ബോളിങ് പരിശീലകനായി മോണി മോർക്കലിനെ വേണം; ബിസിസിഐയ്ക്കു മുന്നിൽ ഗംഭീറിന്റെ ‘ഡിമാൻഡ്’!
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബോളിങ് പരിശീലകനായി ദക്ഷിണാഫ്രിക്കൻ താരം മോണി മോർക്കലിനെ കൊണ്ടുവരാൻ നിയുക്ത പരിശീലകൻ ഗൗതം ഗംഭീറിന്റെ നീക്കം. ബോളിങ് പരിശീലകനെന്ന നിലയിൽ മോണി മോർക്കലിനെ പരിശീലക ടീമിന്റെ ഭാഗമാക്കുന്നതിനുള്ള താൽപര്യം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ (ബിസിസിഐ) അറിയിച്ചതായി ‘ക്രിക്ബസ്’ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ ബിസിസിഐ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് വിവരം. മോർക്കലിനു പുറമേ മുൻ ഇന്ത്യൻ താരങ്ങളായ ലക്ഷ്മിപതി ബാലാജി, വിനയ് കുമാർ, സഹീർ ഖാൻ എന്നിവരുടെ പേരുകളും ബോളിങ് പരിശീലക സ്ഥാനത്തേക്കു പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ബോളിങ് പരിശീലകനായിരുന്നു മോർക്കൽ. എന്നാൽ, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായുള്ള (പിസിബി) കരാർ കാലാവധി പൂർത്തിയാകും മുൻപേ അദ്ദേഹം ജോലി രാജിവച്ചു.
2006 മുതൽ 2018 വരെ രാജ്യാന്തര ക്രിക്കറ്റിൽ സജീവമായിരുന്ന മോർക്കൽ, ദക്ഷിണാഫ്രിക്കയ്ക്കായി 86 ടെസ്റ്റുകളും 117 ഏകദിനങ്ങളും 44 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെലിവിഷൻ അവതാരകയായ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം ഓസ്ട്രേലിയയിലാണ് മോർക്കൽ സ്ഥിരതാമസം. ഇന്ത്യൻ ബോളിങ് പരിശീലകനാകുന്നതുമായി ബന്ധപ്പെട്ട് മോർക്കലുമായി പ്രാഥമിക ചർച്ചകൾ നടന്നതായും റിപ്പോർട്ടുണ്ട്.
ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ലക്നൗ സൂപ്പർ ജയന്റ്സിൽ ഒരുമിച്ചു പ്രവർത്തിച്ചുള്ള പരിചയമാണ് മോർക്കലിനെ ഇന്ത്യൻ ടീമിന്റെ പരിശീലക സംഘത്തിലേക്ക് എത്തിക്കാനുള്ള ഗംഭീറിന്റെ നീക്കങ്ങൾക്കു പിന്നിൽ. ലക്നൗവിൽ ഗംഭീർ ടീമിന്റെ മെന്ററായിരുന്ന ഘട്ടത്തിൽ രണ്ടു വർഷവും ടീമിന്റെ ബോളിങ് പരിശീലകനായിരുന്നു മോർക്കൽ. ഗംഭീർ പിന്നീട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്കും മുഖ്യ പരിശീലകൻ ആൻഡി ഫ്ലവർ ആർസിബിയിലേക്കും പോയെങ്കിലും, പുതിയ പരിശീലകൻ ജസ്റ്റിൻ ലാംഗറിനു കീഴിൽ മോർക്കൽ ലക്നൗവിൽ തുടർന്നു. രാജ്യാന്തര ക്രിക്കറ്റിലും ഐപിഎലിലും മികച്ച പരിശീലകനെന്ന നിലയിൽ മുദ്ര പതിപ്പിച്ചിട്ടുള്ള താരമാണ് മോർക്കൽ.
അതിനിടെ, ടീമിന്റെ ഫീൽഡിങ് പരിശീലക സ്ഥാനത്തേക്ക് മറ്റൊരു ദക്ഷിണാഫ്രിക്കക്കാരനായ ജോണ്ടി റോഡ്സിനെ കൊണ്ടുവരാനും ഗംഭീർ ശ്രമം നടത്തുന്നതായി റിപ്പോർട്ടുണ്ട്.ഗംഭീർ ഇക്കാര്യം ബിസിസിഐയ്ക്കു മുന്നിൽ അവതരിപ്പിച്ചെങ്കിലും അനുകൂലമായ പ്രതികരണമല്ല ലഭിച്ചതെന്നാണ് വിവരം. ഗംഭീറിന്റെ അഭ്യർഥന ബിസിസിഐ തള്ളിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സപ്പോർട്ട് സ്റ്റാഫായി ഇന്ത്യക്കാർ മാത്രം മതിയെന്നാണ് ബിസിസിഐയുടെ നിലപാടെന്നും റിപ്പോർട്ടിൽ പറയുന്നു.