ഓവറിൽ വേണ്ട‌ത് 21 റൺസ്. ആദ്യ 5 പന്തുകളിൽ ബുമ്ര വിട്ടുനൽകിയത് വെറും 3 റൺസ്. അതോടെ സമ്മർദം കൂടിയ പാക്ക് ബാറ്റർ ഇഫ്തിഖർ അഹമ്മദ് അവസാന പന്തിൽ ബൗണ്ടറിക്കായി ഒരുങ്ങുന്നു. യോർക്കർ പ്രതീക്ഷിച്ച് തയാറായി നിന്ന ഇഫ്തിഖറിനെ തേടിയെത്തിയത് ലെഗ് സ്റ്റംപിൽ ഒരു ലോ ഫുൾടോസ്. അപ്രതീക്ഷിതമായി ലഭിച്ച ലോ ഫുൾടോസ് കണക്ട് ചെയ്തെങ്കിലും ഫൈൻ ലെഗിൽ അർഷ്ദീപ് സിങ്ങിന്റെ കയ്യിൽ ആ ഷോട്ട് അവസാനിക്കുന്നു. മത്സരത്തിൽ പാക്കിസ്ഥാൻ തോൽവി ഉറപ്പിച്ച നിമിഷം.

ഇഫ്തിഖർ അഹമ്മദിനെ പുറത്താക്കിയ ബുമ്രയുടെ ആഹ്ലാദം
ഇഫ്തിഖർ അഹമ്മദിനെ പുറത്താക്കിയ ബുമ്രയുടെ ആഹ്ലാദം
English Summary:

How Jasprit Bumrah thrashed Pakistan in T20 World Cup?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com