ADVERTISEMENT

മുംബൈ∙ അടുത്ത വർഷത്തെ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) സീസണിനു മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കെ, വിവിധ ടീമുകൾ വമ്പൻ മാറ്റങ്ങൾക്ക് തയാറെടുക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ തീർത്തും മോശം പ്രകടനവുമായി നോക്കൗട്ടിലെത്താതെ പുറത്തായ മുംബൈ ഇന്ത്യൻസ്, മഹേന്ദ്രസിങ് ധോണി കരിയറിന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കേ തലമുറ മാറ്റത്തിന് തയാറെടുക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങിയ ടീമുകളെല്ലാം പുതിയ സീസണിലേക്കുള്ള ഒരുക്കം തുടങ്ങിയതായി വിവിധ ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

റിപ്പോർട്ടുകൾ പ്രകാരം രോഹിത് ശർമ, സൂര്യകുമാർ യാദവ് തുടങ്ങിയവർ ഇത്തവണ മുംബൈ ഇന്ത്യൻസ് വിട്ടേക്കും. ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിച്ച് നായകനാക്കിയതു മുതൽ ടീമിനുള്ളിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളുടെ തുടർച്ചയായാണ് ഇരുവരുടെയും പുറത്തുപോകൽ. നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രോഹിത്തിനെയും സൂര്യയെയും ടീമിലെത്തിക്കാൻ ശ്രമിക്കുമെന്നാണ് റിപ്പോർട്ട്. സൂര്യകുമാർ മുൻപ് കൊൽക്കത്തയുടെ താരമായിരുന്നു.

നിലവിൽ ഡൽഹി ക്യാപിറ്റൽസ് നായകനായ ഋഷഭ് പന്തിനെ അടുത്ത സീസണിൽ പുതിയൊരു ടീമിൽ കാണാനാണ് സാധ്യത. മുഖ്യ പരിശീലകൻ റിക്കി പോണ്ടിങ്ങിനു പിന്നാലെ ക്യാപ്റ്റൻ ഋഷഭ് പന്തിനെയും റിലീസ് ചെയ്ത് മുഖം മിനുക്കാനൊരുങ്ങുകയാണ് ഡൽഹി. അങ്ങനെയെങ്കിൽ, ധോണിയുടെ പിൻഗാമിയായി പന്തിനെ പാളയത്തിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്സും ശ്രമം നടത്തുമെന്നാണ് വിവരം. ധോണി അടുത്ത വർഷം ഐപിഎലിൽ സജീവമായി കളത്തിലിറങ്ങാൻ സാധ്യത വിരളമാണെന്നും, അങ്ങനെയെങ്കിൽ പന്തിനെ ടീമിലെത്തിച്ച് പകരക്കാരനെ ഉറപ്പിക്കാനാകും ടീം മാനേജ്മെന്റ് ശ്രമിക്കുകയെന്നും വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ കെ.എൽ. രാഹുലും അടുത്ത സീസണിൽ പുതിയ തട്ടകം തേടുമെന്നാണ് വിവരം. കഴിഞ്ഞ ഐപിഎൽ സീസണിനിടെ ടീം ഉടമ സഞ്ജീവ് ഗോയങ്കയും രാഹുലും തമ്മിലുള്ള വാക്പോര് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. രാഹുലിനെ ടീമിലെത്തിക്കാൻ റോയൽ ചാലഞ്ചേഴ്സ് ശ്രമിക്കുമെന്നാണ് റിപ്പോർട്ടിലെ സൂചന. രാഹുലിനെ നായകനാക്കിയുള്ള പരീക്ഷണമാണ് ബെംഗളൂരു പ്ലാൻ ചെയ്യുന്നത്. കഴിഞ്ഞ മൂന്നു സീസണുകളിൽ ടീമിനെ നയിച്ച ഫാഫ് ഡുപ്ലേസിക്കു കീഴിൽ കിരീടം നേടാൻ ബെംഗളൂരുവിനു സാധിച്ചിരുന്നില്ല.

ഐപിഎൽ താരലേലത്തിൽ പ്രമുഖ വിദേശ താരങ്ങളെ സ്ഥിരമായി സ്വന്തമാക്കുന്ന പതിവുള്ള ബെംഗളൂരു, ഇത്തവണ ഇന്ത്യൻ താരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിവരം. ഡുപ്ലേസിയെ ടീം നിലനിർത്തിയേക്കില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതുവരെ കിരീടം നേടാനായിട്ടില്ലെന്ന നാണക്കേടു മാറ്റാൻ, ഇന്ത്യൻ താരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നല്ലൊരു ടീം കെട്ടിപ്പടുക്കാനാണ് ആർസിബിയുടെ ശ്രമം.

English Summary:

Rishabh Pant To Replace Dhoni In CSK, Rohit And SKY To Leave MI; KL Rahul To Captain RCB In IPL 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com