ADVERTISEMENT

ധാംബുള്ള (ശ്രീലങ്ക)∙ ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റിൽ രണ്ടാം മത്സരത്തിൽ യുഎഇയെ‌യും വീഴ്ത്തി ഇന്ത്യ സെമിയിൽ. ബാറ്റർമാരും ബോളർമാരും ഒരുപോലെ തിളങ്ങിയ മത്സരത്തിൽ, 78 റൺസിനാണ് ഇന്ത്യ യുഎഇയെ വീഴ്ത്തിയത്. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (47 പന്തിൽ 66), റിച്ച ഘോഷ് (29 പന്തിൽ പുറത്താകാതെ 64) എന്നിവരാണ് ഇന്ത്യയുടെ വിജയശിൽപികൾ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യൻ വനിതകൾ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 201 റൺസ്. യുഎഇയുടെ മറുപടി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 123 റൺസിൽ അവസാനിച്ചു.

ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ഏഴു വിക്കറ്റിനു തോൽപ്പിച്ച ഇന്ത്യ, യുഎഇയ്‌ക്കെതിരായ വിജയത്തോടെ ഗ്രൂപ്പ് എയിൽനിന്ന് സെമിയിലേക്കു മുന്നേറി. രണ്ടു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയിൽ പ്രവേശിക്കുക. ആദ്യ മത്സരത്തിൽ നേപ്പാളിനോട് ആറു വിക്കറ്റിനു പരാജയപ്പെട്ട യുഎഇ, സെമി കാണാതെ പുറത്തായി.

നാലാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത ഹർമൻപ്രീത് കൗർ – ജമീമ റോഡ്രിഗസ് സഖ്യവും (39 പന്തിൽ 54 റൺസ്), അഞ്ചാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത ഹർമൻപ്രീത് കൗർ – റിച്ച ഘോഷ് സഖ്യവുമാണ് (45 പന്തിൽ 75 റൺസ്) ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഹർമൻപ്രീത് 47 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതമാണ് 66 റൺസെടുത്തത്. റിച്ച ഘോഷ് 29 പന്തിൽ 12 ഫോറും ഒരു സിക്സും സഹിതം 64 റൺസെടുത്തും പുറത്താകാതെ നിന്നു. 18 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 37 റൺസെടുത്ത ഓപ്പണർ ഷഫാലി വർമയും മികച്ചുനിന്നു. സ്മൃതി മന്ഥന ഒൻപതു പന്തിൽ ഓരോ സിക്സും ഫോറും സഹിതം 13 റൺസെടുത്ത് പുറത്തായി.

ഹേമലത (നാലു പന്തിൽ രണ്ട്), ജമീമ റോഡ്രിഗസ് (13 പന്തിൽ 14) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. യുഎഇയ്‌ക്കായി കവിഷ നാല് ഓവറിൽ 36 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ യുഎഇയ്ക്ക് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉണർത്താനായില്ല. 32 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 40 റൺസുമായി പുറത്താകാതെ നിന്ന കവിഷയാണ് അവരുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ഇഷ രോഹിത് ഓസ 36 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 38 റൺസെടുത്തു. ഇവർക്കു പുറമേ യുഎഇ നിരയിൽ രണ്ടക്കത്തിലെത്തിയത് 13 പന്തിൽ ഒരു ഫോർ സഹിതം 10 റൺസെടുത്ത ഖുഷി ശർമ മാത്രം.

ഇന്ത്യയ്ക്കായി ദീപ്തി ശർമ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. രേണുക സിങ്, തനൂജ കൻവർ, പൂജ വസ്ത്രകാർ, രാധാ യാദവ് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

English Summary:

Asia Cup, India vs UAE Cricket Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com