ഒടുവിൽ കളിച്ച ഏകദിനത്തിൽ സെഞ്ചറിയടിച്ച സഞ്ജുവുമില്ല, സെഞ്ചറി നേടിയ അഭിഷേക് ട്വന്റി20ക്കുമില്ല: വിമർശിച്ച് തരൂർ
Mail This Article
തിരുവനന്തപുരം∙ ഏറ്റവും ഒടുവിൽ കളിച്ച ഏകദിനത്തിൽ സെഞ്ചറി നേടിയ മലയാളി താരം സഞ്ജു സാംസണിനെ, ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽനിന്ന് തഴഞ്ഞ സിലക്ടർമാർക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയിൽ സെഞ്ചറി നേടിയ യുവതാരം അഭിഷേക് ശർമയെ ട്വന്റി20 ടീമിൽനിന്ന് തഴഞ്ഞതിനെയും തരൂർ വിമർശിച്ചു. മികച്ച പ്രകടനങ്ങൾ കണക്കിലെടുക്കുന്ന രീതി ഇന്ത്യൻ ക്രിക്കറ്റിലില്ലെന്നും തരൂർ സമൂഹമാധ്യമത്തിൽ കുറിച്ചു.
‘‘ഈ മാസം അവസാനം നടക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ടീം സിലക്ഷൻ കൗതുകമുണർത്തുന്നതാണ്. ഏറ്റവും ഒടുവിൽ കളിച്ച ഏകദിനത്തിൽ സെഞ്ചറി നേടിയ സഞ്ജു സാംസൺ ഏകദിന ടീമിലില്ല. സിംബാബ്‍വെയ്‌ക്കെതിരായ പരമ്പരയിൽ സെഞ്ചറി നേടിയ അഭിഷേക് ശർമ ട്വന്റി20 ടീമിലുമില്ല. ഇന്ത്യൻ ജഴ്സിയിൽ മികച്ച പ്രകടനങ്ങൾ നടത്തിയാലും പരിഗണിക്കപ്പെടുന്നത് അപൂർവമാണ്. എന്തായാലും ഇന്ത്യൻ ടീമിന് ആശംസകൾ നേരുന്നു.’’ – തരൂർ കുറിച്ചു.
ഇന്ത്യ ഏറ്റവുമൊടുവിൽ ഒരു ഏകദിന പരമ്പര കളിച്ചത് കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2–1ന് വിജയിച്ചു. രണ്ടാം മത്സരം ജയിച്ച് പരമ്പരയിലേക്കു തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കയെ അവസാന കളിയിൽ തോൽപിച്ചാണ് ഇന്ത്യ 2–1ന് മുന്നിലെത്തിയത്. 78 റൺസിന് ഇന്ത്യ വിജയിച്ച ആ മത്സരത്തിൽ സെഞ്ചറി നേടി കളിയിലെ താരമായത് മലയാളി താരം സഞ്ജു സാംസണായിരുന്നു.
മാസങ്ങൾക്കിപ്പുറം ചാംപ്യൻസ് ട്രോഫി കൂടി മുന്നിൽ കണ്ട് ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ പരമ്പര കളിക്കാനിറങ്ങുമ്പോൾ അവസാന കളിയിൽ സെഞ്ചറി നേടിയ സഞ്ജുവിനെ ടീമിലേക്കു പരിഗണിക്കുക പോലും ചെയ്യാത്ത സാഹചര്യത്തിലാണ് തരൂരിന്റെ വിമർശനം. 15 അംഗ ടീമിൽ കെ.എൽ. രാഹുലും ഋഷഭ് പന്തുമാണു വിക്കറ്റ് കീപ്പർമാർ.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ അവസാന മത്സരത്തിൽ 114 പന്തുകൾ നേരിട്ട സഞ്ജു 108 റൺസെടുത്തു പുറത്തായിരുന്നു. ഏകദിന ശൈലിയിൽ ബാറ്റു വീശിയ മലയാളി താരം മൂന്ന് സിക്സുകളും ആറ് ഫോറുകളുമാണു ബൗണ്ടറി കടത്തിയത്. റിസാഡ് വില്യംസിന്റെ പന്തിൽ റീസ ഹെൻറിക്സ് ക്യാച്ചെടുത്താണു അന്ന് സഞ്ജുവിനെ പുറത്താക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 45.5 ഓവറില്‍ 218 റൺസെടുക്കാനേ ദക്ഷിണാഫ്രിക്കയ്‌ക്ക് കഴിഞ്ഞുള്ളൂ.