ഞാൻ ഇന്ത്യയിലെ മികച്ച സ്പിന്നർമാരിൽ ഒരാൾ; എന്നെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തൂ, കളിക്കാൻ റെഡി: തമിഴ്നാട് താരം
Mail This Article
ചെന്നൈ∙ ഇന്ത്യയ്‌ക്കായി ടെസ്റ്റ് കളിക്കാൻ തയാറാണെന്ന പ്രഖ്യാപനത്തോടെ തമിഴ്നാട്ടിൽ നിന്നുള്ള യുവ സ്പിന്നർ രംഗത്ത്. രാജ്യാന്തര ട്വന്റി20യിൽ ഇതിനകം മൂന്ന് മത്സരങ്ങൾ കളിച്ചിട്ടുള്ള ഇരുപത്തേഴുകാരൻ സായ് കിഷോറാണ്, ഇന്ത്യയ്‌ക്കായി ടെസ്റ്റ് കളിക്കാൻ താൻ തയാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. തമിഴ്നാടിനായി 39 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 54 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് സായ് കിഷോർ. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഉടൻ തിരഞ്ഞെടുക്കാനിരിക്കെയാണ്, താൻ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കാൻ തയാറാണെന്ന സായ് കിഷോറിന്റെ പ്രഖ്യാപനം.
ബംഗ്ലദേശ് പരമ്പരയ്ക്കുള്ള ടീം തിരഞ്ഞെടുപ്പിൽ നിർണായ സ്വാധീനം ചെലുത്തുമെന്നു കരുതുന്ന ദുലീപ് ട്രോഫി ടീമിൽ സായ് കിഷോർ ഇടംപിടിച്ചിരുന്നു.
‘‘ഇപ്പോൾ എനിക്ക് വലിയ ആത്മവിശ്വാസം തോന്നുന്നു. ഇത്തരമൊരു ശൈലിയിൽ ഞാൻ ഇതുവരെ പരിശീലിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഐപിഎലിൽ കളിക്കുന്നതിനു മുൻപേ ഇത്തരമൊരു പരിശീലനത്തിന് അവസരം ലഭിച്ചിരുന്നെങ്കിൽ നന്നായിരുന്നുവെന്നു തോന്നുന്നു. പുലർച്ചെ നാലു മണിക്ക് എഴുന്നേൽക്കണം. തുടർന്ന് ബോളിങ് ഉൾപ്പെടെ പരിശീലനമാണ്.
‘‘ഈ പ്രീ സീസണിലേതുപോലെ കഴിഞ്ഞ 4–5 വർഷമായി ഞാൻ പരിശീലനത്തിന് ഇത്രയധികം സമയം ചെലവഴിച്ചിട്ടില്ല. ഐപിഎലിന്റെ സമയത്ത് നമുക്ക് വേണ്ടത്ര സമയം ലഭിക്കില്ല. ഇത്തവണ തമിഴ്നാട് പ്രിമിയർ ലീഗിനു ശേഷം എനിക്ക് 15–20 ദിവസം ഇടവേള ലഭിച്ചു. അത് മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനാണ് ശ്രമം.
‘‘രാജ്യത്ത് നിലവിലുള്ളവരിൽ മികച്ച സ്പിന്നർമാരിൽ ഒരാളാണ് ഞാൻ എന്നാണ് കരുതുന്നത്. എന്നെ ടെസ്റ്റ് ടീമിലേക്കു കൂടി പരിഗണിക്കൂ. അവിടെ കളിക്കാന‍് ഞാൻ തയാറാണ്. എനിക്ക് ആശങ്കകളൊന്നുമില്ല. ഇന്ത്യൻ ടീമിൽ ജഡേജയ്‌ക്കൊപ്പം കളിച്ചാൽ കൊള്ളാമെന്നുണ്ട്. ചെന്നൈ സൂപ്പർ കിങ്സിൽ ഞാൻ ജഡേജയ്‌ക്കൊപ്പമുണ്ടായിരുന്നു. പക്ഷേ, റെഡ് ബോൾ ക്രിക്കറ്റിൽ അദ്ദേഹത്തിനൊപ്പം കളിച്ചിട്ടില്ല. ജഡേജയ്‌ക്കൊപ്പം ഒരു അവസരം ലഭിച്ചാൽ നല്ലൊരു അനുഭവമായിരിക്കും. എനിക്ക് ആത്മവിശ്വാസമുള്ളതുകൊണ്ടാണ് ഇതെല്ലാം പറയുന്നത്. എന്നത്തേയുംകാൾ ഞാൻ ഇപ്പോൾ തയാറാണ്’ – സായ് കിഷോർ പറഞ്ഞു.