ADVERTISEMENT

ന്യൂയോർക്ക്∙ ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിനെ നാലു റൺസിനു തോൽപിച്ചാണ് ദക്ഷിണാഫ്രിക്ക സൂപ്പർ 8 റൗണ്ടിലേക്കു കടന്നത്. 2024 ലോകകപ്പിൽ സൂപ്പർ 8 ലെത്തുന്ന ആദ്യ ടീമായി ഇതോടെ ദക്ഷിണാഫ്രിക്ക. എന്നാൽ അംപയറുടെ ഒരു തീരുമാനത്തിന്റെ പേരിലാണ് ബംഗ്ലദേശ്– ദക്ഷിണാഫ്രിക്ക മത്സരം വിവാദത്തിലായത്. ബംഗ്ലദേശിന് അർഹമായൊരു ബൗണ്ടറി അംപയറുടെ പിഴവുകാരണം നഷ്ടമായെന്നാണ് ആരാധകരുടെ പരാതി. മത്സരത്തിന്റെ 17–ാം ഓവറിലായിരുന്നു സംഭവം. അപ്പോൾ ബംഗ്ലദേശിന് ജയിക്കാൻ വേണ്ടിയിരുന്നത് 24 പന്തിൽ 27 റൺസ്.

ദക്ഷിണാഫ്രിക്കൻ പേസർ ബാർട്മാനെറിഞ്ഞ ഓവറിലെ രണ്ടാം പന്ത് ബംഗ്ലദേശ് ബാറ്റർ മഹ്മൂദുല്ല ഫ്ലിക് ചെയ്യാൻ ശ്രമിച്ചു. താരത്തിന്റെ പാഡിൽ ഇടിച്ച പന്ത് ബൗണ്ടറിയിലെത്തി. എന്നാൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾ എൽബിഡബ്ല്യുവിനായി അപ്പീൽ ചെയ്തതോടെ അംപയർ ഔട്ട് അനുവദിച്ചു. തുടര്‍ന്ന് ബംഗ്ലദേശ് ബാറ്റർ ഡിആര്‍എസിനു പോയി. റീപ്ലേകളിൽ പന്ത് വിക്കറ്റില്‍ തട്ടില്ലെന്നു വ്യക്തമായതോടെ അംപയർ തീരുമാനം പിൻവലിച്ചു.

പക്ഷേ ഈ പന്തിൽ നേടിയ ബൗണ്ടറിയും ബംഗ്ലദേശിന് നഷ്ടമായിരുന്നു. ഇതു സംബന്ധിച്ച ഐസിസിയുടെ നിയമമാണ് ബംഗ്ലദേശിനു തിരിച്ചടിയായത്. ഐസിസി ചട്ടം പ്രകാരം ഒരു പന്ത് അംപയർ ഔട്ട് വിളിച്ചാൽ അത് ഡെഡ് ബോളായാണു കണക്കാക്കുന്നത്. ആ പന്തിലെ റണ്ണൊന്നും ബാറ്റിങ് ടീമിനു കിട്ടില്ല. ഡിആർഎസ് പോയി അംപയര്‍ തീരുമാനം പിൻവലിച്ചാലും നേടിയ റൺസ് ടീമിനു ലഭിക്കില്ല.

ഇതു കാരണമാണ് ബംഗ്ലദേശിന് നാലു റൺസ് കിട്ടാതെ പോയത്. മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചതും നാലു റൺസിനായിരുന്നു. ഇതോടെ അംപയർമാർക്കെതിരെയും വിമര്‍ശനം ശക്തമായി. ഐസിസി നിയമം മാറ്റിയെഴുതണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തിൽ 113 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ ഏഴിന് 107 റൺസെടുക്കാൻ മാത്രമാണു ബംഗ്ലദേശിനു സാധിച്ചത്.

English Summary:

The controversial DRS rule that denied Bangladesh 4 runs in T20 World Cup loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com