കോലിക്കെതിരെ പറഞ്ഞാൽ പിറ്റേന്ന് പത്രത്തിന്റെ മുൻപേജിൽ പേരു വരുമെന്ന് അറിയാം: മിശ്രയെ പരിഹസിച്ച് ഷമി
Mail This Article
മുംബൈ∙ പ്രശസ്തിയും അധികാരവും സൂപ്പർതാരം വിരാട് കോലിയുടെ സ്വഭാവത്തെത്തന്നെ മാറ്റിയെന്ന മുൻ ഇന്ത്യൻ താരം അമിത് മിശ്രയുടെ പരാമർശത്തെ കടുത്ത ഭാഷയിൽ വിമർശിച്ചും രൂക്ഷമായി പരിഹസിച്ചും ഇന്ത്യൻ താരം മുഹമ്മദ് ഷമി രംഗത്ത്. വിരാട് കോലിക്കെതിരെ സംസാരിച്ചാൽ പിറ്റേ ദിവസം സ്വന്തം പേര് പത്രങ്ങളുടെ മുൻപേജിൽ അച്ചടിച്ചു വരുമെന്ന് മുൻ ക്രിക്കറ്റ് താരങ്ങൾക്ക് അറിയാമെന്ന് മുഹമ്മദ് ഷമി പറഞ്ഞു. അതിനായി അവർ ബോധപൂർവം നടത്തുന്ന പരാമർശങ്ങളാണ് ഇതെന്നും ഷമി കൂട്ടിച്ചേർത്തു.
യുട്യൂബർ ശുഭാങ്കർ മിശ്രയുമായി സംസാരിക്കുമ്പോഴാണ് അമിത് മിശ്ര ഈ പരാമർശങ്ങൾ നടത്തിയതെങ്കിൽ, അതേ ചാറ്റ് ഷോയുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് മിശ്രയ്‌ക്കെതിരെ കടുത്ത പരിഹാസവുമായി ഷമി രംഗത്തെത്തിയത്. നിലവിലെ ഇന്ത്യൻ നായകൻ രോഹിത് ശർമയെയും വിരാട് കോലിയെയും താരതമ്യം ചെയ്യുമ്പോഴാണ്, പ്രശസ്തിയും അധികാരവും കോലിയുടെ സ്വഭാവത്തെയും ബാധിച്ചതായി മിശ്ര അഭിപ്രായപ്പെട്ടത്. പ്രശസ്തിയും അധികാരവും കൈവന്നെങ്കിലും, രോഹിത് ശർമ അന്നും ഇന്നും ഒരേയാൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘‘വിരാട് കോലിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ പിറ്റേന്നത്തെ പത്രങ്ങളുടെ മുൻ പേജിൽ പേരു വരുമെന്ന് മുൻ താരങ്ങൾക്ക് വ്യക്തമായി അറിയാം. അതിനായി അവർ ബോധപൂർവം നടത്തുന്ന പ്രസ്താനകളാണ് ഇതെല്ലാം’ – യുട്യൂബ് വിഡിയോയിൽ ശുഭാങ്കർ മിശ്രയുടെ ചോദ്യത്തിനു മറുപടിയായി മുഹമ്മദ് ഷമി പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തനിക്ക് ഏറ്റവും അടുപ്പമുള്ള പേരിൽ ഒരാൾ വിരാട് കോലിയാണെന്നും ഷമി വെളിപ്പെടുത്തി. ‘‘വിരാട് കോലിയും ഇഷാന്തും ശർമയുമാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. ഞാൻ പരുക്കേറ്റ് ടീമിനു പുറത്തായിരുന്ന ഘട്ടത്തിലും അവർ സ്ഥിരമായി വിളിച്ച് രോഗവിവരം ആരായുന്നുണ്ടായിരുന്നു’’ – ഷമി പറഞ്ഞു.
അമിത് മിശ്ര പറഞ്ഞത്:
ക്രിക്കറ്റ് താരമെന്ന നിലയിൽ എനിക്ക് വിരാട് കോലിയോട് ബഹുമാനമുണ്ട്. പക്ഷേ, സാധാരണയുള്ളതു പോലുള്ള ഒരു ബന്ധം എനിക്ക് കോലിയുമായിട്ടില്ല. എന്തുകൊണ്ടാണ് വിരാട് കോലിക്ക് സൗഹൃദങ്ങൾ അധികമില്ലാത്തത്? കോലിയുടെയും രോഹിത്തിന്റെയും ശൈലികൾ തീർത്തും വ്യത്യസ്തമാണ്. രോഹിത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നു ഞാൻ പറയാം. ഞാൻ ആദ്യമായി കാണുമ്പോഴും ഇന്നു കാണുമ്പോഴും രോഹിത് ഒരേ ആൾ തന്നെയാണ്. അങ്ങനെയുള്ളവരോടാണോ അതോ സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്നവരോടാണോ നമുക്കു കൂടുതൽ ബന്ധം സൂക്ഷിക്കാനാകുക?
വർഷങ്ങളായി ഞാൻ ഇന്ത്യൻ ടീമിന്റെ ഭാഗമല്ല. ഇപ്പോഴും ഐപിഎലിന്റെ സമയത്ത് ഉൾപ്പെടെ രോഹിത് ശർമയെ കാണുമ്പോൾ അദ്ദേഹം എന്നോടു പഴയതുപോലെ തന്നെ തമാശകൾ പറയും, ഇടപെടും. അദ്ദേഹത്തോടു സംസാരിക്കാൻ ചെല്ലുമ്പോൾ പ്രത്യേകിച്ച് സൂക്ഷിക്കേണ്ട യാതൊരു കാര്യവുമില്ല. ഞങ്ങൾക്ക് പരസ്പരം തമാശകൾ പറയാം. അദ്ദേഹം ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി വളർന്നെങ്കിലും ഞങ്ങൾക്ക് ആ പഴയ ബന്ധമുണ്ട്. ലോകകപ്പും അഞ്ച് തവണ ഐപിഎൽ കിരീടവും നേടിയ ക്യാപ്റ്റനാണ് രോഹിത് എന്ന് ഓർക്കണം.
വിരാട് കോലിയുടെ കാര്യത്തിൽ അങ്ങനെയല്ല. അദ്ദേഹത്തിന് സംഭവിച്ച മാറ്റങ്ങൾ കുറേയെല്ലാം നേരിൽ കണ്ടയാളാണ് ഞാൻ. അദ്ദേഹം ആകെ മാറിപ്പോയി. ഞങ്ങൾ തമ്മിൽ ഇപ്പോൾ സംസാരിക്കാറില്ലാത്ത അവസ്ഥയാണ്. പ്രശസ്തിയും അധികാരവും കൈവരുമ്പോൾ, ആളുകൾ അടുത്തു വരുന്നത് എന്തോ ഉദ്ദേശ്യം വച്ചാണെന്ന് അത്തരക്കാർ ചിന്തിക്കും. ഞാൻ അങ്ങനെ ആരുടെയും അടുത്തു പോകുന്നയാളല്ല. കോലിക്ക് 14 വയസ്സുള്ളപ്പോൾ മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. സ്ഥിരമായി സമൂസ കഴിച്ചിരുന്ന, എല്ലാ രാത്രികളിലും പീസ കഴിക്കാൻ കൊതിച്ചിരുന്ന കോലി. അന്നത്തെ കോലിയും ഇന്ത്യൻ ടീമിന്റെ നായകനായ കോലിയും തമ്മിൽ ഒരുപാടു മാറ്റങ്ങളുണ്ട്. എന്നെ കാണുമ്പോഴെല്ലാം വളരെ ആദരവോടെയാണ് കോലിയുടെ പെരുമാറ്റം. പക്ഷേ, അദ്ദേഹം ആ പഴയ ആളല്ലെന്ന് തീർച്ച.