കേരള ക്രിക്കറ്റ് ലീഗിൽ മഴക്കളി, ട്രിവാൻഡ്രം റോയൽസിന് ഒരു റൺ വിജയം; അബ്ദുൽ ബാസിത് കളിയിലെ താരം
Mail This Article
തിരുവനന്തപുരം∙ കേരളാ ക്രിക്കറ്റ് ലീഗിൽ ആദ്യദിനത്തിലെ രണ്ടാം മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് വിജയം. മഴ രണ്ടുതവണ തടസപ്പെടുത്തിയ മത്സരത്തിൽ വിജെഡി മെത്തേഡ് പ്രകാരമാണു വിജയിയെ തീരുമാനിച്ചത്. കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ ഒരു റണ്ണിനാണ് ട്രിവാൻഡ്രം റോയൽസിന്റെ വിജയം. ട്രിവാന്‍ഡ്രം റോയല്‍സിനു വേണ്ടി ക്യാപ്റ്റന്‍ അബ്ദുൽ ബാസിത് നാല് ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റ് സ്വന്തമാക്കി.
ടോസ് നേടിയ ട്രിവാന്‍ഡ്രം റോയല്‍സ് ഫീല്‍ഡിങ് തിരഞ്ഞടുക്കുകയായിരുന്നു. കൊച്ചിന്‍ ബ്ലൂ ടൈഗേഴ്‌സ് 19.5 ഓവറില്‍ 122 റണ്‍സിന് ഓള്‍ ഔട്ടായി. കൊച്ചിക്കുവേണ്ടി ഓപ്പണര്‍ ജോബിന്‍ ജോബിക്കു മാത്രമാണ് മികച്ച പ്രകടനം നടത്താൻ സാധിച്ചത്. 34 പന്തുകൾ നേരിട്ട താരം 48 റൺസെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി. വിഷ്ണു രാജിനെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ പുറത്താക്കിയത് ബേസില്‍ തമ്പി.
മഴയെ തുടർന്ന് കളി അവസാനിപ്പിക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 83 റൺസെന്ന നിലയിലായിരുന്നു ട്രിവാൻഡ്രം റോയൽസ്. തുടർന്നാണ് റൺ റേറ്റ് പരിഗണിച്ച് ട്രിവാൻഡ്രം റോയൽസ് ഒരു റണ്ണിന് വിജയിച്ചതായി പ്രഖ്യാപിച്ചത്. ബേസിൽ തമ്പി മൂന്ന് ഓവറിൽ 10 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ട്രിവാൻഡ്രം റോയൽസിന് വേണ്ടി ജോഫിൻ ജോസ് നാലു ബൗണ്ടറി അടക്കം 19 പന്തിൽ നിന്ന് 22 റൺസ് സ്വന്തമാക്കി. 29 പന്തിൽ 24 റൺസെടുത്ത ഗോവിന്ദ് പൈ പുറത്താകാതെനിന്നു. അബ്ദുൽ ബാസിതാണ് കളിയിലെ താരം.