‘ഫൈനലിൽ ബുമ്രയുടെ ഓവറുകൾ നേരത്തേ തീർത്തപ്പോൾ സംശയിച്ചവരുണ്ട്; രോഹിത് എന്താണീ ചെയ്യുന്നതെന്ന് പരിശീലകർക്കും തോന്നും’
Mail This Article
ന്യൂഡൽഹി∙ ഇന്ത്യയ്‍ക്ക് ട്വന്റി20 ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റൻ രോഹിത് ശർമയെ പുകഴ്ത്തി മുൻ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡ് രംഗത്ത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ അപൂർവം താരങ്ങൾക്കു മാത്രം ലഭിച്ചിട്ടുള്ള പിന്തുണയാണ് ടീമംഗങ്ങളിൽനിന്ന് രോഹിത്തിന് ലഭിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ടീമിന്റെ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ രോഹിത്തിന്റെ പങ്കിനേയും അദ്ദേഹം പ്രശംസിച്ചു. തരുവാർ കോലിയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുമ്പോഴാണ്, ഇതുമായി ബന്ധപ്പെട്ട് വിക്രം റാത്തോഡ് പ്രതികരിച്ചത്.
‘‘ടീമിന്റെ മൊത്തത്തിലുള്ള തന്ത്രങ്ങളും ഓരോ കളിയിലും സ്വീകരിക്കേണ്ട ഗെയിം പ്ലാനുകളും രൂപപ്പെടുത്തുന്നതിൽ ഇത്രമാത്രം ശ്രദ്ധവയ്ക്കുന്ന ഒരു ക്യാപ്റ്റനെ ഞാൻ മുൻപ് കണ്ടിട്ടില്ല. ടോസ് കിട്ടിയാൽ ബാറ്റിങ്ങാണോ ബോളിങ്ങാണോ എടുക്കേണ്ടതെന്ന് ചിലപ്പോൾ രോഹിത് മറന്നേക്കാം. അദ്ദേഹത്തിന്റെ ഐപാഡും ഫോണും ടീം ബസിൽവച്ച് മറക്കാനും ഇടയുണ്ട്. പക്ഷേ, തന്റെ ഗെയിം പ്ലാൻ ഒരു സാഹചര്യത്തിലും രോഹിത് മറക്കില്ല. ഇക്കാര്യത്തിൽ രോഹിത്തിന് അസാമാന്യ മികവുണ്ട്’ – വിക്രം റാത്തോഡ് വിശദീകരിച്ചു.
‘‘ടീമിന്റെ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനായി ഒട്ടേറെ സമയമാണ് രോഹിത് മാറ്റിവയ്ക്കുന്നത്. ബോളർമാരുടെ യോഗങ്ങളിലും ബാറ്റർമാരുടെ യോഗങ്ങളിലും അദ്ദേഹം തുടർച്ചയായി പങ്കെടുക്കും. അവരുടെ ചിന്തകളും ആശയങ്ങവും മനസ്സിലാക്കുന്നതിനായി അദ്ദേഹം എത്ര സമയം വേണമെങ്കിലും അവർക്കൊപ്പം ചെലവഴിക്കും. താരങ്ങൾക്കൊപ്പം വളരെയധികം സമയം ചെലവഴിക്കുന്ന നായകനാണ് രോഹിത്.
‘‘ഒരു ബാറ്ററെന്ന നിലയിൽ അസാമാന്യ മികവുള്ള താരമാണ് എന്നതുതന്നെയാണ് രോഹിത്തിന്റെ ഏറ്റവും മികച്ച ഗുണം. കളിയെ ഇത്ര ആഴത്തിൽ അപഗ്രഥിക്കുന്ന മറ്റൊരാളാണ്ടാകില്ല. തന്റെ ഗെയിം പ്ലാനിനെക്കുറിച്ച് അത്രയധികം വ്യക്തത രോഹിത്തിനുണ്ട്’ – വിക്രം റാത്തോഡ് പറഞ്ഞു.
രോഹിത് കളത്തിൽ സ്വീകരിക്കുന്ന ചില തീരുമാനങ്ങൾ പെട്ടെന്നുണ്ടാകുന്നവയാണെന്നും, പുറത്തിരിക്കുന്ന കോച്ചിങ് സ്റ്റാഫിലെ അംഗങ്ങളേപ്പോലും ഈ തീരുമാനങ്ങൾ ഞെട്ടിക്കാറുണ്ടെന്നും വിക്രം റാത്തോഡ് വെളിപ്പെടുത്തി.
‘‘കളിക്കിടയിൽ രോഹിത് കൈക്കൊള്ളുന്ന ചില തീരുമാനങ്ങൾ ആ നിമിഷം സ്വീകരിക്കുന്നതായിരിക്കും. പുറത്തിരിക്കുന്ന പരിശീലകരേപ്പോലും അദ്ദേഹത്തിന്റെ ചില തീരുമാനങ്ങൾ ഞെട്ടിക്കാറുണ്ട്. രോഹിത് എന്താണ് ഈ ചെയ്യുന്നതെന്ന് പരിശീലകർക്കു പോലും തോന്നിപ്പോകും. പക്ഷേ, ചെയ്തതിലെ ശരി പിന്നാലെ മനസ്സിലാകുകയും ചെയ്യും.’
‘‘ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പ് ഫൈനലിൽ, ജസ്പ്രീത് ബുമ്രയുടെ ഓവറുകൾ രോഹിത് പതിവിലും നേരത്തേ എറിഞ്ഞുതീർത്തു. അവസാന രണ്ട് ഓവർ ബാക്കിനിൽക്കെ രോഹിത് അപ്രകാരം ചെയ്തത് ഒരുപക്ഷേ പലരുടെയും നെറ്റി ചുളിപ്പിച്ചിട്ടുണ്ടാകും. രോഹിത് അങ്ങനെ ചെയ്തതുകൊണ്ട് എന്താണ് സംഭവിച്ചത്? അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് ജയിക്കാൻ 16 റൺസ് വേണമെന്ന അവസ്ഥയായി.’ – റാത്തോഡ് ചൂണ്ടിക്കാട്ടി.