‘ഭാര്യാപിതാവ് അർഷാദിന് എരുമയെ സമ്മാനിച്ചതിൽ അദ്ഭുതമില്ല; എനിക്ക് 10–50 കിലോ നെയ്യ് വരെ കിട്ടിയിട്ടുണ്ട്’
Mail This Article
ന്യൂഡൽഹി∙ പാരിസ് ഒളിപിക്സിൽ ജാവലിൻ ത്രോയിൽ ഒളിംപിക് റെക്കോർഡോടെ സ്വർണം നേടിയ പാക്കിസ്ഥാൻ താരം അർഷാദ് നദീമിന് ഭാര്യാപിതാവ് എരുമയെ സമ്മാനിച്ചതിൽ പ്രതികരണവുമായി ഇന്ത്യൻ താരം നീരജ് ചോപ്ര. അർഷാദിന് ഭാര്യാപിതാവ് എരുമയെ സമ്മാനിച്ചതിൽ അദ്ഭുതമില്ലെന്ന് നീരജ് പ്രതികരിച്ചു. തന്റെ നാടായ ഹരിയാനയിലും ഇത്തരം നേട്ടങ്ങള്‍ക്കുള്ള സമ്മാനമായി എരുമകളെയും കിലോക്കണക്കിന് നെയ്യുമെല്ലാം കൊടുക്കാറുണ്ടെന്ന് നീരജ് വ്യക്തമാക്കി. ഓൺലൈൻ അഭിമുഖത്തിലാണ് നീരജ് ചോപ്രയുടെ പ്രതികരണം.
‘‘ഇത്തരം സമ്മാനങ്ങൾ എനിക്കും കിട്ടാറുണ്ട്. ഒരിക്കൽ നാടൻ നെയ്യാണ് എനിക്ക് സമ്മാനമായി ലഭിച്ചത്. ഹരിയാനയിൽ ഞങ്ങൾക്ക് പത്തും അൻപതും കിലോ നാടൻ നെയ്യൊക്കെ സമ്മാനമായി ലഭിക്കാറുണ്ട്. കിലോക്കണക്കിന് ലഡു സമ്മാനമായി ലഭിക്കുന്ന സന്ദർഭങ്ങളുമുണ്ട്’ – നീരജ് ചോപ്ര വിശദീകരിച്ചു.
‘‘മത്സരങ്ങൾക്ക് ഇറങ്ങും മുൻപേ നമുക്ക് വിവിധ വാഗ്ദാനങ്ങൾ ലഭിക്കും. നീരജ് ഈ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയാൽ ഞാൻ 50 കിലോ നാടൻ നെയ്യ് സമ്മാനമായി നൽകും എന്നൊക്കെ ചിലർ വാഗ്ദാനം ചെയ്യും. എന്റെ കുട്ടിക്കാലം മുതലേ ഇത്തരം വാഗ്ദാനങ്ങളും സമ്മാനങ്ങളും ലഭിക്കാറുണ്ട്.
‘‘ഞാൻ ജനിച്ചുവളർന്ന സ്ഥലത്ത് ഗുസ്തിയും കബഡിയുമെല്ലാം വളരെ ജനപ്രിയമായ കായിക ഇനങ്ങളാണ്. നെയ്യ് കഴിച്ചാൽ കരുത്തുകൂടുമെന്ന വിശ്വാസത്തിന്റെ പുറത്താണ് കായികതാരങ്ങൾക്ക് നെയ്യ് സമ്മാനിക്കുന്നത്. എരുകളെയും ഞങ്ങളുടെ നാട്ടിൽ സമ്മാനമായി നൽകാറുണ്ട്. ഗുസ്തി താരങ്ങൾക്കും കബഡി താരങ്ങൾക്കും ഇതിനെല്ലാം പുറമേ ബുള്ളറ്റ് മോട്ടർ ബൈക്കുകളും ട്രാക്ടറുകളും സമ്മാനമായി ലഭിക്കാറുണ്ട്’– നീരജ് ചോപ്ര പറഞ്ഞു.
നേരത്തേ, പിതാവ് എരുമയെ സമ്മാനമായി തരുന്ന വിവരം ഭാര്യയാണ് തന്നെ അറിയിച്ചതെന്നും, 5–6 ഏക്കർ സ്ഥലമെങ്കിലും തരുമെന്നാണ് കരുതിയതെന്നും അർഷാദ് നദീം തമാശരൂപേണ പ്രതികരിച്ചിരുന്നു. പാരിസിൽ 92.97 മീറ്റർ ദൂരം കണ്ടെത്തി ഒളിംപിക് റെക്കോർഡോടെ അർഷാദ് നദീം സ്വർണം നേടിയതിനു പിന്നാലെയാണ് ഭാര്യാപിതാവ് മുഹമ്മദ് നവാസ് താരത്തിന് എരുമയെ സമ്മാനിച്ചത്.
മെഡൽ നേട്ടത്തിനു പിന്നാലെ പാക്കിസ്ഥാനിൽ തിരിച്ചെത്തിയ അർഷാദ് നദീം, ഒരു പാക്കിസ്താൻ മാധ്യമപ്രവർത്തകനു നൽകിയ അഭിമുഖത്തിനിടെയാണ്, ഭാര്യാപിതാവിന്റെ സമ്മാനത്തെക്കുറിച്ച് തമാശരൂപേണ പ്രതികരിച്ചത്. ‘‘പിതാവ് എരുമയെ സമ്മാനമായി നൽകുന്ന വിവരം ഇവളാണ് (ഭാര്യ) എന്നോടു പറഞ്ഞത്. സമ്മാനം എരുമയോ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം എനിക്ക് 5–6 ഏക്കർ സ്ഥലമെങ്കിലും തരേണ്ടതായിരുന്നു. എരുമയും നല്ല സമ്മാനമാണ്. ദൈവം സഹായിച്ച് അദ്ദേഹത്തിന്റെ കയ്യിൽ നല്ല പണമുണ്ട്. മാത്രമല്ല, എനിക്ക് എരുമയെ സമ്മാനമായി നൽകുകയും ചെയ്തു’ – അർഷാദ് നദീം പറഞ്ഞു.