മുൻ ഇന്ത്യന്‍ ക്രിക്കറ്റർ ഡേവിഡ് ജോൺസണ്‍ അപ്പാർട്ട്മെന്റിൽനിന്നു വീണു മരിച്ചു
Mail This Article
ബെംഗളൂരു∙ മുൻ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോൺസണ്‍ വീടിന്റെ ബാൽക്കണിയിൽനിന്നു വീണുമരിച്ചു. ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിന്റെ ബാൽക്കണിയിൽനിന്നു താഴേക്കു വീണാണ് അപകടമുണ്ടായത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡേവിഡ് ജോൺസൺ ആത്മഹത്യ ചെയ്തതാണെന്നു സംശയമുണ്ടെന്നു കോതനൂർ പൊലീസ് പ്രതികരിച്ചു.
അമിതമായ മദ്യപാനത്തെത്തുടർന്ന് ഡേവിഡ് ജോൺസന്റെ ആരോഗ്യനില വഷളായിരുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഭാര്യയ്ക്കും മൂന്നു കുട്ടികൾക്കുമൊപ്പമാണ് ഡേവിഡ് ജോൺസൺ താമസിച്ചിരുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ച ആശുപത്രിയിലേക്കു പോയ ഡേവിഡ് ജോൺസൺ മൂന്നു ദിവസം മുൻപായിരുന്നു ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയത്. താരത്തിന് സാമ്പത്തിക പ്രയാസങ്ങളുണ്ടായിരുന്നതായും വിവരമുണ്ട്.
കർണാടകയ്ക്കു വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ താരം, 1996ൽ ബോർഡര്‍– ഗാവസ്കർ ട്രോഫി ടെസ്റ്റിലാണ് ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായി ഡർബനിൽ നടന്ന ടെസ്റ്റിലും കളിച്ചെങ്കിലും പിന്നീട് ടീമിൽ അവസരം ലഭിച്ചില്ല. 2001/02 സീസൺ വരെ കർണാടകയ്ക്കായി കളിച്ചിരുന്നു. 90 കളിൽ കർണാടക ആധിപത്യം നിലനിർത്തിയിരുന്ന കാലത്ത് ജവഗൽ ശ്രീനാഥ്, വെങ്കടേഷ് പ്രസാദ്, ദൊഡ്ഡ ഗണേഷ് എന്നിവർക്കൊപ്പം ജോൺസണും ടീമിലുണ്ടായിരുന്നു.