സഹപരിശീലകരുടെ കാര്യത്തിൽ ‘കൺഫ്യൂഷൻ’; ഗംഭീറിനൊപ്പം അഭിഷേക്, ഡോഷെ, ദിലീപ് ശ്രീലങ്കയിലേക്ക്
Mail This Article
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നിയുക്ത പരിശീലകൻ ഗൗതം ഗംഭീറിനൊപ്പം ശ്രീലങ്കൻ പര്യടനത്തിൽ സഹപരിശീലകരായി അഭിഷേക് നായരും റയാൻ ടെൻ ഡോഷെയും ടി.ദിലീപും ശ്രീലങ്കയിലേക്ക്. പരിശീലക സംഘത്തെ നിയമിക്കുന്ന കാര്യത്തിൽ ഗംഭീറും ബിസിസിഐയും തമ്മിൽ ധാരണയിലെത്താൻ വൈകുന്ന സാഹചര്യത്തിലാണ്, ശ്രീലങ്കൻ പര്യടനത്തിനായി താൽക്കാലിക സംവിധാനം. രാഹുൽ ദ്രാവിഡിന്റെ പരിശീലക സംഘത്തിൽ ഫീൽഡിങ് പരിശീലകനായിരുന്ന ടി.ദിലീപിന്റെ കാലാവധി നീട്ടിനൽകുമെന്ന സൂചനകൾ ശരിവച്ചാണ് അദ്ദേഹത്തെ ശ്രീലങ്കയിലേക്ക് അയയ്ക്കുന്നത്.
പരിശീലകരെന്ന നിലയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഗംഭീറിനൊപ്പം ഒരുമിച്ചു പ്രവർത്തിച്ചിട്ടുള്ളവരാണ് അഭിഷേകും റയാനും. ഇതിൽ ബാറ്റിങ് പരിശീലകനായി അഭിഷേക് നായർക്ക് സ്ഥിരം നിയമനം ലഭിക്കുമെന്ന് റിപ്പോർട്ടുണ്ട്. ടി.ദിലീപും ഫീൽഡിങ് പരിശീലകനായി തുടരാനാണ് സാധ്യത.
അതേസമയം, ബോളിങ് പരിശീലകന്റെ കാര്യത്തിൽ ഗംഭീറിനും ബിസിസിഐയ്ക്കും സമവായത്തിലെത്താനായിട്ടില്ല. ദക്ഷിണാഫ്രിക്കയുടെ മുൻ താരം മോണി മോർക്കൽ, ഇന്ത്യയുടെ മുൻ താരങ്ങളായ വിനയ് കുമാർ, ലക്ഷ്മിപതി ബാലാജി തുടങ്ങിയ പേരുകൾ ഗംഭീർ മുന്നോട്ടു വച്ചെങ്കിലും ബിസിസിഐ അംഗീകരിച്ചിട്ടില്ല. സഹീർ ഖാനെ ബോളിങ് പരിശീലകനാക്കാൻ ബിസിസിഐയ്ക്ക് താൽപര്യമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീം തിങ്കളാഴ്ച ഉച്ചയ്ക്ക് മുംബൈയിൽനിന്ന് കൊളംബോയിലേക്കു പോകും. ഇന്ത്യൻ ടീം പുറപ്പെടുന്നതിനു മുൻപായി ഇന്ത്യൻ പരിശീലകനായി ഗംഭീറിനെ അവതരിപ്പിക്കുമെന്നാണ് വിവരം. ജൂലൈ 22ന് മുംബൈയിൽ വാർത്താ സമ്മേളനം നടത്താൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുണ്ട്. ഇന്ത്യൻ ട്വന്റി20 ടീമിന്റെ പുതിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തേക്കും.