ADVERTISEMENT

ബെംഗളൂരു∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കൊരു മടങ്ങിവരവെന്ന മോഹം കൈവിട്ടിട്ടില്ലെന്ന പ്രഖ്യാപനത്തോടെ, മഹാരാജ ട്വന്റി20 ടൂർണമെന്റിൽ തകർപ്പൻ സെഞ്ചറിയുമായി കരുൺ നായർ. കർണാടക ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മഹാരാജ ട്വന്റി20 ലീഗിൽ, മംഗളൂരു ഡ്രാഗൺസിനെതിരായ മത്സരത്തിലാണ്, മൈസൂരു വാരിയേഴ്സ് നായകനായ കരുൺ നായർ തകർപ്പൻ സെഞ്ചറിയുമായി ടീമിന്റെ വിജയശിൽപിയായത്. കരുൺ നായർ 48 പന്തിൽനിന്ന് 124 റൺസുമായി പുറത്താകാതെ നിന്ന മത്സരത്തിൽ മഴനിയമപ്രകാരം മൈസൂരു വാരിയേഴ്സ് നേടിയത് 27 റൺസ് വിജയം. 

ആദ്യം ബാറ്റു ചെയ്ത മൈസൂരു വാരിയേഴ്സ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 226 റൺസ്. മഴമൂലം മംഗളൂരു ഡ്രാഗൺസിന്റെ വിജയലക്ഷ്യം 14 ഓവറിൽ 166 റൺസായി പുനർനിർണയിച്ചെങ്കിലും, അവർക്ക് നിശ്ചിത ഓവറിൽ നേടാനായത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് മാത്രം. 

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മൈസൂരു വാരിയേഴ്സിനായി, വൺഡൗണായാണ് കരുൺ നായർ ക്രീസിലെത്തിയത്. തകർത്തടിച്ച് മുന്നേറിയ കരുൺ 48 പന്തൽ 13 ഫോറും ഒൻപതു സിക്സും സഹിതമാണ് 124 റൺസെടുത്തത്. മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ ഓപ്പണർ കാർത്തിക് പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ താരം, ഇന്നിങ്സ് അവസാനിക്കുമ്പോഴും പുറത്താകാതെ നിന്നു.

കരുണിനു പുറമേ മനോജ് ഭണ്ഡാഗെ (14 പന്തിൽ പുറത്താകാതെ 31), എസ്.യു. കാർത്തിക് (26 പന്തിൽ 23), രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ് (12 പന്തിൽ 16) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ മനോജിനൊപ്പം 29 പന്തിൽനിന്നും 85 റൺസ് അടിച്ചുകൂട്ടിയാണ് കരുൺ ടീമിനെ 226ൽ എത്തിച്ചത്. മംഗളൂരു ഡ്രാഗൺസിനായി അഭിലാഷ് ഷെട്ടി രണ്ടും നിശ്ചിത് എൻ റാവു, എം.ബി. ദർശൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ മംഗളൂരു ഡ്രാഗൺസിനായി വിക്കറ്റ് കീപ്പർ ബാറ്റർ കൃഷ്ണമൂർത്തി സിദ്ധാർഥ് അർധസെഞ്ചറി നേടി. 27 പന്തുകൾ നേരിട്ട താരം 50 റൺസെടുത്ത് പുറത്തായി. മൈസൂരുവിനായി അജിത് കാർത്തിക്, ജഗദീശ സുചിത് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. വിദ്യാധർ പാട്ടീൽ, ദീപക് ദേവഡിഗ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

‘‘എന്നത്തേയും പോലെ ഇപ്പോഴും എനിക്ക് ബാറ്റു ചെയ്യാനാകുന്നുണ്ടെന്നാണ് തോന്നുന്നത്. എനിക്ക് ഇത്തവണ നന്നായി കളിക്കാനാകുന്നുണ്ട്. എവിടെയാണെങ്കിലും ലഭിക്കുന്ന അവസരം മുതലെടുക്കാനാണ് ശ്രമം. ഇന്ത്യൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തുന്നതും സ്വപ്നം കണ്ടാണ് ഇന്നും ഉണരുന്നത്. അതാണ് എന്റെ ഊർജം. കിരീടങ്ങളാണ് ലക്ഷ്യം. കഴിഞ്ഞ സീസണിൽ ര‍ഞ്ജി ട്രോഫി നേടാനായില്ല. അത് ഇത്തവണ തിരുത്തും’ – കരുൺ നായർ പറഞ്ഞു. 

2016ൽ ഇംഗ്ലണ്ടിനെതിരായ തന്റെ മൂന്നാമത്തെ മാത്രം ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചറിയുമായി വരവറിയിച്ച കരുൺ നായർക്ക്, പിന്നീട് കാര്യമായ അവസരങ്ങൾ കിട്ടിയിരുന്നില്ല. ആകെ ആറു ടെസ്റ്റുകൾ നീണ്ട കരിയറിൽ 62.33 ശരാശരിയിൽ 374 റണ്‍സാണ് കരുണിന്റെ സമ്പാദ്യം.

English Summary:

India's forgotten hero smashes 9 sixes and 13 fours, sends message to selectors for team India return

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com