ADVERTISEMENT

മുംബൈ∙ ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി20 ടീമുകളിൽ ഓപ്പണിങ് ബാറ്റർ ഋതുരാജ് ഗെയ്ക്‌വാദിന് ഇടം ലഭിക്കാത്തതിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം എസ്. ബദ്രിനാഥ്. ശ്രീലങ്കൻ പര്യടനത്തിൽ ഋതുരാജ് ഗെയ്ക്‌വാദ് കളിക്കുന്നില്ലെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് ബദ്രിനാഥ് സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി. ‘‘റിങ്കു സിങ്, ഋതുരാജ് ഗെയ്ക്‌‍വാദ് തുടങ്ങിയവർക്കൊന്നും ടീമിൽ സ്ഥാനമില്ല. നിങ്ങൾക്ക് ബോളിവുഡ് നടികളുമായി ബന്ധം വേണമെന്ന് ചിലപ്പോൾ തോന്നും. നല്ലൊരു മീഡിയ മാനേജരും ശരീരത്തിൽ ടാറ്റുവും ഉണ്ടാകേണ്ടത് ആവശ്യമാണ്.’’– സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ബദ്രിനാഥ് ആരോപിച്ചു.

ഇന്ത്യയുടെ സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ കളിച്ച ഋതുരാ‍ജ് ഗെയ്‍ക്‌വാദ് മൂന്നു മത്സരങ്ങളിൽനിന്ന്, ഏഴ്, 77, 49 സ്കോറുകളാണു നേടിയത്. അഞ്ചാം മത്സരത്തിൽ താരം കളിച്ചിരുന്നില്ല. സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് എന്നിവർ ടീമിലേക്കു തിരിച്ചെത്തിയതോടെയാണ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 ടീമിൽനിന്ന് ഋതുരാജ് ഗെയ്ക്‌വാദ് പുറത്തായത്. വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം യുവതാരം യശസ്വി ജയ്സ്വാളാണ് ട്വന്റി20 പരമ്പരയില്‍ ടീം ഇന്ത്യയുടെ ഓപ്പണര്‍.

മലയാളി താരം സഞ്ജു സാംസൺ രണ്ടാം വിക്കറ്റ് കീപ്പറായി ട്വന്റി20 ടീമിനൊപ്പമുണ്ടാകും. പക്ഷേ മൂന്നു മത്സരങ്ങളുള്ള പരമ്പരയിൽ താരത്തിന് കളിക്കാൻ അവസരം ലഭിച്ചേക്കില്ല. ഋഷഭ് പന്താണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. സൂര്യകുമാർ യാദവ് നയിക്കുന്ന ട്വന്റി20 ടീമിൽ യുവതാരങ്ങളായ റിയാൻ പരാഗ്, രവി ബിഷ്ണോയി എന്നിവരും ഇടം നേടി. അര്‍ഷ്ദീപ് സിങ്, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ് എന്നിവരാണു പേസർമാർ.

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ട്വന്റി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാള്‍, റിങ്കു സിങ്, റിയാൻ പരാഗ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, രവി ബിഷ്ണോയി, അർഷ്ദീപ് സിങ്, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്

English Summary:

Need Relationships With Actresses: S Badrinath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com