പാണ്ഡ്യയേക്കാൾ ഇഷ്ടം സൂര്യയ്ക്കു കീഴിൽ കളിക്കാനെന്ന് സഹതാരങ്ങൾ; ജോലിഭാരം ബാധിക്കാത്തയാൾ മതിയെന്ന് ഗംഭീറും!
Mail This Article
ന്യൂഡൽഹി∙ രോഹിത് ശർമ വിരമിച്ചതോടെ ഒഴിവുവന്ന ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തേക്ക് സൂര്യകുമാർ യാദവ് എത്തുന്നത് ടീമംഗങ്ങളുടെ ഉറച്ച പിന്തുണയോടെ. ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യയോ സൂര്യകുമാർ യാദവോ എന്ന് സിലക്ഷൻ കമ്മിറ്റി സംശയിച്ച ഘട്ടത്തിൽ, സഹതാരങ്ങൾ ഒന്നടങ്കം സൂര്യകുമാർ യാദവിനു കീഴിൽ അണിനിരന്നതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരെ നായകനാക്കണമെന്ന കാര്യത്തിൽ ബിസിസിഐ അഭിപ്രായം ആരാഞ്ഞ ഘട്ടത്തിലാണ്, പാണ്ഡ്യയേക്കാൾ സൂര്യകുമാറിനു കീഴിൽ കളിക്കാനാണ് താൽപര്യമെന്ന് താരങ്ങൾ അറിയിച്ചത്.
കുറച്ചു ദിവസം മുൻപുവരെ രോഹിത് ശർമയുടെ സ്വാഭാവിക പിൻഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്ന ഹാർദിക് പാണ്ഡ്യ, ഗൗതം ഗംഭീർ പരിശീലകനായി എത്തിയതോടെയാണ് ചിത്രത്തിൽനിന്ന് പതുക്കെ മാഞ്ഞുതുടങ്ങിയത്. ജോലിഭാരം നിമിത്തം സ്ഥിരമായി ടീമിൽനിന്ന് വിട്ടുനിൽക്കുന്ന, ഇടയ്ക്കിടെ പരുക്കിന്റെ പിടിയിലാകുന്ന ഒരാളെ നായകനായി കൊണ്ടുവരുന്നതിനോട് ഗംഭീറിന് കടുത്ത വിയോജിപ്പുണ്ടായിരുന്നതായാണ് വിവരം.
ഹാർദിക് പാണ്ഡ്യയെ വേണ്ടെന്നോ സൂര്യകുമാർ മതിയെന്നോ ഒരു ഘട്ടത്തിലും പറഞ്ഞില്ലെങ്കിലും, നിർണായ ടൂർണമെന്റുകൾക്കിടെ പോലും പരുക്കേറ്റു പിൻമാറിയ ചരിത്രമുള്ള ഒരാളെ, നായകനാക്കേണ്ടെന്നായിരുന്നു ഗംഭീറിന്റെ നിലപാട്. നിയുക്ത പരിശീലകന്റെ അഭിപ്രായം സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും അതേ അർഥത്തിൽ ഉൾക്കൊണ്ടതോടെയാണ് പാണ്ഡ്യയുടെ വഴിയടഞ്ഞത്.
ഇതിനു പിന്നാലെയാണ്, ആരെ നായകനാക്കണമെന്ന കാര്യത്തിൽ ടീമംഗങ്ങളുടെ അഭിപ്രായം തേടാൻ ബിസിസിഐ തീരുമാനിച്ചത്. സംസാരിച്ച താരങ്ങളിൽ ഏറെപ്പേരും പാണ്ഡ്യയേക്കാൾ സൂര്യകുമാറിനു കീഴിൽ കളിക്കാൻ താൽപര്യം അറിയിച്ചതോടെ, പുതിയ നായകന്റെ വരവിനു വഴിയൊരുങ്ങി. സ്ഥാനമൊഴിഞ്ഞ നായകൻ രോഹിത് ശർമയുടെ നിലപാടും സൂര്യകുമാരിന് അനുകൂലമായിരുന്നുവെന്നാണ് റിപ്പോർട്ട്.
നായകനെന്ന നിലയിൽ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയെ നയിച്ച ചരിത്രമുള്ള സൂര്യകുമാറിന്റെ ഇടപെടലുകൾ ബിസിസിഐ അധികൃതരിൽ മതിപ്പുളവാക്കിയിരുന്നു. ടൂർണമെന്റിനിടെ നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ ഇഷാൻ കിഷനെ ടീമിനൊപ്പം ചേർത്തുനിർത്താനുള്ള സൂര്യകുമാറിന്റെ ഇടപെടലുകൾ ടീം വൃത്തങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സഹതാരങ്ങളുടെ അഭിപ്രായങ്ങൾ സമന്വയിപ്പിച്ച് തീരുമാനങ്ങളെടുക്കുന്നതിൽ രോഹിത് ശർമയെ അനുസ്മരിപ്പിക്കുന്ന നായക ശൈലിയും സൂര്യയെ ടീമംഗങ്ങൾക്ക് പ്രിയങ്കരനാക്കി.