ഇതു വലിയ പ്ലാറ്റ്ഫോം: ക്രിക്കറ്റ് താരങ്ങൾക്ക് ദേശീയ ശ്രദ്ധ നേടാമെന്ന് മോഹൻലാൽ
Mail This Article
തിരുവനന്തപുരം ∙ ഒരു ടൂർണമെന്റ് എന്നതിലുപരി കേരളത്തിലെ ക്രിക്കറ്റ് താരങ്ങൾക്ക് മികച്ച പ്രകടനം കൊണ്ട് ദേശീയ ശ്രദ്ധ നേടാൻ കഴിയുന്ന വലിയ പ്ലാറ്റ്ഫോമാണ് കെസിഎൽ എന്ന് ലീഗിന്റെ അംബാസഡർ കൂടിയായ നടൻ മോഹൻലാൽ. ടീം സ്പിരിറ്റിന്റെ ആഘോഷമായ ക്രിക്കറ്റ് അഭിമാനത്തോടും ആത്മവിശ്വാസത്തോടും ആസ്വദിച്ചു കളിക്കാൻ അദ്ദേഹം താരങ്ങളോട് ആഹ്വാനം ചെയ്തു.
പ്രഥമ കെസിഎലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ്.കുമാർ, കെസിഎൽ ചെയർമാൻ നാസിർ മച്ചാൻ എന്നിവരും സംബന്ധിച്ചു. ഗായകൻ അരുൺ വിജയ് ലീഗിന്റെ ഔദ്യോഗിക ഗാനം ആലപിച്ചു. കളരിയും തെയ്യവും മോഹിനിയാട്ടവും ഭരതനാട്യവും അടക്കമുള്ള പാരമ്പര്യ കലാരൂപങ്ങളുടെ പ്രകടനവും അകമ്പടിയായി.
കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ലീഗിൽ കാണികൾക്ക് പ്രവേശനം സൗജന്യമാണ്. ദിവസവും ഉച്ചയ്ക്ക് 2.30നും വൈകിട്ട് 6.45നുമാണ് മത്സരങ്ങൾ. 18ന് ആണ് ഫൈനൽ. 64 ലക്ഷത്തോളം രൂപ സമ്മാനത്തുകയുള്ള ലീഗിൽ ചാംപ്യൻമാർക്ക് 30 ലക്ഷവും റണ്ണറപ്പിന് 20 ലക്ഷവും സെമി ഫൈനലിസ്റ്റുകൾക്ക് 5 ലക്ഷം വീതവുമാണ് ലഭിക്കുക. ഓരോ മത്സരത്തിലെയും മാൻ ഓഫ് ദ് മാച്ചിന് 10000 രൂപ വീതം സമ്മാനവുമുണ്ട്.