ഇതൊക്കെ വെരിഫൈഡ് പേജിൽ പറയാൻ ധൈര്യമുണ്ടോ?: സാനിയ വിവാഹ വാർത്തയിൽ ആദ്യമായി പ്രതികരിച്ച് ഷമി
Mail This Article
മുംബൈ∙ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയെ വിവാഹം ചെയ്യാൻ പോകുന്നുവെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങളോട് ആദ്യമായി പ്രതികരിച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവരെ ഷമി കടുത്ത ഭാഷയിൽ വിമർശിച്ചു. ഇത്തരം തമാശകൾ രസകരമായി തോന്നുമെങ്കിലും, മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുമെന്ന് മനസ്സിലാക്കണമെന്ന് ഷമി അഭ്യർഥിച്ചു. യുട്യൂബർ ശുഭാങ്കർ മിശ്രയുമായി സംസാരിക്കുമ്പോഴാണ് ഷമി വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ചത്.
‘‘സമൂഹമാധ്യമങ്ങളിൽ വ്യാപരിക്കുന്നവർ കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നാണ് എന്റെ അഭ്യർഥന. എല്ലാവരും ദയവു ചെയ്ത് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് പിൻമാറണം’ – ഷമി ആവശ്യപ്പെട്ടു.
‘‘വൃത്തികെട്ട തമാശയ്ക്കായി ആരോ മനഃപൂർവം ചെയ്തതാണ് ഇത്. ഇതിൽ ഞാൻ എന്തു ചെയ്യാനാണ്? ഫോൺ തുറന്നാൽ ഞാനും കാണുന്നത് ഇത്തരം അരോചകമായ കാര്യങ്ങളാണ്. ഇതെല്ലാം തമാശയ്ക്കായി ചെയ്യുന്നതാണെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ, മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള തമാശകൾ പ്രചരിപ്പിക്കണോ എന്ന് ഓരോരുത്തരും ചിന്തിക്കണം. ഇത്തരക്കാർ വ്യാജ പേജുകളിലൂടെയാണ് ഇതുപോലുള്ള അനാവശ്യങ്ങൾ പ്രചരിപ്പിക്കുന്നത്. വായിൽ തോന്നുന്നതെല്ലാം അവർ പാടി നടക്കുന്നു’ – ഷമി പറഞ്ഞു.
‘‘ഇവരോട് എനിക്ക് ഒറ്റക്കാര്യമേ പറയാനുള്ളൂ. ഇതെല്ലാം ഔദ്യോഗിക പേജുകളിലൂടെ പറയാനുള്ള ആർജവം ആരെങ്കിലും കാണിച്ചാൽ ഞാൻ തീർച്ചയായും മറുപടി പറയാം.’’ – ഷമി പറഞ്ഞു.