ADVERTISEMENT

മുംബൈ∙ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിനെതിരെ മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ്. എന്തുകൊണ്ടാണ് സഞ്ജുവിനു മാത്രം എപ്പോഴും ഇങ്ങനെ സംഭവിക്കുന്നതെന്ന് ദൊഡ്ഡ ഗണേഷ് എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചു. ‘‘സഞ്ജു സാംസണ് പകരം ശിവം ദുബെയെ ഏകദിന ടീമിലെടുത്തത് വിഡ്ഢിത്തമാണ്. പാവം സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന പരമ്പരയിൽ സെഞ്ചറി നേടിയതാണ്. എന്തുകൊണ്ടാണ് സഞ്ജുവിനു എപ്പോഴും ഇങ്ങനെ?’’– ദൊഡ്ഡ ഗണേഷ് ചോദിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ 78 റൺസിന് വിജയിച്ചപ്പോൾ സെഞ്ചറി നേടി കളിയിലെ താരമായത് സഞ്ജു സാംസണായിരുന്നു. 114 പന്തുകൾ നേരിട്ട സഞ്ജു 108 റൺസെടുത്തു പുറത്തായിരുന്നു. മലയാളി താരം മൂന്ന് സിക്സുകളും ആറ് ഫോറുകളുമാണു ബൗണ്ടറി കടത്തിയത്. റിസാഡ് വില്യംസിന്റെ പന്തിൽ റീസ ഹെൻറിക്സ് ക്യാച്ചെടുത്താണു മത്സരത്തിൽ സഞ്ജുവിനെ പുറത്താക്കിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 45.5 ഓവറില്‍ 218 റൺസെടുക്കാൻ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചത്.

ശ്രീലങ്കൻ പര്യടനത്തില്‍ രോഹിത് ശർമ നയിക്കുന്ന ഏകദിന ടീമിൽ ശുഭ്മൻ ഗില്ലാണു വൈസ് ക്യാപ്റ്റൻ. ഋഷഭ് പന്ത്, വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവർ ഏകദിന ടീമിലേക്കു മടങ്ങിയെത്തിയതോടെയാണ് സഞ്ജുവിന് ടീമിൽ അവസരമില്ലാതെ പോയത്. കെ.എൽ. രാഹുലും ഋഷഭ് പന്തുമാണ് ഏകദിന ടീമിലെ വിക്കറ്റ് കീപ്പർമാർ. ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു ഉണ്ടെങ്കിലും കളിക്കാൻ സാധ്യത കുറവാണ്. ഋഷഭ് പന്താണ് ട്വന്റി20 പരമ്പരയിലെ പ്രധാന വിക്കറ്റ് കീപ്പർ.

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പര്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടൻ സുന്ദർ, അർഷ്ദീപ് സിങ്, റിയാൻ പരാഗ്, അക്ഷര്‍ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.

English Summary:

Dodda Ganesh slams BCCI over Sanju Samson's selection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com