ADVERTISEMENT

മുംബൈ∙ രാജ്യാന്തര ട്വന്റി20യിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ, വിരമിക്കൽ പ്രഖ്യാപിക്കാത്ത ഏകദിന ഫോർമാറ്റിൽനിന്നും രവീന്ദ്ര ജഡേജയെ ‘മാറ്റിനിർത്തി’ സിലക്ടർമാർ. ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ട്വന്റി20 ടീമുകളെ പ്രഖ്യാപിച്ചപ്പോൾ, ശ്രദ്ധേയമായ അസാന്നിധ്യങ്ങളിലൊന്ന് രവീന്ദ്ര ജഡേജയുടേത്. ട്വന്റി20യിൽനിന്ന് താരം വിരമിച്ചതാണെങ്കിലും, കളിക്കാൻ തയാറായ ഏകദിന ടീമിലേക്കു പരിഗണിക്കാത്തതാണ് ശ്രദ്ധ നേടുന്നത്.

അടുത്ത വർഷം നടക്കുന്ന ചാംപ്യൻസ് ട്രോഫി ലക്ഷ്യമിട്ടാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടീമിനെ സിലക്ടർമാർ തിരഞ്ഞെടുത്തതെന്ന് വ്യക്തമാണ്. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിരാട് കോലിയും അംഗമാണ്. ട്വന്റി20 ലോകകപ്പ് വിജയത്തിനു ശേഷം വിശ്രമത്തിലായിരുന്ന ഇരുവരും, അവധി പോലും വെട്ടിച്ചിരുക്കി ടീമിന്റെ ഭാഗമായത് നിയുക്ത പരിശീലകൻ ഗൗതം ഗംഭീറിന്റെ ചാംപ്യൻസ് ട്രോഫി പദ്ധതികളുടെ ഭാഗമായാണ്.

ഈ ടീമിൽ രവീന്ദ്ര ജഡേജയ്ക്ക് സ്ഥാനം ലഭിക്കാതെ പോയതോടെ, താരത്തിന്റെ ഏകദിന കരിയറും ഏറെക്കുറെ പൂർണമായെന്ന് കരുതുന്നവരാണ് ഏറെയും. ഏകദിനത്തിൽ ജഡേജയ്ക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് അവർ പറയുന്നു. പ്രത്യേകിച്ചും ജഡേജയ്ക്കു പകരം അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ എന്നിവർ സിലക്ടർമാർ വിശ്വാസമർപ്പിച്ച സാഹചര്യത്തിൽ. ഇവർക്കു പുറമേ റിയാൻ പരാഗിനെയും സിലക്ടർമാർ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗൗതം ഗംഭീറിന്റെ കൃത്യമായ പദ്ധതികൾക്കനുസരിച്ച് തിരഞ്ഞടുത്ത ടീമിൽനിന്ന് ജഡേജ പുറത്തായതോടെ, അദ്ദേഹത്തിന്റെ പദ്ധതികളിൽ താരം ഉൾപ്പെട്ടിട്ടില്ലെന്ന് വ്യക്തമാണ്. പ്രത്യേകിച്ചും ചാംപ്യൻസ് ട്രോഫിക്കു മുന്‍പായി ഇന്ത്യയ്ക്കു മുന്നിൽ ശേഷിക്കുന്നത് ആകെ ആറു മത്സരങ്ങൾ മാത്രമാണ്. അതിൽ മൂന്നും ശ്രീലങ്കയ്‌ക്കെതിരായ ഈ പരമ്പരയിലാണ്.

അതേസമയം, ടെസ്റ്റിൽ ഇപ്പോഴും ഇന്ത്യ ഏറ്റവും ആശ്രയിക്കുന്ന താരങ്ങളിലൊരാളായി ഈ മുപ്പത്തഞ്ചുകാരൻ തുടരുകയും ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ഏകദിനത്തിൽ 197 മത്സരങ്ങളിൽനിന്ന് 32.42 ശരാശരിയിൽ 2756 റൺസാണ് ജഡേജയുടെ സമ്പാദ്യം. 87 റൺസാണ് ഉയർന്ന സ്കോർ. ഇത്രയും മത്സരങ്ങളിൽനിന്ന് 220 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ഇക്കോണമി റേറ്റ് 4.88 മാത്രം. 33 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 

English Summary:

Ravindra Jadeja Unlikely To Play ODIs For India Again, Says Reports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com