ADVERTISEMENT

മറ്റു സംസ്ഥാനങ്ങൾ തങ്ങളുടെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകൾ വഴി ഇന്ത്യൻ പ്രിമിയർ ലീഗിലേക്കും (ഐപിഎൽ) ഇന്ത്യൻ ടീമിലേക്കും കളിക്കാരെ ഇടതടവില്ലാതെ കയറ്റിവിടുന്നതു കാണുമ്പോഴെല്ലാം നമുക്കും വേണം സ്വന്തമായി ഒരു ക്രിക്കറ്റ് ലീഗ് എന്ന് കേരള ക്രിക്കറ്റ് ആരാധകർ ആഗ്രഹിച്ചതാണ്. അൽപം വൈകിയെങ്കിലും കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) രൂപത്തിൽ ആ ആഗ്രഹം സഫലമായിരിക്കുന്നു.

 6 ടീമുകളുമായി പ്രഥമ കെസിഎൽ സീസണ് തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഇന്നലെ കൊടിയേറിയപ്പോൾ പ്രതീക്ഷയുടെ വെള്ളിവെളിച്ചം വീശുന്നത് നൂറിലേറെ മലയാളി ക്രിക്കറ്റ് താരങ്ങളുടെ ഭാവിയിലേക്കു കൂടിയാണ്. ലീഗിന്റെ സംപ്രേഷണം സ്റ്റാർ സ്പോർട്സ് ഏറ്റെടുത്തതോടെ ടൂർണമെന്റിന് ദേശീയ തലത്തിൽ പ്രചാരം ലഭിക്കും. ഇതുവഴി ഐപിഎൽ ടീമുകളുടെ ടാലന്റ് സ്കൗട്ടുകളുടെ ശ്രദ്ധ ക്ഷണിക്കാനാകും എന്നാണ് സംഘാടകരുടെ പ്രതീക്ഷ.

അയലത്തെ മാതൃക 

2016ൽ തുടങ്ങി 8 സീസണുകൾ പിന്നിടുമ്പോൾ ഒരു ഡസനിലേറെ താരങ്ങൾക്ക് ഐപിഎലിലും അര ഡസനോളം താരങ്ങൾക്ക് ഇന്ത്യൻ ടീമിലും അവസരം ഒരുക്കാൻ തമിഴ്നാട് പ്രിമിയർ ലീഗിന് (ടിഎൻപിഎൽ) സാധിച്ചിട്ടുണ്ട്. ടി.നടരാജൻ, സായ് കിഷോർ, ഷാറൂഖ് ഖാൻ, വരുൺ ചക്രവർത്തി, വിജയ് ശങ്കർ തുടങ്ങിയവരുടെ തലവര മാറ്റിയെഴുതിയത് ടിഎൻപിഎലായിരുന്നു. ഗുജറാത്ത് ടൈറ്റൻസിന്റെ ഭാഗമായ മലയാളി താരം സന്ദീപ് വാരിയർക്ക് ഐപിഎലിലേക്കുള്ള വഴിയൊരുക്കിയതും ടിഎൻപിഎൽ തന്നെ. അയലത്തെ ഈ വിജയമാതൃകയുടെ ചുവടുപിടിച്ചാണ് കേരള ക്രിക്കറ്റ് അസോസിയേഷനും ഫ്രാഞ്ചൈസി ലീഗിലേക്ക് തിരിഞ്ഞത്.

മോശമാക്കാതെ മറ്റു ലീഗുകളും

കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ മഹാരാജ ട്വന്റി20 ലീഗ്, ആന്ധ്ര ക്രിക്കറ്റ് ലീഗ്, യുപി ടി20 ലീഗ്, ഡൽഹി പ്രിമിയർ ലീഗ്, പുതുച്ചേരി പ്രിമിയർ ലീഗ് തുടങ്ങി ആഭ്യന്തര ക്രിക്കറ്റിലെ പ്രധാന അസോസിയേഷനുകളെല്ലാം തങ്ങളുടെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകൾ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യൻ പേസർ ഭുവനേശ്വർ കുമാർ ഉൾപ്പെടെയുള്ളവരാണ് യുപി ലീഗിലെ പ്രധാനികൾ.

English Summary:

Kerala Cricket League to change the career of Keralite cricket stars

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com